ഫ്രാന്‍സിസ് മാര്‍പാപ്പ കേരളത്തിലെത്തും: സന്ദര്‍ശനം അടുത്ത വര്‍ഷം; മതാന്തര സൗഹാര്‍ദ സമ്മേളനത്തിനും സാധ്യത

ഫ്രാന്‍സിസ് മാര്‍പാപ്പ കേരളത്തിലെത്തും: സന്ദര്‍ശനം അടുത്ത വര്‍ഷം; മതാന്തര സൗഹാര്‍ദ സമ്മേളനത്തിനും സാധ്യത

കത്തോലിക്കര്‍ ന്യൂനപക്ഷമായ രാജ്യങ്ങളിലും സഭാ വിശ്വാസികള്‍ പീഡനം നേരിടുന്ന രാജ്യങ്ങളിലുമെത്തി സമാധാനത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും സന്ദേശം നല്‍കാനും പരസ്പര സഹകരണം ഉറപ്പാക്കാനും ഫ്രാന്‍സിസ് പാപ്പ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്.

കൊച്ചി: ഇന്ത്യ സന്ദര്‍ശിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ക്ഷണം സ്വീകരിച്ച ഫ്രാന്‍സിസ് മാര്‍പാപ്പ കേരളത്തിലും എത്തും. ക്രൈസ്തവര്‍ നിര്‍ണായക ഘടകമായ കേരളത്തില്‍ മാര്‍പാപ്പ എത്തുമെന്നുറപ്പാണെന്ന് കെ.സി.ബി.സി വക്താവ് ഫാ.ജേക്കബ് പാലയ്ക്കാപ്പിള്ളി പറഞ്ഞു. ഇതിനു മുന്‍പ് ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ 1986 ല്‍ കേരളത്തിലെത്തിയിരുന്നു.

സിറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ചുബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, മലങ്കര കത്തോലിക്കാ സഭയുടെ തലവന്‍ കര്‍ദ്ദിനാള്‍ ബസേലിയോസ് മാര്‍ ക്ലിമിസ്, മുംബൈ ബിഷപ്പ് മാര്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ് എന്നിവര്‍ ചേര്‍ന്ന് മാര്‍പാപ്പയെ ഇന്ത്യയിലേക്കു ക്ഷണിക്കണമെന്ന് പ്രധാനമന്ത്രിയോട് അഭ്യര്‍ഥിച്ചിരുന്നു. പ്രധാനമന്ത്രി ഔദ്യോഗികമായി ക്ഷണിച്ചതോടെ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സന്ദര്‍ശനം അടുത്ത വര്‍ഷമുണ്ടാകുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന സൂചന.

മാര്‍പ്പാപ്പയുടെ സന്ദര്‍ശന വേളയില്‍ രാഷ്ട്രത്തലവന്മാര്‍ തമ്മിലുള്ള കൂടിക്കാഴ്ചകള്‍ ഒഴികെ, ബാക്കിയുള്ള പരിപാടികള്‍ ഏകോപിപ്പിക്കുന്നത് ഇന്ത്യയിലെ വത്തിക്കാന്‍ പ്രതിനിധിയായ അപ്പൊസ്‌തൊലിക് നുണ്‍ഷ്യോ ആണ്. ഭാരത കത്തോലിക്കാ മെത്രാന്‍ സമിതി (സി.ബി.സി.ഐ)യുമായി ആലോചിച്ചായിരിക്കും നടപടികള്‍. ഇവര്‍ കെ.സി.ബി.സിയുള്‍പ്പെടെയുള്ള ഘടകങ്ങളുമായും കൂടിയാലോചിക്കും.

തന്റെ അപ്പസ്‌തോലിക സന്ദര്‍ശനങ്ങളിലെല്ലാം വിവിധ മതങ്ങളുടെ സഹവര്‍ത്തിത്വത്തിനും സഹകരണത്തിനും പ്രത്യേക ഊന്നല്‍ നല്‍കുന്ന ഫ്രാന്‍സിസ് മാര്‍പാപ്പ ഇന്ത്യയിലെത്തുമ്പോള്‍ മതാന്തര സൗഹാര്‍ദ സമ്മേളനത്തിലും പ്രത്യേകമായി പങ്കെടുക്കുമെന്ന് സൂചനയുണ്ട്. ലോക രാജ്യങ്ങളിലെ പര്യടനങ്ങളിലെല്ലാം ഇതര മത നേതാക്കളുമായി കൂടിക്കാഴ്ച നടത്തുന്നതില്‍ പാപ്പ പ്രത്യേക താല്‍പര്യം പ്രകടിപ്പിച്ചിരുന്നു.

ഇന്ത്യ വിവിധ മതങ്ങളുടെ സംഗമ ഭൂമിയായതിനാല്‍ മാര്‍പാപ്പയെത്തുമ്പോള്‍ മതാന്തര സൗഹാര്‍ദ സമ്മേളനത്തിനുള്ള സാധ്യതകള്‍ ഏറെയാണ്. ഹൈന്ദവ, മുസ്ലിം, സിക്ക്, ബുദ്ധ, ജെയ്ന്‍, പാഴ്സി മത നേതാക്കളുടെ പ്രതിനിധികളുമായി അദ്ദേഹം വിശദമായ ചര്‍ച്ച നടത്തിയേക്കും.

കത്തോലിക്കര്‍ ന്യൂനപക്ഷമായ രാജ്യങ്ങളിലും സഭാ വിശ്വാസികള്‍ പീഡനം നേരിടുന്ന രാജ്യങ്ങളിലുമെത്തി സമാധാനത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും സന്ദേശം നല്‍കാനും പരസ്പര സഹകരണം ഉറപ്പാക്കാനും ഫ്രാന്‍സിസ് പാപ്പ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. ഇതിന്റെ ഭാഗമായി ഇന്ത്യയിലെ ഇതര മതനേതാക്കളുമായി മാര്‍പാപ്പ പ്രത്യേകം കൂടിക്കാഴ്ച നടത്തുമെന്ന് തന്നെയാണ് കരുതപ്പെടുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.