'മോഡി സര്‍ക്കാര്‍ കക്കാനിറങ്ങുമ്പോള്‍ സംസ്ഥാനം ഫ്യൂസ് ഊരിക്കൊടുക്കുന്നു': ഇന്ധനവില വര്‍ധനയില്‍ സര്‍ക്കാരിനെതിരെ പ്രതിപക്ഷം

'മോഡി സര്‍ക്കാര്‍ കക്കാനിറങ്ങുമ്പോള്‍ സംസ്ഥാനം ഫ്യൂസ് ഊരിക്കൊടുക്കുന്നു':  ഇന്ധനവില വര്‍ധനയില്‍ സര്‍ക്കാരിനെതിരെ പ്രതിപക്ഷം

തിരുവനന്തപുരം: ഇന്ധന വിലവര്‍ധനവ് സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിന് അനുമതി നല്‍കാത്തതിനെ തുടര്‍ന്ന് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. കേന്ദ്രം വിലവര്‍ധിപ്പിക്കുമ്പോള്‍ ഏറ്റവും അധികം സന്തോഷിക്കുന്നത് സംസ്ഥാന സര്‍ക്കാറാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പറഞ്ഞു. ഇന്ധന സബ്‌സിഡി നല്‍കാന്‍ സര്‍ക്കാര്‍ തയാറാകുന്നില്ല.

യു.പി.എ കേന്ദ്രത്തിലും സംസ്ഥാനത്ത് കോണ്‍ഗ്രസും ഭരിക്കുമ്പോള്‍ 50 രൂപ പെട്രോളിനുണ്ടായിരുന്നപ്പോള്‍ ഇവിടെ അഞ്ച് പ്രാവശ്യം ഹര്‍ത്താല്‍ നടത്തിയവരാണ് കോണ്‍ഗ്രസിന്റെ സമരത്തെ പരിഹസിക്കുന്നത്. റെക്കോര്‍ഡ് വിലവര്‍ധനവ് ഉണ്ടായിട്ടും ഇപ്പോള്‍ അവര്‍ എന്തെങ്കിലും പ്രതിഷേധം നടത്തിയോ. 2000 കോടിയിലേറെ അധിക വരുമാനമാണ് ലഭിക്കുന്നത്. കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തി മോഡി സര്‍ക്കാറിനെ സംരക്ഷിക്കുകയാണ് പിണറായി സര്‍ക്കാര്‍ ചെയ്യുന്നതെന്നും വി.ഡി. സതീശന്‍ ആരോപിച്ചു.

ഷാഫി പറമ്പില്‍ എം.എല്‍.എയാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അധിക നികുതി ഒഴിവാക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. നരേന്ദ്ര മോഡി സര്‍ക്കാര്‍ കക്കാന്‍ നടക്കുമ്പോള്‍ ഫ്യൂസ് ഊരി കൊടുക്കുന്ന പരിപാടി സംസ്ഥാന സര്‍ക്കാര്‍ നിര്‍ത്തണമെന്നും കോണ്‍ഗ്രസിനെ വിമര്‍ശിക്കാനുള്ള ത്വരയാണ് സര്‍ക്കാരിനെന്നും ഷാഫി പറമ്പില്‍ കുറ്റപ്പെടുത്തി. വില കൂടിയപ്പോള്‍ നികുതി വേണ്ടെന്ന് മുമ്പ് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ തീരുമാനം എടുത്തിരുന്നതായും നാല് തവണ ഇത്തരത്തില്‍ വേണ്ടെന്ന് വെച്ചതായും ഷാഫി പറമ്പില്‍ സഭയെ അറിയിച്ചു.

47 രൂപ 29 പൈസയാണ് പെട്രോളിന്റെ അടിസ്ഥാന വില. നിലവില്‍ 67 രൂപ നികുതി കൊടുക്കേണ്ട അവസ്ഥയാണ്. ഇത് സ്റ്റേറ്റ് സ്‌പോണ്‍സേഡ് നികുതി ഭീകരതയാണ്. കോണ്‍ഗ്രസിനെതിരെ പറയുന്നതില്‍ പകുതിയെങ്കിലും ബി.ജെപിക്കെതിരെ പറയാന്‍ ഭരണപക്ഷം തയ്യാറാവണമെന്നും ഷാഫി പറമ്പില്‍ ആവശ്യപ്പെട്ടു.

ഇന്ധന വില വര്‍ധന ഗൗരവമുള്ള വിഷയമാണെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ സഭയില്‍ മറുപടി നല്‍കി. കേരളത്തില്‍ മാത്രമല്ല എല്ലാ സംസ്ഥാനങ്ങളിലും പെട്രോള്‍ വില വര്‍ധനവുണ്ട്. കഴിഞ്ഞ അഞ്ച് വര്‍ഷക്കാലത്തിനിടയില്‍ സംസ്ഥാനം ഇന്ധന നികുതി കൂട്ടിയിട്ടില്ല. ഇന്ധന വില നിയന്ത്രണം പെട്രോളിയം കമ്പനികള്‍ക്ക് നല്‍കിയത് യു.പി.എ സര്‍ക്കാരാണെന്നും കേന്ദ്ര സര്‍ക്കാരിനെതിരെ ഒരുമിച്ച് നില്‍ക്കണമെന്നും ധനമന്ത്രി പറഞ്ഞു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.