പെര്‍ത്ത്: പടിഞ്ഞാറന്‍ ഓസ്‌ട്രേലിയയിലെ വില്ലെട്ടണ്‍ സീനിയര്‍ ഹൈസ്‌കൂളിലെ അധ്യാപികയെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ചതിനും അതിനായി ഗൂഢാലോചന നടത്തിയതിനും കൗമാരപ്രായക്കാരായ രണ്ട് പെണ്‍കുട്ടികള്‍ പോലീസ് പിടിയില്‍. പതിമൂന്നും പതിനാലും വയസുള്ള രണ്ട് പെണ്‍കുട്ടികളെ ഇന്ന് രാവിലെ പെര്‍ത്ത് ചില്‍ഡ്രന്‍സ് കോടതിയില്‍ ഹാജരാക്കി. ഒരാള്‍ സ്‌കൂള്‍ യൂണിഫോം ധരിച്ചാണ് കോടതിയില്‍ എത്തിയത്.
ഇന്നലെ രാവിലെ 11.10-നാണ് സ്‌കൂളിലെ അധ്യാപകരെയും വിദ്യാര്‍ഥികളെയും നടുക്കിയ സംഭവമുണ്ടായത്. വീട്ടില്‍നിന്ന് സ്‌കൂളിലേക്ക് ഒളിപ്പിച്ചുകടത്തിയ കത്തി കൊണ്ടാണ് 14 വയസുകാരിഅധ്യാപികയെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ചത്. തുടര്‍ന്ന് പോലീസ് സ്‌കൂളിലും സമീപത്തും നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്. സംഭവത്തെതുടര്‍ന്ന് വില്ലെട്ടണ്‍ സീനിയര്‍ ഹൈസ്‌കൂള്‍ ഇന്നലെ അടച്ചിട്ടു.
വില്ലെട്ടണ്‍ സീനിയര്‍ ഹൈസ്‌കൂളില്‍ പോലീസ് പരിശോധന നടത്തുന്നു.
ബാഗില്‍ കത്തി ഒളിപ്പിച്ച 13 വയസുകാരിയെയാണ് ആദ്യം അറസ്റ്റ് ചെയ്തത്. 14 വയസുകാരി സ്‌കൂളില്‍നിന്ന് ഓടിപ്പോയെങ്കിലും മണിക്കൂറുകള്‍ക്കുള്ളില്‍ സമീപത്തുനിന്ന് പോലീസ് പിടികൂടി. അധ്യാപികയെ കൊല്ലാന്‍ ശ്രമിച്ചതിന് ഇന്നലെ രാത്രിയില്‍ തന്നെ ഇരുവര്‍ക്കും മേല്‍ കുറ്റം ചുമത്തി. അധ്യാപികയെ കൊല്ലാനുള്ള പദ്ധതിയെക്കുറിച്ച് ഇരുവരും ഒക്ടോബര്‍ 14 മുതല്‍ ഓണ്‍ലൈനില്‍ ചാറ്റ് ചെയ്തിരുന്നതായി പോലീസ് കണ്ടെത്തി.
50 വയസുള്ള അധ്യാപികയെ ഫിയോണ സ്റ്റാന്‍ലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ആരോഗ്യനില തൃപ്തികരമായതിനെതുടര്‍ന്ന് ഡിസ്ചാര്‍ജ് ചെയ്തു. അധ്യാപികയുടെ ഇടതു തോളിനു സമീപം ഒരു സെന്റീമീറ്ററോളം ആഴത്തില്‍ മുറിവേറ്റതായി പോലീസ് പറഞ്ഞു.
സ്‌കൂള്‍ കത്തിക്കാനും പദ്ധതിയിട്ടു
അധ്യാപികയെ കൊല്ലാന്‍ പദ്ധതിയിട്ട രണ്ട് വിദ്യാര്‍ത്ഥികളും ഡിസ്‌കോര്‍ഡ് എന്ന മൊബൈല്‍ ആപ്ലിക്കേഷനില്‍ രണ്ടാഴ്ചയോളം ചാറ്റ് ചെയ്തതായി പോലീസ് കോടതിയെ അറിയിച്ചു.
സ്‌കൂള്‍ കത്തിക്കുന്നതിനെക്കുറിച്ച് ഇരുവരും ഗൗരവമേറിയ ചര്‍ച്ചയാണു നടത്തിയതെന്ന് സ്റ്റേറ്റ് പ്രോസിക്യൂട്ടര്‍ മഡലീന്‍ പ്ലെസ്റ്റര്‍ പറഞ്ഞു. കത്തിക്കാന്‍ ഏത് വാതകമാണ് ഉപയോഗിക്കേണ്ടതെന്നും ഒരു മുറിയില്‍ തീ പടരാന്‍ എത്ര സമയമെടുക്കുമെന്നും 14 വയസുകാരി വലിയ ഗവേഷണം നടത്തി. 14 വയസുകാരിയുടെ പ്രവൃത്തികള്‍ തന്നെ ഭയപ്പെടുത്തുന്നതായി 13 വയസുകാരി ചാറ്റില്‍ പറയുന്നുണ്ട്.
