നികുതി കുറച്ചില്ലെങ്കില്‍ സമരം ഇടത് സര്‍ക്കാരിനെതിരെ തിരിക്കുമെന്ന് കോണ്‍ഗ്രസ്; ശക്തമായ പ്രക്ഷോഭമെന്ന് ബിജെപി

നികുതി കുറച്ചില്ലെങ്കില്‍ സമരം ഇടത് സര്‍ക്കാരിനെതിരെ തിരിക്കുമെന്ന് കോണ്‍ഗ്രസ്; ശക്തമായ പ്രക്ഷോഭമെന്ന് ബിജെപി

തിരുവനന്തപുരം: പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ കുറയ്ക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം സ്വാഗതാര്‍ഹമാണെന്നും സംസ്ഥാന സര്‍ക്കാര്‍ ആനുപാതികമായി നികുതി കുറയ്ക്കണമെന്നമെന്നും കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ ആവശ്യപ്പെട്ടു.

നികുതി കുറയ്ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ ഇന്ധന വില വര്‍ധനക്കെതിരായ കോണ്‍ഗ്രസ് സമരം സംസ്ഥാനത്തെ ഇടത് സര്‍ക്കാരിന് എതിരെ മാത്രമാക്കുമെന്നും സുധാകരന്‍ മുന്നറിയിപ്പു നല്‍കി.

കേന്ദ്ര സര്‍ക്കാറിനെ മാതൃകയാക്കി സംസ്ഥാന സര്‍ക്കാരും ഇന്ധന നികുതി കുറയ്ക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും ആവശ്യപ്പെട്ടു. മറ്റു പല സംസ്ഥാനങ്ങളും നികുതി കുറച്ച് കേന്ദ്രത്തിന് പിന്തുണ നല്‍കിയിട്ടും സംസ്ഥാന സര്‍ക്കാര്‍ അതിന് തയ്യാറാകുന്നില്ല.

കേന്ദ്രം നികുതി കുറച്ചാല്‍ കേരളവും നികുതി കുറയ്ക്കാമെന്ന വാഗ്ദാനം പാലിക്കാന്‍ ധനകാര്യ മന്ത്രി തയ്യാറാവണം. നികുതി കുറയ്ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭത്തിന് ബിജെപി നേതൃത്വം നല്‍കുമെന്നും സുരേന്ദ്രന്‍ അറിയിച്ചു.

എന്നാല്‍ പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ കുറച്ച കേന്ദ്ര സര്‍ക്കാര്‍ നടപടി പോക്കറ്റടിക്കാരന്റെ ന്യായം മാത്രമാണെന്നാണ് സംസ്ഥാന ധനകാര്യ മന്ത്രി കെ.എന്‍ ബാലഗോപാലിന്റെ പ്രതികരണം. പോക്കറ്റിലെ കാശ് മുഴുവന്‍ തട്ടിപ്പറിച്ച് വണ്ടിക്കൂലി തരുന്ന പോക്കറ്റടിക്കാരന്റെ ന്യായമാണ് കേന്ദ്ര സര്‍ക്കാരിന്റേതെന്ന് ധനമന്ത്രി പറഞ്ഞു.

സംസ്ഥാനം കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ നികുതി വര്‍ധിപ്പിച്ചിട്ടില്ല. ഇപ്പോള്‍ നികുതി കുറയ്ക്കുന്നത് കേരളത്തിന് ബാധ്യതയാകും. കൂട്ടിയ നികുതിയാണ് മറ്റ് സംസ്ഥാനങ്ങള്‍ കുറയ്ക്കുന്നതെന്നും ധനമന്ത്രി പറയുന്നു.

മോഡി സര്‍ക്കാര്‍ 2014 ല്‍ അധികാരത്തിലെത്തുമ്പോള്‍ 9.48 രൂപയായിരുന്നു എക്‌സൈസ് നികുതി. അത് പിന്നീട് 32 രൂപ വരെ വര്‍ധിപ്പിച്ചു. അതില്‍ നിന്നാണ് 10 രൂപ കുറച്ചത്. കേരളം ആനുപാതികമായി വില കുറച്ചിട്ടുണ്ട്. ഇക്കാര്യം ഗൗരവമായി കാണണം'. ഇപ്പോള്‍ കേന്ദ്രം കുറച്ചതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ക്ക് വില കുറയ്ക്കാനാകില്ലെന്നും ബാലഗോപാല്‍ പറഞ്ഞു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.