കേരളപ്പിറവിക്ക് കേന്ദ്രത്തിന്റെ 'പ്രത്യേക സമ്മാനം': പാചക വാതകത്തിന് ഒറ്റയടിക്ക് 266 രൂപ കൂട്ടി; ഡീസല്‍, പെട്രോള്‍ വിലയിലും കുതിപ്പ് തുടരുന്നു

 കേരളപ്പിറവിക്ക് കേന്ദ്രത്തിന്റെ 'പ്രത്യേക സമ്മാനം': പാചക വാതകത്തിന് ഒറ്റയടിക്ക് 266 രൂപ കൂട്ടി; ഡീസല്‍, പെട്രോള്‍ വിലയിലും കുതിപ്പ് തുടരുന്നു

പത്തുമാസം കൊണ്ട് പെട്രോള്‍ ഒരു ലിറ്ററിന് കൂട്ടിയത് 25.83 രൂപ. ഡീസലിന് 25.66 രൂപയും വര്‍ധിപ്പിച്ചു.

ന്യൂഡല്‍ഹി: ഇന്ധനവില വര്‍ധനവില്‍ ജനം നട്ടം തിരിയുന്നതിനിടെ പാചക വാതക സിലിണ്ടറിനും വില കൂട്ടി. വാണിജ്യ സിലിണ്ടറിന് ഒറ്റയടിക്ക് 266 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ 19 കിലോഗ്രാം സിലിണ്ടറിന് വില രണ്ടായിരം കടന്നു. ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടര്‍ വില വര്‍ധിപ്പിച്ചിട്ടില്ല. ഡല്‍ഹിയില്‍ 2000.5, മുംബൈയില്‍ 1950, കൊല്‍ക്കത്തയില്‍ 2073.50, ചെന്നൈയില്‍ 2133 എന്നിങ്ങനെയാണ് പുതിയ വില.

കഴിഞ്ഞ മാസമാണ് ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടര്‍ വില വര്‍ധിപ്പിച്ചത്. സിലിണ്ടറിന് 15 രൂപയായിരുന്നു അന്ന് കൂട്ടിയത്. കഴിഞ്ഞ രണ്ട് മാസത്തിനിടെ നാല് തവണയാണ് ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടര്‍ വില വര്‍ധിപ്പിച്ചത്. അതേസമയം രാജ്യത്ത് ഇന്ധന വില ഇന്നും കൂട്ടിയിട്ടുണ്ട്. പെട്രോളിനും ഡീസലിനും 48 പൈസ വീതമാണ് വര്‍ധിപ്പിച്ചത്. സംസ്ഥാനത്ത് ഇതോടെ പെട്രോള്‍ വില 112 രൂപ കടന്നു. ഡീസലിന് 105 രൂപയും കടന്നു.

ഈ വര്‍ഷം ജനുവരി ഒന്നുമുതല്‍ ഇന്നു വരെ പത്തുമാസം കൊണ്ട് പെട്രോള്‍ ഒരു ലിറ്ററിന് എണ്ണക്കമ്പനികള്‍ കൂട്ടിയത് 25.83 രൂപയാണ്. ഡീസലിന് 25.66 രൂപയും വര്‍ധിപ്പിച്ചു. ജനുവരി ഒന്നിന് ഒരു ലിറ്റര്‍ പെട്രോളിന് 85.72 രൂപയായിരുന്നു. ഡീസല്‍ വില 79.65 രൂപയും. തിങ്കളാഴ്ച തിരുവനന്തപുരത്ത് പെട്രോള്‍ 112.03, ഡീസല്‍ 105.79 എന്നീ നിരക്കിലേക്കെത്തി.

ഇതോടെ സംസ്ഥാനത്ത് 11 മാസം കൊണ്ട് പെട്രോളിന് 22.14 ശതമാനം വിലകൂടി. ഡീസല്‍ 32.21 ശതമാനവും.ഇന്ന് എറണാകുളത്ത് 110.16, 104.04, കോഴിക്കോട് 110.26, 104.16 എന്നിങ്ങനെയാണ് യഥാക്രമം പെട്രോള്‍, ഡീസല്‍ വില.

അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ക്രൂഡ് ഓയില്‍ വില നിലവില്‍ വീപ്പയ്ക്ക് 83.72 ഡോളര്‍ എന്ന നിലയിലാണ്. കഴിഞ്ഞ ആഴ്ച 86 ഡോളര്‍ വരെ വില ഉയര്‍ന്നെങ്കിലും അമേരിക്കയില്‍ എണ്ണ സ്‌റ്റോക്ക് ഉയര്‍ന്നെന്ന വാര്‍ത്തകളെ തുടര്‍ന്ന് വില കുറയുകയായിരുന്നു. എണ്ണയുല്‍പാദക രാഷ്ട്രങ്ങളുടെ സംഘടനയായ ഒപെക് പ്ലസ് ഈയാഴ്ച യോഗം ചേരുന്നുണ്ട്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.