വീട്ടില്‍ വെള്ളം കയറി: ഹിന്ദുമത വിശ്വാസിയുടെ മൃതദേഹം സംസ്‌കരിക്കാന്‍ സ്ഥലം നല്‍കി എടത്വാ പള്ളി

വീട്ടില്‍ വെള്ളം കയറി:  ഹിന്ദുമത വിശ്വാസിയുടെ മൃതദേഹം സംസ്‌കരിക്കാന്‍ സ്ഥലം നല്‍കി എടത്വാ പള്ളി

എടത്വാ: കോവിഡ് ബാധിച്ച് മരിച്ച ഹിന്ദുമതവിശ്വാസിയുടെ മൃതദേഹം സംസ്‌കരിക്കാൻ സ്ഥലംവിട്ടുനൽകി എടത്വാ സെന്റ് ജോർജ് ഫൊറോനാപള്ളി മാതൃകയായി. തലവടി പഞ്ചായത്ത് ഏഴാംവാർഡ് കുതിരച്ചാൽ കെ.പി. പൊന്നപ്പ(73)ന്റെ മൃതദേഹം സംസ്‌കരിക്കാനാണ് സ്ഥലംവിട്ടുനൽകിയത്.

ചക്കുളത്തുകാവിലെ ദുരിതാശ്വാസക്യാമ്പിൽ കഴിയുമ്പോഴാണു പൊന്നപ്പനു കോവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് എടത്വായിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ശനിയാഴ്ച പുലർച്ചേ 5.30-ന് മരിച്ചു. വീടുസ്ഥിതിചെയ്യുന്ന പ്രദേശം വെള്ളക്കെട്ടായതിനെ തുടർന്ന് ഗ്രാമപ്പഞ്ചായത്തംഗം കൊച്ചുമോൾ ഉത്തമനും ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്തംഗം അജിത്ത്കുമാർ പിഷാരത്തും ചേർന്ന് എടത്വാ സെന്റ് ജോർജ് ഫൊറോനാപള്ളി വികാരി ഫാ. മാത്യൂ ചൂരവടിയെ സമീപിച്ച് സംസ്‌കാരത്തിനായി അനുവാദം വാങ്ങുകയായിരുന്നു.

ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിൻസി ജോളി, എടത്വാ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ജോർജ്, കൈക്കാരൻമാരായ ജോളി മഠത്തിക്കളം, ബിജു കറുകയിൽ, കെ.എം, മാത്യു തകഴിയിൽ, യുവദീപ്തി പ്രവർത്തകരായ സിലിൻ, ജുവെൽ, അലക്‌സ്, ടിജിൽ എന്നിവർ സംസ്‌കാരത്തിന് നേതൃത്വം നൽകി.

വീട്ടിൽ സ്ഥലമില്ലാതിരുന്ന രണ്ടു ഹിന്ദുമത വിശ്വാസികളുടെ സംസ്‌കാരത്തിനായി മുൻപും പള്ളിസ്ഥലം വിട്ടുനൽകിയിരുന്നു. സരസമ്മയാണ് പൊന്നപ്പന്റെ ഭാര്യ. മക്കൾ: സന്തോഷ്, സതീശൻ, സന്ധ്യ. മരുമക്കൾ: ഷേർളി, രാജീവ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.