ജോജു വിവാദം ഒത്തുതീര്‍പ്പിലേക്കെന്ന് സൂചന; പ്രശ്‌നം രമ്യമായി തീരുമെന്നാണ് പ്രതീക്ഷയെന്ന് മുഹമ്മദ് ഷിയാസ്

ജോജു വിവാദം ഒത്തുതീര്‍പ്പിലേക്കെന്ന് സൂചന; പ്രശ്‌നം രമ്യമായി തീരുമെന്നാണ് പ്രതീക്ഷയെന്ന്  മുഹമ്മദ് ഷിയാസ്

കൊച്ചി: നടന്‍ ജോജു ജോര്‍ജിന്റെ വാഹനം തകര്‍ത്ത കേസില്‍ ഒത്തുതീര്‍പ്പ് നീക്കവുമായി കോണ്‍ഗ്രസ്. ഇരു വിഭാഗവും തെറ്റ് സമ്മതിച്ചെന്നും കേസ് തീര്‍ക്കാന്‍ ചര്‍ച്ചകള്‍ നടക്കുന്നതായും എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അറിയിച്ചു. പ്രശ്‌നം രമ്യമായി തീരുമെന്നാണ് പ്രതീക്ഷയെന്നും ഷിയാസ് പറഞ്ഞു.

പെട്ടെന്നുള്ള പ്രകോപനത്തിന്റെ പേരിലുണ്ടായ തര്‍ക്കത്തിലെ കേസ് തുടരാന്‍ ജോജുവും താല്‍പ്പര്യം പ്രകടിപ്പിക്കുന്നില്ല. ജോജുവിന്റെ സുഹൃത്തുക്കളും കോണ്‍ഗ്രസ് നേതാക്കളും പ്രശ്‌ന പരിഹാരത്തിനായി ചര്‍ച്ചകള്‍ നടത്തിയെന്നും ഷിയാസ് വ്യക്തമാക്കി. അതേസമയം ഹൈവേ ഉപരോധ പ്രതിഷേധത്തിനിടെ വൈറ്റിലയില്‍ ജനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ യൂത്ത് കോണ്‍ഗ്രസ് ഖേദം പ്രകടിപ്പിച്ചു.

കേന്ദ്രം എക്‌സൈസ് തീരുവ കുറച്ച സാഹചര്യത്തില്‍ ഇന്ധന വില കുറഞ്ഞതോടെ വൈറ്റിലയില്‍ യൂത്ത് കോണ്‍ഗ്രസ് മധുരം വിതരണം നടത്തിയിരുന്നു. ഇതിനിടെയാണ് വൈറ്റിലയില്‍ ജനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ നേതാക്കള്‍ ഖേദ പ്രകടനം നടത്തിയത്. കഴിഞ്ഞ ദിവസം പ്രതിഷേധ സമരവും സംഘര്‍ഷങ്ങളും നടന്നയിടത്താണ് പ്രവര്‍ത്തകരെത്തി മധുരം വിതരണം ചെയ്തത്. വഴിയാത്രക്കാര്‍ക്കും വാഹന യാത്രക്കാര്‍ക്കും ലഡു നല്‍കി.

പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ കുറച്ച കേന്ദ്ര സര്‍ക്കാരിന്റെ നടപടി ഇന്ധന വിലയ്ക്ക് എതിരായ സമരങ്ങളുടെ പരിണിത ഫലമാണെന്നും നേതാക്കള്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാരും നികുതി കുറക്കാന്‍ തയ്യാറാകണം. അതല്ലെങ്കില്‍ തെരുവില്‍ പ്രതിഷേധം നേരിടേണ്ടി വരുമെന്നും യൂത്ത് കോണ്‍ഗ്രസ് കൂട്ടിച്ചേര്‍ത്തു. ഇന്ധന വിലകുറച്ചതില്‍ ആഹ്ലാദം പ്രകടിപ്പിച്ച് വൈറ്റിലക്ക് പുറമേ കോട്ടയത്തും യൂത്ത് കോണ്‍ഗ്രസ് മധുര വിതരണം നടത്തി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.