ഷാർജ: ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്‍റെ ആദ്യ ദിനം സന്ദർശകരുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ബുധനാഴ്ച വൈകുന്നേരത്തോടെ നിരവധിപേരാണ് പുസ്തകോത്സവ വേദിയിലേക്ക് എത്തിയത്. കുടുംബമായി പുസ്തകോത്സവം കാണാനും പുസ്തകങ്ങള്‍ വാങ്ങാനുമായെത്തിയവരും നിരവധി. 13 ലക്ഷത്തിലധികം പുസ്കതങ്ങളാണ് ഇത്തവണ വായനക്കാർക്കായി ഒരുക്കിയിരിക്കുന്നത്. 9 പുതിയ രാജ്യങ്ങളുടെ പങ്കാളിത്തവും ഇത്തവണത്തെ പ്രത്യേകതയാണ്.
മലയാളം തിളങ്ങുന്ന ഹാള്‍ നമ്പർ 7
മലയാളം അടക്കമുളള ഇന്ത്യന്‍ പ്രസാധകർ ഹാള്‍ നമ്പർ 7 ലാണ് പുസ്തകം ഒരുക്കിയിട്ടുളളത്. പുസ്തകോത്സവത്തിലെ ഇന്ത്യൻ സ്റ്റാൻഡ് ഉദ്ഘാടനം ദുബായ് കോൺസൽ ജനറൽ ഡോ. അമൻ പുരി നിർവഹിച്ചു. ലളിതമായ ചടങ്ങിൽ, ഇന്ത്യൻ ലേബർ കോൺസുൽ റ്റാഡൂ മാമു, ഷാർജ ബുക്ക് അതോറിറ്റിയുടെ ഔദ്യോഗിക പ്രതിനിധികളിൽ പ്രധാനിയായ മോഹൻ കുമാർ തുടങ്ങിയ പ്രമുഖരും പങ്കെടുത്തു.കേരളത്തില്‍ നിന്ന് ഡിസി ബുക്സ്, ലിപി, ഒലീവ്, സൈകതം, യുവത, തുടങ്ങിയവയും പ്രമുഖ മാധ്യമസ്ഥാപനങ്ങളുടെ പ്രസാധകരും സജീവ സാന്നിദ്ധ്യമാണ്.
ആദ്യദിനം താരമായി അബ്ദുള്‍ റസാഖ് ഗുർണ
അന്താരാഷ്ട്ര പുസ്തകോത്സവത്തിന്‍റെ ആദ്യദിനത്തെ സമ്പന്നമാക്കിക്കൊണ്ട് ഇത്തവണത്തെ നോബൽ സാഹിത്യ പുരസ്‌കാര ജേതാവ് അബ്ദുൾ റസാഖ് ഗുർണ ആസ്വാദകരോട് സംവദിച്ചു. പൂർണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് എക്സ്പോ സെന്‍ററിലെ ബോൾറൂമിലാണ് മുഖാമുഖം പരിപാടി സംഘടിപ്പിച്ചത്.
വിവിധ സാഹിത്യ, കലാ, സാംസ്‌കാരിക രംഗത്തു നിന്നുള്ള പ്രമുഖർ പുസ്തകോത്സവ നഗരിയിൽ ആസ്വാദകരോട് സംവദിക്കും. ഒപ്പം, യൂ ട്യൂബ് അടക്കമുള്ള നവമാധ്യമ രംഗത്തെ ജനപ്രിയ താരങ്ങളും ഇത്തവണ മേളയിലെ സജീവ സാന്നിദ്ധ്യമാണ്. മലയാളത്തിൽ നിന്ന്, പ്രഗത്ഭ നോവലിസ്റ്റും തിരക്കഥാകൃത്തുമായ പിഎഫ് മാത്യൂസ്, കവിയും വാദ്യ വിദ്വാനുമായ മനോജ് കൂറൂർ, സഞ്ചാര സാഹിത്യകാരൻ സന്തോഷ് ജോർജ് കുളങ്ങര, എഴുത്തുകാരി ദീപ നിശാന്ത് എന്നിവർ ഇത്തവണ മേളയിൽ സംബന്ധിക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.