കൊച്ചി: റോ മുൻസിപ്പൽ കൗൺസിലായി മട്ടാഞ്ചേരി സ്വദേശി തെരേസ പുതൂർ തെരഞ്ഞെടുക്കപ്പെട്ടു. കൗൺസിൽ പദവി തെരേസ ഇന്നലെ ഔദ്യോഗികമായി ഏറ്റെടുത്തു. യൂറോപ്യൻ യൂണിയനിൽ തന്നെ ആദ്യമായാണ് ഒരു ഇന്ത്യൻ വനിത മുൻസിപ്പൽ കൗൺസിലിന്റെ ഔദ്യോഗിക സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പിലൂടെ നിയോഗിക്കപ്പെടുന്നത്.
ഡെമോക്രാറ്റിക് പാർട്ടിയുടെ സ്ഥാനാർത്ഥിയായാണ് തെരേസ മത്സരിച്ചത്. മൈക്ക് പ്രചരണങ്ങളോ കൊടിതോരണങ്ങളോ ഉപയോഗിക്കാത്ത തെരഞ്ഞെടുപ്പിൽ വ്യക്തി ബന്ധങ്ങൾക്കാണ് മുൻതൂക്കം. നിശ്ചയിക്കപ്പെട്ട ചത്വരങ്ങളിൽ കോഫി ബാറുകളിലും മാത്രമാണ് പരസ്യ പ്രചരണം. ഈ പരിമിതികളിൽ നിന്ന് കൗൺസിൽ പദവിയിലേക്ക് തെരേസ എത്തിയത് മലയാളികൾക്ക് അഭിമാനമാണ്.
ഇറ്റാലിയൻ സ്വദേശികൾക്ക് ബഹുഭൂരിപക്ഷമുള്ള മേഖലയിൽനിന്നാണ് തെരേസ തെരഞ്ഞെടുക്കപ്പെട്ടത് എന്നത് ഇറ്റലിയിലെ മലയാളി സമൂഹത്തിന് ഏറെ അഭിമാനകരമാണെന്ന് ഡെമോക്രാറ്റിക് പാർട്ടി നാഷണൽ എക്സിക്യൂട്ടീവ് അംഗം സിബി മാണി കുമാരമംഗലം പറഞ്ഞു.
35 വർഷം മുമ്പ് നഴ്സായി റോമിലെത്തിയ തെരേസ 15 വർഷമായി ഡെമോക്രാറ്റിക് പാർട്ടി മെമ്പറാണ്. ആരോഗ്യരംഗത്തെ തെരേസയുടെ പ്രവർത്തനങ്ങളും സാമൂഹിക ബന്ധവും കോവിഡ് കാലത്തെ സേവനവും സ്ഥാനാർത്ഥിത്വത്തിനും വിജയത്തിനും അവരെ സഹായിച്ചു.
ഭൂരിപക്ഷം നേടി വിജയിച്ച ഡെമോക്രാറ്റിക് പാർട്ടിയും സഖ്യങ്ങളും ചേർന്നാണ് അടുത്ത അഞ്ചുവർഷം റോം കോർപ്പറേഷനിൽ ഭരണം നടത്തുക. ഏലിയോ തൊമസെത്തിയാണ് മുൻസിപ്പൽ പ്രസിഡന്റ്. മേയർ റോസേർത്തോ ഗ്വൽത്തിയേരിയാണ്.
'ഒരു മലയാളി എന്നതിൽ ഈ നേട്ടത്തിൽ താൻ ഏറെ അഭിമാനിക്കുന്നു' എന്ന് തെരേസ പറഞ്ഞു. എല്ലാ അവധിക്കാലത്തും കുടുംബസമേതം കൊച്ചിയിൽ എത്താറുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. ഭർത്താവ് വക്കച്ചൻ ജോർജിന്റെ രാഷ്ട്രീയ-സാമൂഹിക പ്രവർത്തന പരിചയവും പാർട്ടി പ്രസിഡന്റ് സിബി മാണി കുമാരമംഗലത്തിന്റെ പിന്തുണയും തന്റെ വിജയത്തിന് കാരണമായിട്ടുണ്ടെന്ന് തെരേസ പറഞ്ഞു.
പാലായിലെ പൂഞ്ഞാറിൽ നിന്ന് കുമളിയിലേക്ക് കുടിയേറിയവരാണ് തെരേസയുടെ കുടുംബം. ഇറ്റലിയിൽ അഞ്ചാം വർഷം മെഡിക്കൽ വിദ്യാർത്ഥിയാണ് മകൾ വെറോണിക്ക. മൂന്നാം വർഷ സ്പോർട്സ് മാനേജ്മെന്റ് വിദ്യാർത്ഥിയാണ് മകൻ ഡാനിയേൽ.
അതേസമയം നാളെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ഫ്രാൻസിസ് മാർപ്പാപ്പയും റോമിൽ വെച്ച് കൂടിക്കാഴ്ച നടത്തുമ്പോൾ സാന്നിധ്യം വഹിക്കാൻ തെരേസയ്ക്ക് സാധിക്കുമെന്നും കരുതുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.