അറുപത്തഞ്ചാം പിറന്നാളിന്റെ നിറവിലേക്കുണരുകയാണ് മലയാളിയുടെ മാതൃഭൂമിയായ കേരളം. തനതായ സാംസ്‌കാരിക ഗരിമകൊണ്ടും അമൂല്യമായ മത, സാഹിത്യ, രാഷ്ട്രീയ ചരിത്ര പശ്ചാത്തലം കൊണ്ടും ലോകത്തെ വിസ്മയിപ്പിച്ച ഒരു പ്രദേശത്തിന്റെ ചരിത്രം ലോക ചരിത്രത്തില്‍ തന്നെ സുപ്രധാനമായ അധ്യായമാണ്.
നമ്മുടെ മലയാള നാടിന്റെ സമസ്ത നന്മകളും ഉള്‍ക്കൊണ്ടു കൊണ്ടു തന്നെ വര്‍ത്തമാന കാല കേരളത്തിന്റെ യഥാതഥമായ വര്‍ത്തമാനങ്ങള്‍ നമ്മള്‍ വിലയിരുത്തേണ്ട സുദിനം കൂടിയാണ് നവംബര്‍ ഒന്ന്, കേരളപ്പിറവി.
പ്രകൃതി സൗന്ദര്യം വഴിഞ്ഞൊഴുകുന്ന ഈ മണ്ണിന്റെ ആകൃതി തന്നെയായിരുന്നു, ഓരോ മലയാളിയുടെ വ്യക്തിത്വത്തിനും. ഒരുകാലത്ത് കേരളത്തിലെ സുലഭ ദൃശ്യമായിരുന്നു ആല്‍മരങ്ങള്‍. ഹൈന്ദവ സംസ്‌കാരവുമായി ബന്ധപ്പെട്ട് ക്ഷേത്ര പശ്ചാത്തലത്തില്‍ വിശ്വാസ സ്പര്‍ശമുള്ള ആല്‍മരം അതിന്റെ ശിഖര സമൃദ്ധി പോലെ തന്നെ അര്‍ത്ഥ സമൃദ്ധിയും ഉള്ള ഒരു മരമാണ്. നിറയെ ശിഖരങ്ങള്‍. ശിഖരങ്ങള്‍ നിറയെ ശാഖകള്‍. ശാഖകളില്‍ ആലിലകളുടെ ഹരിതപുളകങ്ങള്‍! ആല്‍മരക്കൊമ്പുകളില്‍ ആയിരം കിളികള്‍! ആല്‍മരത്തണലുകളില്‍ ആയിരം പഥികര്‍! ഓരോ ആല്‍മരവും അതിന്റെ ചുറ്റും ഒരു കൊച്ചു സമൂഹത്തെ സൃഷ്ടിച്ചിരുന്നു!
പണ്ട് കേരളത്തില്‍ ആല്‍മരം പോലെയുള്ള ആള്‍ മരങ്ങളുണ്ടായിരുന്നു. എല്ലാ മലയാളിക്കും നിറയെ ശിഖരങ്ങളുണ്ടായിരുന്നു. അയല്‍പക്കങ്ങളിലേക്കു നീളുന്ന ശിഖരങ്ങള്‍. പരസ്പരം കാണുന്നവര്‍. തമ്മില്‍ നന്നായി അറിയുന്നവര്‍. അറിയിക്കുന്നവര്‍. പറന്നിരിക്കാന്‍ അയല്‍ക്കിളികള്‍ക്കും ഇടം കൊടുത്തവര്‍. കുശലം പറയാന്‍ കൂട്ടു കൂടുന്നവര്‍. ഒരാള്‍ പറയുന്ന തമാശകള്‍ കേട്ട് എല്ലാവരും ആര്‍ത്തു ചിരിച്ചിരുന്ന വെടിക്കവലകള്‍!
