കണ്ണൂര്‍: തിങ്കളാഴ്ച സ്‌കൂള്‍ തുറന്നപ്പോള്‍ കൂട്ടുകാരികള്‍ക്കൊപ്പം കളിചിരികള്‍ പങ്കുവച്ച് ക്ലാസ് മുറിയിലെത്തേണ്ട ഫാത്തിമയെന്ന പെണ്‍കുട്ടി സ്വന്തം മാതാപിതാക്കളുടെ അന്ധ വിശ്വാസത്തിന്റെ ബലിയാടായി സ്‌കൂള്‍ തുറക്കുന്നതിന്റെ തലേന്നാണ് ആറടി മണ്ണില്‍ അലിഞ്ഞു ചേര്‍ന്നത്. കണ്ണൂര്‍ സിറ്റി നാലുവയലില്‍ സത്താര്‍-സാബിറ ദമ്പതികളുടെ മകളായിരുന്നു ഫാത്തിമ.
പനി ബാധിച്ച കുട്ടിയെ ആശുപത്രിയില്‍ കൊണ്ടു പോകാതെ 'ജപിച്ച് ഊതല്‍ 'നടത്തുന്ന പ്രാകൃത ചികിത്സാ രീതിയാണ് അവളുടെ ജീവനെടുത്തത്. ആശുപത്രിയില്‍ മരിച്ചാല്‍ നരകത്തില്‍ പോകുമെന്ന് ഭയപ്പെടുത്തിയാണ് 'ജപിച്ച് ഊതല്‍' നടത്തിയത് എന്നു കേള്‍ക്കുമ്പോള്‍ ഇതൊക്കെ നടന്നത് കേരളത്തില്‍ തന്നെയോ എന്ന് സംശയിച്ചു പോകും.
രോഗികളെ ആശുപത്രിയില്‍ കൊണ്ടുപോകാതെ 'ജപിച്ച് ഊതല്‍ 'നടത്തുന്ന ഇമാം ഉവൈസിന്റെ സ്വാധീനത്തില്‍പ്പെട്ടു പോയതാണ് ഫാത്തിമയുടെ കുടുംബത്തിനുണ്ടായ ദുരന്ത കാരണം. ഇയാളുടെ 'ഊത്ത്' ചികിത്സയില്‍ പെട്ടുപോയ കൂടുതല്‍ കുടുംബങ്ങള്‍ കണ്ണൂരിലുണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ കണ്ണൂര്‍ സിറ്റിയിലെ നിരവധിപ്പേര്‍ക്ക് ഇമാം ഉവൈസ് 'ജപിച്ച് ഊതല്‍' നടത്തിയിട്ടുണ്ട്.
നാലു ദിവസമായി കടുത്ത പനിയുണ്ടായിരുന്ന കുട്ടിയെ ആശുപത്രിയില്‍ കൊണ്ടുപോയി വേണ്ട ചികിത്സ നടത്താതിരുന്നതിനാല്‍ കഴിഞ്ഞ ഞായറാഴ്ച പുലര്‍ച്ചെ ബോധരഹിതയായി. ഇതോടെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
സ്വാഭാവിക മരണമാണെന്നും പോസ്റ്റുമോര്‍ട്ടം വേണ്ടെന്നും ബന്ധുക്കള്‍ കടുംപിടുത്തം പിടിച്ചെങ്കിലും നാട്ടുകാരുടെ സമ്മര്‍ദ്ദത്തില്‍ പൊലീസ് ഇടപെട്ട് പോസ്റ്റ്‌മോര്‍ട്ടം നടത്തുകയായിരുന്നു. ശ്വാസകോശത്തിലെ അണുബാധയും വിളര്‍ച്ചയുമായിരുന്നു മരണ കാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായി.
2014 മുതല്‍ അഞ്ചുപേര്‍ ഇമാം ഉവൈസിന്റെ സ്വാധീനത്തില്‍ പെട്ട് ചികിത്സ കിട്ടാതെ മരണപ്പെട്ടതായാണ് നാട്ടുകാര്‍ പറയുന്നത്. 2014 ല്‍ പടിക്കല്‍ സഫിയ, 2016 ഓഗസ്റ്റില്‍ അഷ്‌റഫ്, 2017 ഏപ്രിലില്‍ നഫീസു. 2018 മേയില്‍ അന്‍വര്‍ എന്നിവരുടെ മരണത്തെക്കുറിച്ചാണ് പരാതി ഉയര്‍ന്നത്.
അസുഖം ബാധിച്ചുള്ള സ്വാഭാവികം മരണം എന്ന് കാണിച്ച് പോസ്റ്റ്‌മോര്‍ട്ടം നടത്താതെയാണ് ഇവരെയെല്ലാം സംസ്‌കരിച്ചത്. ഇതുമായി ബന്ധപ്പെട്ടെല്ലാം അന്വേഷണം വേണമെന്നാണ് നാട്ടുകാരുടെ ഇപ്പോഴത്തെ ആവശ്യം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.