ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനം കേരളാ കോണ്‍ഗ്രസ് എമ്മിന്

ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനം കേരളാ കോണ്‍ഗ്രസ് എമ്മിന്

തിരുവനന്തപുരം: ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനം ഇത്തവണ കേരളാ കോണ്‍ഗ്രസ് എമ്മിന് ലഭിക്കും. മുന്‍ സര്‍ക്കാരിന്റെ കാലത്ത് ഐഎന്‍എല്‍ വഹിച്ചിരുന്ന സ്ഥാനമാണിത്. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് മുസ്ലീം ലീഗാണ് ഈ പദവി കൈയ്യാളിയിരുന്നത്.

എല്‍ഡിഎഫിലെ ബോര്‍ഡ്, കോര്‍പ്പറേഷന്‍ വിഭജനം ഏകദേശം പൂര്‍ത്തിയാകുമ്പോള്‍ മൊത്തം ആറ് സ്ഥാനങ്ങളാണ് കേരളാ കോണ്‍ഗ്രസ് എമ്മിന് ലഭിച്ചിരിക്കുന്നത്. സിപിഐ കഴിഞ്ഞ തവണത്തെ അത്ര തന്നെ സ്ഥാനങ്ങള്‍ നിലനിര്‍ത്തിയപ്പോള്‍ ചെറുകക്ഷികള്‍ക്ക് നഷ്ടമുണ്ടായി.

സര്‍ക്കാര്‍ അധികാരത്തിലെത്തി ആറ് മാസമാകുമ്പോഴാണ് എല്‍ഡിഎഫിലെ ബോര്‍ഡ് കോര്‍പ്പറേഷന്‍ വിഭജനം പൂര്‍ത്തിയായിരിക്കുന്നത്. പുതുതായി വന്ന കക്ഷികള്‍ക്ക് നല്‍കുന്ന സ്ഥാനമാനങ്ങളെപ്പറ്റി നിലനിന്നിരുന്ന ഭിന്നതകളാണ് ബോര്‍ഡ് കോര്‍പ്പറേഷന്‍ വിഭജനം ഇത്രയും വൈകിപ്പിച്ചത്.

പുതുതായി മുന്നണിയിലേക്ക് വന്ന പ്രധാന കക്ഷിയായ കേരളാ കോണ്‍ഗ്രസ് എം 15 സീറ്റുകളാണ് ചോദിച്ചത്. ആറ് ചെയര്‍മാന്‍ സ്ഥാനങ്ങള്‍ നല്‍കാമെന്നുള്ള ധാരണയിലാണ് ഇപ്പോള്‍ അന്തിമ തീരുമാനം ഉണ്ടായിരിക്കുന്നത്.

മുന്‍ സര്‍ക്കാരിന്റെ കാലത്ത് ഐഎന്‍എല്‍ വഹിച്ചിരുന്ന ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനം കേരളാ കോണ്‍ഗ്രസ് എമ്മിന് നല്‍കാനുള്ള നടപടി രാഷ്ട്രീയമായ നയം മാറ്റം കൂടിയായാണ് വിലയിരുത്തപ്പെടുന്നത്. ഇതോടൊപ്പം കഴിഞ്ഞ തവണ ജനതാദള്‍ എസ് കൈവശം വെച്ചിരുന്ന കേരളാ വനം വികസന കോര്‍പ്പറേഷനും കേരളാ കോണ്‍ഗ്രസ് എമ്മിന് ലഭിക്കും.

സിപിഐ കഴിഞ്ഞ തവണത്തെ പോലെ തന്നെ 17 സ്ഥാനങ്ങള്‍ നിലനിര്‍ത്തി. അടുത്തയാഴ്ച നടക്കുന്ന എല്‍ഡിഎഫ് യോഗത്തിന് ശേഷമായിരിക്കും ഇതു സംബന്ധിച്ച അന്തിമ പ്രഖ്യാപനമുണ്ടാവുക.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.