ജോജു ജോര്‍ജ് മദ്യപിച്ചിട്ടില്ലെന്ന് പരിശോധനാ ഫലം; നടനെതിരെ പൊലീസില്‍ പരാതി നല്‍കുമെന്ന് കോണ്‍ഗ്രസ്

ജോജു ജോര്‍ജ് മദ്യപിച്ചിട്ടില്ലെന്ന് പരിശോധനാ ഫലം; നടനെതിരെ പൊലീസില്‍ പരാതി നല്‍കുമെന്ന് കോണ്‍ഗ്രസ്

കൊച്ചി: ഇന്ധന വില വര്‍ധനവിനെതിരെ എറണാകുളം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഇന്ന് കൊച്ചിയില്‍ നടത്തിയ വഴി തടയല്‍ സമരത്തോട് പ്രതികരിച്ച് വിവാദത്തിലായ നടന്‍ ജോജു ജോര്‍ജ് മദ്യപിച്ചിട്ടില്ലെന്ന് പരിശോധനാഫലം. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ജോജുവിന്റെ വാഹനം തടയുകയും വാഹനത്തിന്റെ പിന്നിലെ ചില്ല് അടിച്ചു തകര്‍ക്കുകയും ചെയ്തിരുന്നു.

സമരക്കാര്‍ക്ക് അടുത്തേക്ക് വന്ന ജോജു ജോര്‍ജ് അവരെ അസഭ്യം പറയുകയും ഒരു വനിതാ നേതാവിനെ അധിക്ഷേപിക്കുകയും ചെയ്തുവെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിക്കുന്നത്. ജോജു ജോര്‍ജ് മദ്യപിച്ചാണ് സംഭവസ്ഥലത്ത് എത്തിയതെന്നും അവര്‍ ആരോപിച്ചു.

ഈ സാഹചര്യത്തിലാണ് സംഘര്‍ഷ സ്ഥലത്ത് നിന്നും പൊലീസ് ജോജുവിനെ തൃപ്പൂണിത്തുറ താലൂക്കാശുപത്രിയില്‍ എത്തിച്ച് മദ്യപരിശോധന നടത്തിയത്. ഉച്ചയോടെ വന്ന പരിശോധന ഫലമനുസരിച്ച് ജോജുവിന്റെ രക്തത്തില്‍ മദ്യത്തിന്റെ അംശം കണ്ടെത്താനായിട്ടില്ല.

ഇതോടെ ജോജു മദ്യപിച്ചെത്തി അപമര്യാദയായി പെരുമാറിയെന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആരോപണം തെറ്റാണെന്ന് തെളിഞ്ഞു. ആശുപത്രിയിലെത്തിക്കും മുന്‍പ് നടത്തിയ ശ്വാസപരിശോധനയിലും ജോജു മദ്യപിച്ചില്ലെന്നാണ് കണ്ടെത്തിയതെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു

ഗുണ്ടയെ പോലെയാണ് ജോജു പെരുമാറിയതെന്ന് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ പറഞ്ഞു. അദ്ദേഹത്തിനെതിരെ പൊലീസില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പരാതി നല്‍കും. ആ പരാതിയില്‍ നടപടിയുണ്ടായില്ലെങ്കില്‍ നാളെ സര്‍ക്കാര്‍ അതിരൂക്ഷമായ സമരം കാണേണ്ടി വരുമെന്നും കെ.സുധാകരന്‍ മുന്നറിയിപ്പ് നല്‍കി.

എന്നാല്‍ സമരക്കാരാണ് തന്നോട് മോശമായി പെരുമാറിയതെന്ന് ജോജു ജോര്‍ജ് പറഞ്ഞു. എന്റെ വണ്ടിയവര്‍ തല്ലിപ്പൊളിച്ചു. കേരളത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരോടോ നേതാക്കളോടോ അല്ല അവിടെ കൂടി നിന്ന് വഴി തടഞ്ഞ നേതാക്കളോടാണ് ഞാന്‍ എതിര്‍പ്പ് അറിയിച്ചതെന്നും ജോജു പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.