തങ്ങളുടെ പെണ്‍ കുഞ്ഞിനെ ആ മാതാപിതാക്കള്‍ താലോലിച്ച് വളര്‍ത്തി. നല്ല ഭക്ഷണം, നല്ല വസ്ത്രം, നല്ല വിദ്യാഭ്യാസം. അവളുടെ വളര്‍ച്ചയില്‍ ആ മാതാപിതാക്കള്‍ സന്തോഷിച്ചു. കുട്ടിക്കാലം മുതല്‍ അവള്‍ക്ക് എല്ലാ കാര്യത്തിലും സ്വന്തമായ അഭിപ്രായങ്ങളും തീരുമാനങ്ങളും ഉണ്ടായിരുന്നു. മകളുടെ ആ സ്വഭാവം മാതാപിതാക്കളില്‍ കൂടുതല്‍ ആത്മ വിശ്വാസം പകര്‍ന്നു. അതുകൊണ്ടു തന്നെ മുതിര്‍ന്നിട്ടും അവള്‍ക്ക് എല്ലാ വിധ സ്വാതന്ത്യവും അവര്‍ കൊടുത്തു. അങ്ങനെ പഠനകാലത്ത് അവള്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ വിദ്യാര്‍ത്ഥി വിഭാഗം നേതാവായി.
ആ സന്തോഷ സുദിനങ്ങള്‍ അധികം നീണ്ടു നിന്നില്ല. ഇടിത്തീ പോലെ ആയിരുന്നു ആ വാര്‍ത്ത മാതാപിതാക്കളുടെ കാതുകളില്‍ പതിച്ചത്. വിവാഹേതര ബന്ധത്തിലൂടെ തങ്ങളുടെ പ്രിയപ്പെട്ട മകള്‍ ഗര്‍ഭിണിയായിരിക്കുന്നു. അതവരെ തളര്‍ത്തിക്കളഞ്ഞു. ആ 'അമ്മ ദിവസങ്ങളോളം ഭക്ഷണം കഴിച്ചില്ല, അച്ചന്‍ അധികം ആരോടും മിണ്ടാതെയായി. ആ കുഞ്ഞിനെ ഉദരത്തില്‍ വെച്ച് കൊല്ലാന്‍ പലരും നിര്‍ബന്ധിച്ചെങ്കിലും അവര്‍ അത് ചെയ്തില്ല.
അവസാനം ആ അച്ചനും അമ്മയും മോളെ കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കി. കുഞ്ഞിനെ നശിപ്പിക്കില്ലെന്നും പ്രസവത്തിന് ശേഷം ശിശുക്ഷേമ സമിതിക്ക് കൊടുത്താല്‍ അവര്‍ ആ കുഞ്ഞിനെ ഏതെങ്കിലും നല്ല മാതാപിതാക്കള്‍ക്ക് ദത്ത് നല്‍കി നന്നായി വളര്‍ത്തിക്കോളുമെന്നും പറഞ്ഞപ്പോള്‍ മകള്‍ അത് സമ്മതിച്ചു. സമ്മതപത്രം എഴുതി ഒപ്പിട്ട് നല്‍കുകയും ചെയ്തു. തങ്ങളുടെ മോള്‍ക്ക് ജനിച്ച കുഞ്ഞിനെ ആ മാതാപിതാക്കള്‍ നേരത്തെ തീരുമാനിച്ചത് പോലെ ശിശുക്ഷേമ സമിതിക്ക് കൈമാറി.