അടുക്കളയില്‍ ഉപയോഗിക്കുന്ന 25 സെന്റീമീറ്റര്‍ നീളമുള്ള കത്തി വീട്ടില്‍നിന്നെടുത്ത് 14 വയസുകാരി 13 കാരിക്ക് ഒളിപ്പിക്കാനായി നല്‍കുകയായിരുന്നു. പിന്നീട് ഇത് സകൂളില്‍വച്ച് കൈമാറി.
14 വയസുകാരി അധ്യാപികയെ കാണാന്‍ സ്റ്റുഡന്റ് സര്‍വീസ് കെട്ടിടത്തിലേക്ക് പോയപ്പോള്‍ മറ്റേ പെണ്‍കുട്ടി സ്‌കൂള്‍ അങ്കണത്തില്‍ നിലയുറപ്പിക്കുകയും ചെയ്തു. അധ്യാപികയെ കുത്തിക്കൊല്ലാന്‍ പോകുകയാണെന്നു മറ്റ് വിദ്യാര്‍ത്ഥികളോട് വെളിപ്പെടുത്തുകയും ചെയ്തു.
വിദ്യാര്‍ത്ഥികളുമായുള്ള യോഗത്തിനു ശേഷം പുറത്തേക്കു വന്ന അധ്യാപികയുടെ ഇടതു കക്ഷത്തിന് താഴെ കുത്തുകയായിരുന്നുവെന്ന് പ്രോസിക്യൂട്ടര്‍ പറഞ്ഞു. തുടര്‍ന്ന് 14 വയസുകാരി സ്‌കൂളില്‍നിന്ന് ഇറങ്ങിയോടുകയും കൂട്ടുകാരി ക്ലാസില്‍ പോയിരിക്കുകയും ചെയ്തു.
കുട്ടികളുടെ ജാമ്യത്തിന് എതിരല്ലെങ്കിലും രണ്ട് കൗമാരക്കാര്‍ തമ്മിലുള്ള ഓണ്‍ലൈന്‍ സന്ദേശങ്ങള്‍ അവിശ്വസനീയമാംവിധം ആശങ്കാജനകമാണെന്ന് മഡലീന്‍ പ്ലെസ്റ്റര്‍ പറഞ്ഞു. 14 വയസുകാരി ജാമ്യത്തിന് അപേക്ഷിച്ചില്ലെങ്കിലും പ്രായവും മാനസികാരോഗ്യ പ്രശ്നങ്ങളും കണക്കിലെടുത്ത് പെര്‍ത്തിലെ ചില്‍ഡ്രന്‍സ് ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ കോടതി ഉത്തരവിട്ടു. അടുത്തയാഴ്ച വീണ്ടും കോടതിയില്‍ ഹാജരാകണം.
പതിമൂന്നുകാരിയായ പെണ്‍കുട്ടിക്ക്, കൂട്ടുപ്രതിയുമായോ കുത്തേറ്റ അധ്യാപികയുമായോ കേസിലെ സാക്ഷികളുമായോ ബന്ധപ്പെടാന്‍ ശ്രമിക്കരുത് എന്നതുള്‍പ്പെടെ കര്‍ശന ഉപാധികളോടെ കോടതി ജാമ്യം അനുവദിച്ചു. സ്‌കൂളിന്റെ 100 മീറ്ററിനുള്ളില്‍ പ്രവേശിക്കരുത്, സോഷ്യല്‍ മീഡിയ ഉപയോഗിക്കരുത്, കോടതി അനുവദിച്ച വ്യക്തിയുമായി മാത്രമേ വീട്ടില്‍ നിന്ന് പുറത്തിറങ്ങാന്‍ കഴിയൂ എന്നീ വ്യവസ്ഥകളാണ് 13 വയസുകാരിക്ക് ബാധകം. അടുത്ത മാസം വീണ്ടും കോടതിയില്‍ ഹാജരാകണം.
സാമൂഹികമായി ഉയര്‍ന്ന കുടുംബത്തില്‍നിന്നുള്ള 13-കാരിക്ക് മാനസികാരോഗ്യ പ്രശ്‌നങ്ങളില്ലെന്ന് പോലീസ് അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.