ഉപതിരഞ്ഞെടുപ്പ്: ഹിമാചലിലും രാജസ്ഥാനിലും കോണ്‍ഗ്രസ് മുന്നേറ്റം: ബംഗാളില്‍ മമതയുടെ തേരോട്ടം; അസമില്‍ ബിജെപി

ഉപതിരഞ്ഞെടുപ്പ്: ഹിമാചലിലും രാജസ്ഥാനിലും കോണ്‍ഗ്രസ് മുന്നേറ്റം: ബംഗാളില്‍ മമതയുടെ തേരോട്ടം; അസമില്‍ ബിജെപി

ന്യൂഡല്‍ഹി: രാജ്യത്തെ 13 സംസ്ഥാനങ്ങളിലെ 29 നിയമസഭാ മണ്ഡലങ്ങളിലേക്കും കേന്ദ്ര ഭരണപ്രദേശമായ ദാദ്ര ആന്‍ഡ് നഗര്‍ ഹവേലിയടക്കമുള്ള മൂന്ന് ലോക്സഭാ മണ്ഡലങ്ങളിലേക്കും നടന്ന ഉപതിരഞ്ഞെടുപ്പിന്റെ അന്തിമ ചിത്രം വ്യക്തമായി.

ഹിമാചല്‍ പ്രദേശില്‍ ഉപതിരഞ്ഞെടുപ്പ് നടന്ന മൂന്ന് നിയമസഭാ സീറ്റുകളും ഒരു ലോക്സഭാ സീറ്റും കോണ്‍ഗ്രസ് തൂത്തുവാരി. 2019 ല്‍ ബിജെപി നാല് ലക്ഷത്തിന് മുകളില്‍ ഭൂരിപക്ഷം നേടിയ മാണ്ഡി ലോക്സഭാ മണ്ഡലത്തില്‍ മുന്‍ മുഖ്യമന്ത്രി വീര്‍ഭദ്ര സിങിന്റെ ഭാര്യ പ്രതിഭാ സിങ് മികച്ച ഭൂരിപക്ഷത്തില്‍ ജയിച്ചു.

മൂന്ന് നിയമസഭാ മണ്ഡലങ്ങളിലും കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ വിജയം കണ്ടു. ഫത്തേപുരില്‍ ഭവാനി സിങ് പതാനിയ 5789 വോട്ടുകള്‍ക്കും അര്‍കിയില്‍ സഞ്ജയ് 3219 വോട്ടുകള്‍ക്കും ജുബ്ബല്‍ കോതായിയില്‍ രോഹിത് ഠാക്കൂര്‍ 6293 വോട്ടുകള്‍ക്കുമാണ് ജയിച്ചത്. ജുബ്ബല്‍ ബിജെപിയുടെ സിറ്റിങ് സീറ്റാണ്.

രാജസ്ഥാനില്‍ തിരഞ്ഞെടുപ്പ് നടന്ന രണ്ട് സീറ്റിലും കോണ്‍ഗ്രസ് വിജയം കണ്ടു. ബിജെപിയുടെ സിറ്റിങ് സീറ്റായ ധരിവാദില്‍ 18,655 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ജയിച്ചത്. വല്ലഭ് നഗറിലും കോണ്‍ഗ്രസ് മികച്ച ഭൂരിപക്ഷം നേടി. ഇവിടെ ബിജെപി നാലാം സ്ഥാനത്തായി.

മഹാരാഷ്ട്രയിലെ ദെഗ്ലൂര്‍ നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ ജിതേഷ് റാവുസാഹിബ് അന്തുപൂര്‍കര്‍ 27,763 വോട്ടുകള്‍ക്ക് ജയിച്ചു. ആന്ധ്രപ്രദേശിലെ ബദ്വേല്‍ മണ്ഡലത്തില്‍ വൈഎസ്ആര്‍ കോണ്‍ഗ്രസ് വന്‍ ഭൂരിപക്ഷത്തിന് വിജയിച്ചു. ഹരിയാണയില്‍ ഇന്ത്യന്‍ നാഷണല്‍ ലോക്ദള്‍ നേതാവ് അഭയ് ചൗട്ടല എല്ലനാബാദ് മണ്ഡലത്തില്‍ നിന്ന് വിജയിച്ചു.

പശ്ചിമ ബംഗാളില്‍ ഉപതിരഞ്ഞെടുപ്പ് നടന്ന സീറ്റുകളെല്ലാം മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ് തൂത്തുവാരി. നാല് നിയമസഭാ മണ്ഡലങ്ങളിലും തൃണമൂല്‍ വ്യക്തമായ ഭൂരിപക്ഷം നേടി. കേന്ദ്ര ആഭ്യന്തര സഹ മന്ത്രി നിസിത് പ്രമാണിക് മാസങ്ങള്‍ക്ക് മുമ്പ് 57 വോട്ടിന് വിജയിച്ച ദിന്‍ഹത മണ്ഡലത്തില്‍ തൃണമൂലിന്റെ ഭൂരിപക്ഷം ഒന്നര ലക്ഷം കവിഞ്ഞു. ലോക്സഭാ അംഗത്വം നിലനിര്‍ത്തുന്നതിന് വേണ്ടി നിയമസഭാ അംഗത്വം നിസിത് രാജിവെച്ചതിനെ തുടര്‍ന്നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് നടന്നത്.

