എല്ലാ സംസ്ഥാനങ്ങളെയും ബാധിക്കുന്ന വിഷയമെന്ന് കേന്ദ്ര സര്‍ക്കാര്‍.
ന്യൂഡല്‍ഹി: മുന്നാക്ക വിഭാഗത്തിലെ സാമ്പത്തിക സംവരണം ചോദ്യം ചെയ്തുള്ള പൊതുതാല്‍പര്യ ഹര്‍ജിയില്‍ ഹൈക്കോടതി തുടര്‍ നടപടി സ്വീകരിക്കുന്നത് സുപ്രീം കോടതി സ്റ്റേ ചെയ്തു. എല്ലാ സംസ്ഥാനങ്ങളെയും ബാധിക്കുന്ന വിഷയമായതിനാല്‍ കേരള ഹൈക്കോടതിയുടെ പരിഗണനയിലുള്ള ഹര്‍ജി സുപ്രീം കോടതിയിലേക്കു വിളിച്ചുവരുത്തണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ ആവശ്യം പരിഗണിച്ചാണ് നടപടി.
മുന്നാക്ക വിഭാഗങ്ങളില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കു സര്‍ക്കാര്‍ നിയമനങ്ങളില്‍ 10 ശതമാനം സംവരണം നടപ്പാക്കാന്‍ 2020 ഒക്ടോബര്‍ 22 നാണ് സംസ്ഥാന മന്ത്രിസഭ തീരുമാനിച്ചത്. കേന്ദ്ര നിയമത്തിന്റെ അടിസ്ഥാനത്തില്‍ ഉദ്യോഗസ്ഥ നിയമനങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനത്തിലും മുന്നോക്കക്കാരില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് പത്തു ശതമാനം സംവരണം ഏര്‍പ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ നേരത്തേ തീരുമാനിച്ചിരുന്നു.
മുന്നോക്കക്കാരിലെ പിന്നാക്കക്കാരെ കണ്ടെത്തുന്നതിനു മുമ്പാണു നിയമം കൊണ്ടുവന്നതെന്നാരോപിച്ച് കോഴിക്കോട് പുതുപ്പടി സ്വദേശി പി.കെ. നുജെയിമാണ് ഇതിനിടെ ഹൈക്കോടതിയില്‍ പൊതുതാല്‍പ്പര്യ ഹര്‍ജി നല്‍കിയത്. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളാണ് എതിര്‍ കക്ഷികള്‍.
സാമ്പത്തിക സംവരണത്തിനു ഭരണഘടനയില്‍ വ്യവസ്ഥയില്ലെന്നും സര്‍ക്കാര്‍ സര്‍വീസിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഏര്‍പ്പെടുത്തിയ സംവരണം നിയമവിരുദ്ധമാണെന്നുമാണ് വാദം. പൊതു വിഭാഗത്തില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരെ കണ്ടെത്തുന്നതിന് വേണ്ടത്ര പഠനം നടത്താതെയാണ് കേരള സര്‍ക്കാരിന്റെ ഉത്തരവെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.
കേന്ദ്ര സര്‍ക്കാരിന്റെ മുന്നോക്ക സംവരണ നിയമ പ്രകാരമാണ് മുന്നോക്ക വിഭാഗങ്ങള്‍ക്ക് വിദ്യാഭ്യാസം, സര്‍ക്കാര്‍ ജോലി എന്നിവയ്ക്കായി പത്തു ശതമാനം സംവരണം ഏര്‍പ്പെടുത്തിയത്.
ഭരണഘടന അനുച്ഛേദം 103 ല്‍ 15(6), 16(6) എന്നീ ഭേദഗതികള്‍ വരുത്തിയാണു നിയമം കൊണ്ടുവന്നത്. 2019 ജനുവരിയില്‍ പാര്‍ലമെന്റ് പാസാക്കിയ ഭരണഘടനാ ഭേദഗതിയുടെ ചുവടു പിടിച്ചാണ് സംസ്ഥാന സര്‍ക്കാര്‍ സാമ്പത്തിക സംവരണത്തിനുള്ള വിജ്ഞാപനം പുറപ്പെടുവിച്ചത്.
ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി, പ്രഫഷനല്‍ കോളജുകള്‍ എന്നിവിടങ്ങളിലെ പ്രവേശനം, ദേവസ്വം ബോര്‍ഡ്, പൊതുമേഖലാ സ്ഥാപനങ്ങളിലെ നിയമനങ്ങള്‍ എന്നിവയില്‍ സാമ്പത്തിക സംവരണം നേരത്തേ നടപ്പാക്കിയിരുന്നു. പി.എസ്.സി മുഖേനെയുള്ള നിയമനങ്ങളില്‍ കുടുംബ വരുമാനം, സാമ്പത്തിക പിന്നാക്കാവസ്ഥ എന്നിവ കണക്കിലെടുത്താണ് സംവരണം അനുവദിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.