ന്യൂഡല്‍ഹി: ഇന്ധന നികുതി കുറയ്ക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ വിമര്‍ശിച്ച് കോണ്‍ഗ്രസ് രംഗത്തെത്തി. ഇന്ധനവില കുറയ്ക്കാനുള്ള കേന്ദ്ര തീരുമാനം ഭയത്തില്‍ നിന്നുണ്ടായതാണെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി ട്വീറ്റ് ചെയ്തു.
ഇന്ധന നികുതി കുറച്ചുകൊണ്ടുള്ള കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപനം പുറത്തുവന്നതിനു പിന്നാലെയാണ് കേന്ദ്ര സര്‍ക്കാരിനെതിരേ പ്രിയങ്ക ആഞ്ഞടിച്ചത്. 'ഈ തീരുമാനം ഭയത്തില്‍ നിന്നുണ്ടായതാണ്, ഹൃദയത്തില്‍ നിന്നുണ്ടായതല്ല. കേന്ദ്ര സര്‍ക്കാരിന്റെ ഈ കൊള്ളയ്ക്ക് വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ ഉത്തരം നല്‍കേണ്ടി വരും'- പ്രിയങ്ക ട്വീറ്റ് ചെയ്തു.
കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാലയും കേന്ദ്രത്തിനെതിരേ രംഗത്തെത്തി. '2021ല്‍ പെട്രോളിന്റേയും ഡീസലിന്റേയും വില 28, 26 രൂപയാണ് വര്‍ധിപ്പിച്ചത്. എന്നാല്‍ 14 സീറ്റുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പിനും രണ്ട് സീറ്റുകളിലേക്കുള്ള ലോക്സഭാ തിരഞ്ഞെടുപ്പിനും ശേഷം പെട്രോള്‍, ഡീസല്‍ വില കുറച്ചിരിക്കുന്നു. അതിനെ മോഡിയുടെ ദീപാവലി സമ്മാനം എന്ന് വിളിക്കുന്നു. ഹേയ് റാം..' എന്നായിരുന്നു സുര്‍ജേവാലയുടെ ട്വീറ്റ്.
ഇന്ധന വില കുറച്ചത് ഉപതിരഞ്ഞെടുപ്പിന്റെ ഉപ ഉല്‍പന്നമാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരം അഭിപ്രായപ്പെട്ടു. പെട്രോളിന്റേയും ഡീസലിന്റേയും വില കത്തിക്കയറാന്‍ ഇടയാക്കിയത് അതിന്റെ കൂടിയ നികുതിയാണ്. നികുതി കൂടാനുള്ള കാരണം കേന്ദ്ര സര്‍ക്കാരിന്റെ അത്യാഗ്രഹമാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
ആര്‍.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവും കേന്ദ്ര പ്രഖ്യാപനത്തിനെതിരേ രംഗത്തെത്തിയിട്ടുണ്ട്. വിലകുറച്ചുകൊണ്ടുള്ള നാടകമാണ് മോഡി സര്‍ക്കാര്‍ കാണിക്കുന്നത്. ലിറ്ററിന് 50 രൂപയെങ്കിലും കുറച്ചിരുന്നെങ്കില്‍ അത് ജനങ്ങള്‍ക്ക് ആശ്വാസമായേനെ. നികുതി കുറച്ചുകൊണ്ടുള്ള തീരുമാനം താല്‍ക്കാലികം മാത്രമാണെന്നും ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ കുറച്ച വില കൂട്ടുമെന്നും അദ്ദേഹം പ്രതികരിച്ചു.
അതിനിടെ നികുതി കുറയ്ക്കാനുള്ള കേന്ദ്ര തീരുമാനത്തിന് പിന്നാലെ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളും വില കുറയ്ക്കല്‍ പ്രഖ്യാപിച്ചു. അസം, ത്രിപുര, കര്‍ണാടക, മണിപുര്‍, ഗോവ, ത്രിപുര, ഗുജറാത്ത്, സിക്കിം, ഹരിയാന എന്നീ സംസ്ഥാനങ്ങളാണ് നികുതി കുറയ്ക്കുന്നതായി പ്രഖ്യാപിച്ചത്.
ഉത്തര്‍പ്രദേശ്, ഹരിയാന എന്നീ സംസ്ഥാനങ്ങള്‍ 12 രൂപ വീതവും ഉത്തരാഖണ്ഡ് രണ്ട് രൂപയും ബാക്കി സംസ്ഥാനങ്ങള്‍ ഏഴ് രൂപ വീതവുമാണ് നികുതിയില്‍ കുറച്ചത്. അതേസമയം ബിജെപി ഭരിക്കുന്ന മധ്യപ്രദേശ് ഇതുവരെ വിലക്കുറവ് പ്രഖ്യാപിച്ചിട്ടില്ല. രാജ്യത്ത് തന്നെ ഏറ്റവും കൂടുതല്‍ ഇന്ധന വിലയുള്ള സംസ്ഥാനമാണ് മധ്യപ്രദേശ്.
പ്രതിപക്ഷം ഭരിക്കുന്ന ഡല്‍ഹി, മഹാരാഷ്ട്ര, ഛത്തീസ്ഗഡ്, തമിഴ്നാട്, പഞ്ചാബ്, പശ്ചിമ ബംഗാള്‍, രാജസ്ഥാന്‍, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങള്‍ ഇതുവരെ ഇന്ധനനികുതി കുറയ്ക്കുന്നത് സംബന്ധിച്ച് തീരുമാനങ്ങളൊന്നും പ്രഖ്യാപിച്ചിട്ടില്ല. വില കുറയ്ക്കേണ്ടതില്ലെന്നാണ് കേരളം ഭരിക്കുന്ന ഇടതു സര്‍ക്കാരിന്റെയും നിലപാട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.