മുല്ലപ്പെരിയാര്‍ ജലനിരപ്പ് 139.5 അടിയായി നിലനിര്‍ത്തണം: സുപ്രീം കോടതി; നവംബര്‍ 11 ന് കേസ് വീണ്ടും പരിഗണിക്കും.

മുല്ലപ്പെരിയാര്‍ ജലനിരപ്പ് 139.5 അടിയായി നിലനിര്‍ത്തണം: സുപ്രീം കോടതി; നവംബര്‍ 11 ന് കേസ് വീണ്ടും പരിഗണിക്കും.


ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് 139.5 അടിയായി നിലനിര്‍ത്തണമെന്ന് സുപ്രീം കോടതി. മേല്‍നോട്ട സമിതിയുടെ തീരുമാനം അംഗീകരിച്ചാണ് സുപ്രീംകോടതി ഉത്തരവ്. നവംബര്‍ 10 വരെ ഈ ജലനിരപ്പ് തുടരണമെന്നും സുപ്രീം കോടതി വ്യക്തമാക്കി. നവംബര്‍ 11 ന് കേസ് വീണ്ടും പരിഗണിക്കും.

മുല്ലപെരിയാര്‍ ഡാമിലെ റൂള്‍ കര്‍വിനെ കുറിച്ച് കേരളം ഉന്നയിച്ച കാര്യങ്ങളില്‍ വിശദമായ വാദം അന്ന് കേള്‍ക്കും. അതിന് മുമ്പ് ഇക്കാര്യത്തില്‍ വിശദമായ സത്യവാങ്മൂലം കേരളം സമര്‍പ്പിക്കണം. കേസിന്റെ വാദത്തിനിടെ മേല്‍നോട്ട സമിതിക്കെതിരെ കേരളം രംഗത്തെത്തി.

തമിഴ്‌നാടിന്റെ റൂള്‍കര്‍വുമായി മുന്നോട്ട് പോകാനാവില്ലെന്നായിരുന്നു കേരളത്തിന്റെ നിലപാട്. ജസ്റ്റിസ് എ.എന്‍.ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചാണ് മുല്ലപ്പെരിയാര്‍ കേസ് പരിഗണിക്കുന്നത്.

നിലവിലുള്ള ഡാം ഡീക്കമ്മീഷന്‍ ചെയ്യണമെന്നും ശാശ്വത പരിഹാരം പുതിയ ഡാമാണെന്നും കേരളം കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ മുല്ലപ്പെരിയാര്‍ ഡാമില്‍ ഈ മാസത്തെ റൂള്‍ കര്‍വ് പ്രകാരം അംഗീകരിച്ച 138 അടി ജലനിരപ്പില്‍ മാറ്റം വേണ്ടെന്നാണ് മേല്‍നോട്ട സമിതി കഴിഞ്ഞ ദിവസം സുപ്രീം കോടതിയെ അറിയിച്ചത്.

അതേസമയം മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 138 അടി കടന്നു. രാവിലെ അഞ്ചിന് രേഖപ്പെടുത്തിയ കണക്ക് പ്രകാരം 138.05 അടിയാണ് നിലവിലെ ജലനിരപ്പ്. വൃഷ്ടി പ്രദേശത്ത് നിന്ന് സെക്കന്‍ഡില്‍ 5800 ഘനയടി ജലമാണ് അണക്കെട്ടിലേക്ക് ഒഴുകി എത്തുന്നത്. ഇന്നലെ രാത്രി അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് മഴ ശക്തമായിരുന്നു.

തമിഴ്‌നാട് സെക്കന്‍ഡില്‍ 2300 ഘനയടി വെള്ളമാണ് ടണല്‍ വഴി വൈഗ അണക്കെട്ടിലേക്ക് കൊണ്ടു പോകുന്നത്. ജലനിരപ്പ് 138 അടിയിലേക്ക് എത്തിയതോടെ രണ്ടാമത്തെ മുന്നറിയിപ്പ് തമിഴ്‌നാട് കേരളത്തിന് നല്‍കി. പുലര്‍ച്ചെ മൂന്നു മണിക്കാണ് ജലനിരപ്പ് 138 അടി പിന്നിട്ടത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.