ബിജെപിയുടെ മറ്റൊരു സിറ്റിങ് സീറ്റായ ശാന്തിപുറിലും തൃണമൂല്‍ മികച്ച ഭൂരിപക്ഷം നേടി. 63892 വോട്ടുകളുടെ ലീഡുണ്ട് തൃണമൂലിന് ഇവിടെ. ഗോസബ മണ്ഡലത്തില്‍ 143051 ആണ് തൃണമൂലിന്റെ ഭൂരിപക്ഷം . ഖര്‍ദഹയില്‍ 93832 വോട്ടിന്റെ ലീഡ് നേടി.

കര്‍ണാടകയില്‍ രണ്ട് സീറ്റുകളിലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. ജെഡിഎസിന്റെ സിറ്റിങ് സീറ്റായിരുന്ന സിന്ദ്ഗിയില്‍ ബിജെപി 31185 വോട്ടിന്റെ ഭൂരിപക്ഷത്തിന് ജയിച്ചപ്പോള്‍ ഹംഗലില്‍ കോണ്‍ഗ്രസ് 7319 വോട്ടിന് ജയിച്ചു. ബിജെപിയുടെ സിറ്റിങ് സീറ്റാണ് കോണ്‍ഗ്രസ് പിടിച്ചെടുത്തത്.

അസമില്‍ ഉപതിരഞ്ഞെടുപ്പ് നടന്ന അഞ്ച് സീറ്റുകളിലും ബിജെപി സഖ്യം വ്യക്തമായ ഭൂരപക്ഷം നേടിയിട്ടുണ്ട്. ഇതില്‍ ബിജെപി വിജയിച്ച മൂന്ന് സീറ്റുകളും കോണ്‍ഗ്രസിന്റെ സിറ്റിങ് സീറ്റുകളാണ്. ഏപ്രിലില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച് ബിജെപി ടിക്കറ്റില്‍ മത്സരിച്ചവരാണ് വിജയിച്ചത്.

മധ്യപ്രദേശില്‍ ഉപതിരഞ്ഞെടുപ്പ് നടന്ന മൂന്ന് നിയമസഭാ മണ്ഡലങ്ങളില്‍ രണ്ടിടത്ത് ബിജെപിയും ഒരിടത്തും കോണ്‍ഗ്രസും മുന്നിട്ട് നില്‍ക്കുന്നു. പൃഥിപുരിലും ജോബാറ്റിലുമാണ് ബിജെപി മുന്നേറുന്നത്. രണ്ടും കോണ്‍ഗ്രസിന്റെ സിറ്റിങ് സീറ്റുകളാണ്. അതേ സമയം ബിജെപിയുടെ സിറ്റിങ് സീറ്റായ റായ്ഗോണില്‍ കോണ്‍ഗ്രസിനാണ് ലീഡ്. ഉപതിരഞ്ഞെടുപ്പ് നടന്ന ഖന്ദ്വ ലോക്സഭാ സീറ്റില്‍ ബിജെപിയാണ് മുന്നില്‍.

തെലങ്കാനയില്‍ ടിആര്‍എസില്‍ നിന്ന് രാജിവെച്ച് ബിജെപിയിലെത്തിയ മുന്‍ മന്ത്രി എടാല രാജേന്ദര്‍ മുന്നിലാണ്. മിസോറാമില്‍ മിസോ നാഷണല്‍ ഫ്രണ്ട് സ്ഥാനാര്‍ഥി ജയിച്ചു. ദാദ്ര ആന്‍ഡ് നഗര്‍ ഹവേലി ലോക്സഭാ സീറ്റില്‍ ശിവസേന സ്ഥാനാര്‍ഥി 50677 വോട്ടുകള്‍ ജയിച്ചു.

അസമില്‍ അഞ്ച്, പശ്ചിമ ബംഗാളില്‍ നാല്, മധ്യപ്രദേശ്, ഹിമാചല്‍ പ്രദേശ്, മേഘാലയ എന്നിവിടങ്ങളില്‍ മൂന്ന് വീതം, ബിഹാര്‍, കര്‍ണാടക, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ രണ്ട് വീതം, ആന്ധ്രപ്രദേശ്, ഹരിയാണ, മഹാരാഷ്ട്ര, മിസോറാം, തെലങ്കാന എന്നിവിടങ്ങളില്‍ ഓരോ വീതം നിയമസഭാ മണ്ഡലങ്ങളിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. ഇതില്‍ ഏഴ് സീറ്റുകള്‍ ബിജെപിയുടേയും ഒമ്പത് സീറ്റുകള്‍ കോണ്‍ഗ്രസിന്റേയും സിറ്റിങ് സീറ്റുകളാണ്. ബാക്കി മറ്റു പ്രാദേശിക പാര്‍ട്ടികളുടേതുമാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.