മീന്‍ ലേലത്തുകയുടെ അഞ്ചുശതമാനം സര്‍ക്കാരിന്; ആശങ്കയോടെ മത്സ്യ മേഖല

 മീന്‍ ലേലത്തുകയുടെ അഞ്ചുശതമാനം സര്‍ക്കാരിന്; ആശങ്കയോടെ മത്സ്യ മേഖല

തിരുവനന്തപുരം: മത്സ്യ മേഖലയ്ക്ക് ആശങ്ക ഉയര്‍ത്തി സര്‍ക്കാര്‍ ഓര്‍ഡിനന്‍സ്. ഹാര്‍ബറുകളിലും ഫിഷ് ലാന്‍ഡിങ് സെന്ററുകളിലുമെത്തിക്കുന്ന മീന്‍ ലേലത്തുകയുടെ അഞ്ചു ശതമാനം കമ്മിഷന്‍ തുക സര്‍ക്കാരിന് നല്‍കണമെന്ന ഓര്‍ഡിനന്‍സ് നിയമമാവുന്നു. കഴിഞ്ഞ ദിവസം നിയമസഭയില്‍ അവതരിപ്പിച്ച ബില്‍ സബ്ജക്റ്റ് കമ്മിറ്റി അംഗീകരിച്ചതോടെയാണിത്.

2020 സെപ്റ്റംബറില്‍ ഓര്‍ഡിനന്‍സ് പുറത്തിറങ്ങിയ ഘട്ടത്തില്‍ ഇതിനെതിരേ പ്രതിഷേധം ഉയര്‍ന്നിരുന്നു. കഴിഞ്ഞ സര്‍ക്കാരിന്റെ അവസാനകാലത്തായിരുന്നു ഇത്. യാനത്തിന്റെ ഉടമയോ അതുമായി ബന്ധപ്പെട്ടവരോ അഞ്ചു ശതമാനം നല്‍കണമെന്ന വ്യവസ്ഥ തിരിച്ചടിയാകുമെന്ന് യാനങ്ങളുടെ ഉടമകള്‍ പറയുന്നു. മത്സ്യത്തൊഴിലാളികള്‍ക്കു കിട്ടേണ്ട വിഹിതത്തില്‍ നിന്നാണ് ഈ അഞ്ച് ശതമാനം തുക സര്‍ക്കാരിലേക്ക് പോകുന്നത്.

ബില്‍ പ്രകാരം ലേലക്കാരന്‍, മത്സ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണസംഘം, തദ്ദേശ സ്വയംഭരണസ്ഥാപനം, ഫിഷ് ലാന്‍ഡിങ് സെന്റര്‍, ഹാര്‍ബര്‍, ഫിഷ് മാര്‍ക്കറ്റ് മാനേജ്മെന്റ് സൊസൈറ്റി, സര്‍ക്കാര്‍ എന്നിവര്‍ക്കായി ഈ കമ്മിഷന്‍ തുക വിഭജിക്കപ്പെടും. ഇതിന്റെ അനുപാതം സര്‍ക്കാരിന് വിജ്ഞാപനത്തിലൂടെ നിശ്ചയിക്കാം.

അതേസമയം അഞ്ച് ശതമാനമെന്നത് ഒരു ശതമാനമാക്കണമെന്ന് ടി.എന്‍. പ്രതാപന്‍ എം.പി. ആവശ്യപ്പെട്ടു. ചൂഷണത്തില്‍നിന്ന് സാധാരണക്കാരായ തൊഴിലാളികളെ രക്ഷിക്കുന്നതിനുവേണ്ടിയാണ് ഈ നിയമം. ഇതോടെ മത്സ്യലേലത്തിനും വിപണനത്തിനും കൃത്യമായ മാനദണ്ഡങ്ങളുണ്ടാവും. സര്‍ക്കാരിലേക്കു പോകുന്ന അഞ്ചു ശതമാനത്തില്‍ രണ്ടു ശതമാനം തിരിച്ച് തൊഴിലാളികള്‍ക്കുതന്നെ ലഭിക്കുന്ന വിധത്തിലാണ് ക്രമീകരിച്ചിരിക്കുന്നതെന്ന് ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടര്‍ എം. താജുദ്ദീന്‍ വ്യക്തമാക്കി.

മത്സ്യഫെഡില്‍ നിന്നോ മത്സ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘത്തില്‍ നിന്നോ വായ്പയെടുത്തിട്ടുള്ളവര്‍ക്ക് മാത്രം നിയമം ബാധകമാക്കുന്നതാണ് അഭികാമ്യം. സര്‍ക്കാരില്‍ നിന്നുള്ള ഒരു ആനുകൂല്യവും ലഭിക്കാതെ സര്‍ക്കാരിലേക്ക് ലേലത്തുകയുടെ അഞ്ച് ശതമാനം കമ്മിഷന്‍ തുക നല്‍കണമെന്ന വ്യവസ്ഥ നീതിയുക്തമല്ലെന്ന് മത്തിയാസ് പീറ്റര്‍ (ഓള്‍ കേരള ഫിഷിങ് ബോട്ട് ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ്) പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.