ഇന്ന് കേരളത്തില്‍ കേരവൃക്ഷങ്ങളാണ് കൂടുതല്‍. ആല്‍മരങ്ങള്‍ മറഞ്ഞു. ആള്‍ മരങ്ങളും. തെങ്ങു പോലെ ശിഖരങ്ങളില്ലാത്ത ഒറ്റമരങ്ങളുടെ നാടായി മാറി കേരളം. ഒരുമിച്ചു വളരുന്ന വിടുകള്‍ക്കു പകരം വീടുകളില്‍ ഒറ്റയ്ക്കു വളരുന്ന വ്യക്തികള്‍ ഏറി! കുശലം ചോദിക്കാത്തവര്‍, കാശലത്തിന്റെ കുശുകുശുപ്പു കിതയ്ക്കുന്ന കവലകള്‍! എല്ലാവരും ചിരിക്കുന്ന തമാശകള്‍ ഇല്ലാതാകുന്നു. ഒരാളുടെ തമാശയില്‍ അയല്‍ക്കാരന്റെ നെഞ്ചിലേക്കു തറയ്ക്കുന്ന ഒളിയമ്പുകള്‍ ഒളിഞ്ഞും തെളിഞ്ഞും പായുന്ന സീല്‍ക്കാരങ്ങള്‍... ഇന്ന്, ജാതിച്ചിരികള്‍ മാത്രം... പാര്‍ട്ടിച്ചിരികള്‍ മാത്രം!
ഇന്ന്, ശിഖരങ്ങളില്ലാത്ത തെങ്ങുപോലെ വ്യക്തികള്‍, പ്രസ്ഥാനങ്ങള്‍, മതങ്ങള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍! എല്ലാവരും ഒറ്റയ്ക്കു വളരുന്നു... അവനവനു വേണ്ടി മാത്രം ചിന്തിക്കുന്നു. ഇന്ന് മത സൗഹാര്‍ദവും സമാധാന ചര്‍ച്ചകളും തേങ്ങാപ്പൊങ്ങുപോലെ! ഉള്‍ക്കാമ്പില്ലാതെ പുറമേ മധുരിക്കൂന്ന പൊങ്ങുപോലെ!
കേരളപ്പിറവിയില്‍ മലയാളിക്ക് ശിഖരങ്ങള്‍ മുളയ്ക്കട്ടെ. നമുക്ക് പൂര്‍വ്വികരെപ്പോലെ ആല്‍മരങ്ങള്‍ പോലുള്ള ആള്‍മരങ്ങളാകാം. അതിഥികള്‍ക്ക് ഇടമൊരുക്കാം. പഥികര്‍ക്ക് തണലൊരുക്കാം. അയല്‍ക്കാരന്റെ മുറ്റത്തേക്കു നീളുന്ന തളിര്‍ച്ചില്ലകളുള്ള, അപരന്റെ ശിരസിനു മുകളിലും തണല്‍ക്കുളിരിന്റെ തളിര്‍ച്ചില്ലകള്‍ മുളപ്പിക്കുന്ന ആള്‍മരങ്ങളാകാം. ആവലാതികള്‍ കുറയട്ടെ. കാവലാളുകള്‍ പെരുകട്ടെ. ഏവര്‍ക്കും കേരളപ്പിറവി ദിനാശംസകള്‍!
ഫാ. റോയി കണ്ണന്‍ചിറ സിഎംഐ എഴുതിയ 'പ്രപഞ്ചമാനസം' എന്ന ഗ്രന്ഥത്തില്‍ നിന്ന് എടുത്ത ഭാഗമാണിത്. പത്ത് വര്‍ഷം കൊണ്ട് എഴുതിയ ബുക്കാണിത്. സാഹിതി ഇനന്റര്‍നാഷണലിന്റെ മികച്ച വൈജ്ഞാനിക ഗ്രന്ഥത്തിനുള്ള പുരസ്‌കാരം പ്രപഞ്ചമാനസത്തിന് ലഭിച്ചിട്ടുണ്ട്.
ഫാ. റോയി കണ്ണന്‍ചിറയുടെ കൂടുതല്‍ രചനകള്‍ വായിക്കുന്നതിന്:
cnewslive.com
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.