ന്യൂഡല്‍ഹി: രാജ്യത്ത് പ്രതിദിനം ഇന്ധനവില കുതിച്ചുയരുന്നതിനിടെ പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ കേന്ദ്രസര്‍ക്കാര്‍ കുറച്ചു. ഇന്ന് അര്‍ധരാത്രി മുതല്‍ പെട്രോളിന് അഞ്ച് രൂപയും ഡീസലിന് പത്ത് രൂപയും വില കുറയും. വാറ്റ് നികുതി കുറയ്ക്കാന്‍ സംസ്ഥാനങ്ങളോടും കേന്ദ്രം ആവശ്യപ്പെട്ടു.
ഇന്ധന വിലയില്‍ ഈ വര്‍ഷത്തെ റെക്കോര്‍ഡ് വര്‍ധനയ്ക്കു ശേഷമാണ് ഇപ്പോള്‍ വില കുറയുന്നത്. കുതിച്ചുയരുന്ന ഇന്ധന വിലവര്‍ധനയ്‌ക്കെതിരേ രാജ്യത്ത് പ്രതിഷേധങ്ങള്‍ കനക്കുന്നതിനിടയിലാണ് മോഡി സര്‍ക്കാര്‍ ദീപാവലി തലേന്ന് ഇന്ധന വില കുറയ്ക്കാന്‍ തീരുമാനിച്ചത്.
കഴിഞ്ഞ ദിവസം നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പിക്ക് പ്രതീക്ഷിച്ച വിജയം നേടാനാകാത്തതിനു പ്രധാന കാരണം ഇന്ധന വില കുതിച്ചുയരുന്നതാണെന്നു പൊതുവേ വിലയിരുത്തപ്പെട്ടിരുന്നു. ഇതും കൂടി കണക്കിലെടുത്താണ് കേന്ദ്രതീരുമാനം.
ഇന്ധനവില കുറഞ്ഞത് കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന ഏപ്രില്‍ മാസത്തിലും പിന്നീട് സെപ്റ്റംബറിലുമാണ്. സെപ്റ്റംബറില്‍ ഡീസലിന് 1.11 രൂപ കുറഞ്ഞതാണ് നിരക്കിലുണ്ടായ ഏറ്റവും വലിയ കുറവ്.
ഒരിടവേളയ്ക്കു ശേഷം സെപ്റ്റംബര്‍ 24 മുതലാണ് ഇന്ധന വില കൂടാന്‍ തുടങ്ങിയത്. ഈ വര്‍ഷം ഇതുവരെയുള്ള വില വര്‍ധന പെട്രോളിന് 31 ശതമാനവും ഡീസലിന് 33 ശതമാനവുമാണ്. കഴിഞ്ഞ 10 മാസത്തിനിടെ പെട്രോളിന് 26.06 രൂപയും ഡീസലിന് 25.91 രൂപയുമാണ് വര്‍ധിച്ചത്. വാണിജ്യ ആവശ്യത്തിനുള്ള പാചകവാതകത്തിന്റെ വിലയും എണ്ണക്കമ്പനികള്‍ ഈ മാസം വര്‍ധിപ്പിച്ചിരുന്നു. സിലിണ്ടറിന്റെ വില 268 രൂപയാണ് കൂട്ടിയത്. ഈ വര്‍ഷം ഇതുവരെ 721.50 രൂപയാണ് വാണിജ്യ സിലിണ്ടറുകള്‍ക്ക് മാത്രം വര്‍ധിപ്പിച്ചത്. ഗാര്‍ഹിക സിലിണ്ടര്‍ വില 205 രൂപയും കൂട്ടി. ഡീസല്‍ വില കൂടിയത് നിത്യോപയോഗ സാധനങ്ങളുടെ വിലയില്‍ വലിയ വര്‍ധന വരുത്തിയിട്ടുണ്ട്.
ഇന്ധന വിലയ്ക്ക് എതിരെ രാജ്യവ്യാപകമായി ഉയരുന്ന പ്രതിഷേധവും നിലവിലെ കര്‍ഷക പ്രക്ഷോഭവുമെല്ലാം കണക്കിലെടുത്താണ് വില കുറയ്ക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.