അബുദാബി: ട്വന്റി-20 ലോകകപ്പ് സൂപ്പര്‍ 12 മത്സരത്തല്‍ ബംഗ്ലാദേശിനെ ആറു വിക്കറ്റിന് തകര്‍ത്ത് ദക്ഷിണാഫ്രിക്കയുടെ പടയോട്ടം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് ഉയര്‍ത്തിയ 85 റണ്‍സ് വിജയലക്ഷ്യം 13.3 ഓവറിലാണ് പ്രോട്ടീസ് മറികടന്നത്. നാലു വിക്കറ്റും നഷ്ടമായി.
ഒരു ഘട്ടത്തില്‍ 5.5 ഓവറില്‍ മൂന്നിന് 33 റണ്‍സെന്ന നിലയിലായിരുന്ന ദക്ഷിണാഫ്രിക്കയെ നാലാം വിക്കറ്റില്‍ ഒന്നിച്ച ടെംബ ബവുമ - റസി വാന്‍ഡെര്‍ ദസന്‍ സഖ്യമാണ് രക്ഷിച്ചെടുത്തത്. ഇരുവരും ചേര്‍ന്ന് 47 റണ്‍സാണ് ദക്ഷിണാഫ്രിക്കന്‍ സ്‌കോറിലേക്ക് ചേര്‍ത്തത്. കളിച്ച നാലു മത്സരങ്ങളിലും തോറ്റ ബംഗ്ലാദേശ് ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായി.
ബവുമ 28 പന്തില്‍ നിന്ന് ഒരു സിക്സും മൂന്ന് ഫോറുമടക്കം 31 റണ്‍സോടെ പുറത്താകാതെ നിന്നു. വാന്‍ഡെര്‍ ദസ്സന്‍ 27 പന്തില്‍ നിന്ന് രണ്ടു ബൗണ്ടറിയടക്കം 22 റണ്‍സെടുത്ത് 13-ാം ഓവറില്‍ പുറത്താകുകയായിരുന്നു.
ക്വിന്റണ്‍ ഡിക്കോക്ക് (16), റീസ ഹെന്‍ഡ്രിക്സ് (4), ഏയ്ഡന്‍ മാര്‍ക്രം (0) എന്നിവരാണ് പുറത്തായ മറ്റ് ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍. ബംഗ്ലാദേശിനായി ടസ്‌കിന്‍ അഹമ്മദ് രണ്ടു വിക്കറ്റ് വീഴ്ത്തി.
നേരത്തെ ബംഗ്ലാദേശ് 18.2 ഓവറില്‍ 84 റണ്‍സിന് ഓള്‍ ഔട്ടായിരുന്നു. മൂന്നു വിക്കറ്റ് വീതം വീഴ്ത്തിയ കാഗിസൊ റബാദയുടേയും ആന്റിച്ച് നോര്‍ക്യയുടേയും ബൗളിങ്ങിന് മുന്നില്‍ ബംഗ്ലാ ബാറ്റിങ് നിര തകര്‍ന്നു. തബ്രിസ് ഷംസി രണ്ടും ഡ്വെയ്ന്‍ പ്രിട്ടോറിയസ് ഒരു വിക്കറ്റും വീഴ്ത്തി.
27 റണ്‍സെടുത്ത മെഹ്ദി ഹസ്സനാണ് ബംഗ്ലാദേശിന്റെ ടോപ്പ് സ്‌കോറര്‍. ലിറ്റണ്‍ ദാസ് 24 റണ്‍സെടുത്തപ്പോള്‍ ഷമീം ഹുസൈന്‍ 11 റണ്‍സെടുത്തു. മറ്റു ബാറ്റ്‌സ്മാന്‍മാര്‍ക്കൊന്നും രണ്ടക്കം കാണാനായില്ല.
സ്‌കോര്‍ ബോര്‍ഡില്‍ 22 റണ്‍സെത്തിയപ്പോഴേക്കും ഓപ്പണര്‍ മുഹമ്മദ് നയീം പുറത്തായി. തൊട്ടടുത്ത പന്തില്‍ സൗമ്യ സര്‍ക്കാറും ക്രീസ് വിട്ടു. പിന്നീട് ബംഗ്ലാദേശിന് തുടര്‍ച്ചയായി വിക്കറ്റുകള്‍ നഷ്ടപ്പെട്ടു. ഒരു ഘട്ടത്തിലും ദക്ഷിണാഫ്രിക്കയുടെ ബൗളിങ്ങിനെ പരീക്ഷിക്കാന്‍ അവര്‍ക്കായില്ല.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.