അധികം വൈകാതെ മകളുടെ കാമുകന്‍ ആദ്യ ഭാര്യയെ ഉപേക്ഷിച്ച് രംഗ പ്രവേശനം ചെയ്തു. അതോടെ മകള്‍ മാതാപിതാക്കള്‍ക്കെതിരെ തിരിഞ്ഞു. കോടതി, പൊലീസ് കേസ്, മാധ്യമ വിചാരണ അങ്ങനെ സംഘര്‍ഷഭരിതമായി രംഗങ്ങള്‍. വീട് വിട്ട് കാമുകന്റെ കൂടെ പോയ മകളെ ഓര്‍ത്ത് ആ മാതാപിതാക്കള്‍ വീണ്ടും ദുംഖത്തിലായി. അച്ചനെ തുറുങ്കിലടയ്ക്കണമെന്നും, പാര്‍ട്ടി സ്ഥാനങ്ങളില്‍ നിന്ന് പുറത്താക്കണമെന്നും മാധ്യമങ്ങളിലൂടെ പറയുന്ന മകളെ കണ്ട് ആ പിതാവിന്റെ ചങ്ക് തകര്‍ന്നു. പ്രശ്‌നങ്ങള്‍ ഇവിടംകൊണ്ടൊന്നും തീരുന്നില്ല. ഷെര്‍ലക്‌ഹോംസിന്റെ കഥകള്‍ പോലെ ഒരോ ദിവസവും ട്വിസ്‌റ്റോടു ട്വിസ്റ്റാണ്... അതുകൊണ്ടു തന്നെ ക്ലൈമാക്‌സിനായി കേരളം കാത്തിരിക്കുകയാണ്.
അമ്മേ തല്ലിയാലും രണ്ട് പക്ഷം എന്നാണല്ലോ. കാമുകനില്‍ നിന്നുണ്ടായ കുഞ്ഞിനെ വളര്‍ത്താനുള്ള ആ അമ്മയുടെ അവകാശത്തെ ആര്‍ക്കും ചോദ്യം ചെയ്യാന്‍ സാധിക്കില്ല. നിയമപരമായി അയാളെ വിവാഹം കഴിച്ച് തങ്ങളുടെ കുഞ്ഞിനൊപ്പം ജീവിക്കാന്‍ അവര്‍ക്ക് ഇപ്പോള്‍ ആഗ്രഹം ഉണ്ടായെങ്കില്‍ ആര്‍ക്കും എന്നല്ല നിയമത്തിന് പോലും അവരെ തടയാന്‍ സാധിക്കില്ല. ആ മാതാപിതാക്കള്‍ക്ക് തങ്ങളുടെ മകളെ ജീവനായിരുന്നത് പോലെ, നൊന്ത് പ്രസവിച്ച കുഞ്ഞിനെ കാണാനും അവനൊപ്പം ജീവിക്കാനും ഈ മകള്‍ക്കും ആഗ്രഹവും അവകാശവുമുണ്ട്. കാക്കയ്ക്കും തന്‍ കുഞ്ഞ് പൊന്‍കുഞ്ഞ് എന്നാണല്ലോ ചൊല്ല്.
ഇവിടെ ആരെയും കുറ്റം പറയാനോ, മഹത്വ വല്‍ക്കരിക്കാനോ ശ്രമിക്കുന്നില്ല. ഇത് പല കുടുംബങ്ങളിലും ഇന്ന് നടക്കുന്ന സംഭവങ്ങള്‍ തന്നെയാണ്. എന്നാലും ജനിച്ച നാള്‍ മുതല്‍ കഷ്ടപ്പെട്ട് വളര്‍ത്തിയ മാതാപിതാക്കളെ മാധ്യമങ്ങള്‍ക്ക് മുന്നില്‍, സമൂഹത്തിന്റെ മുന്നില്‍ വലിച്ച് കീറി ഒട്ടിക്കുന്നവര്‍ ഒന്ന് ചിന്തിക്കുന്നത് നല്ലതാണ് 'നാളെ നീയും ആ സ്ഥാനത്ത് എത്തുമെന്ന്. ആ സമയത്ത് ഇത്തരം ഒരനുഭവം ഉണ്ടാകാതിരിക്കാന്‍ ജാഗ്രതയോടെ ഇരിക്കുക.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.