അനുദിന വിശുദ്ധര്‍ - നവംബര്‍ 05
ഹേറോദോസ് രാജാവിന്റെ കാലത്ത് ആബിയായുടെ കുടുംബത്തില്‍ ജനിച്ച സക്കറിയ ഒരു പുരോഹിതനായിരുന്നു. പുരോഹിതനായ ആരോണിന്റെ പിന്‍ തലമുറക്കാരിയായ എലിസബത്തായിരുന്നു അദ്ദേഹത്തിന്റെ ഭാര്യ. എലിസബത്ത് എന്ന പേരിന്റെ അര്‍ത്ഥം 'ആരാധിക്കുന്നവള്‍' എന്നാണ്. ചരിത്രപരമായി ഇന്ന് വിശുദ്ധരായ സക്കറിയായുടെയും എലിസബത്തിന്റെയും തിരുനാളാണ്.
സുവിശേഷത്തില്‍ പറയുന്നതനുസരിച്ച് യൂദയ എന്ന മലയോര പട്ടണത്തില്‍ തന്റെ ഭര്‍ത്താവിനൊപ്പം കറ പുരളാത്ത ജീവിതം നയിച്ചവളാണ് എലിസബത്ത്. ഒരു മകന് വേണ്ടിയുള്ള തുടര്‍ച്ചയായ പ്രാര്‍ത്ഥനകളുമായി ജീവിച്ച എലിസബത്ത് പ്രായമേറിയപ്പോള്‍ ഇനിയൊരിക്കലും തനിക്കൊരു മകനുണ്ടാവില്ലെന്ന് ഉറപ്പിച്ചു. എന്നാല്‍ ഒരു ദിവസം സക്കറിയാ ദേവാലയത്തില്‍ ശുശ്രൂഷ ചെയ്തു കൊണ്ടിരിക്കെ വിശുദ്ധ ഗബ്രിയേല്‍ മാലാഖ പ്രത്യക്ഷപ്പെടുകയും എലിസബത്തിന് ഒരു മകന്‍ ജനിക്കുമെന്ന് വെളിപ്പെടുത്തുകയും ചെയ്തു.
അവള്‍ ആറു മാസം ഗര്‍ഭിണിയാമായിരിക്കുമ്പോഴാണ് പരിശുദ്ധ കന്യകാമറിയത്തിന്റെ സന്ദര്‍ശനം. ഗബ്രിയേല്‍ മാലാഖയുടെ സന്ദേശം കേട്ട് സന്തോഷവതിയായ മറിയം താനും ഉടന്‍ തന്നെ ഒരു കുഞ്ഞിന്റെ അമ്മയാകും എന്ന കാര്യം അറിയിക്കുന്നതിനും എലിസബത്തിന്റെ സന്തോഷത്തില്‍ പങ്ക് ചേരുന്നതിനുമായാണ് യൂദയായിലേക്ക് പുറപ്പെട്ടത്. നസ്രത്തിലെ പൊടിനിറഞ്ഞ വഴികള്‍ താണ്ടിയാണ് അവള്‍ യൂദയായിലെത്തിയത്.
മറിയത്തിന്റെ ആഗമനത്തില്‍ സന്തോഷവതിയായ എലിസബത്ത് രക്ഷകന്റെ വരവിനെ കുറിച്ച് മുന്‍കൂട്ടി അറിഞ്ഞതിനാല്‍ ''എന്റെ രക്ഷകന്റെ അമ്മ'' എന്ന് പറഞ്ഞുകൊണ്ട് മറിയത്തെ സ്വാഗതം ചെയ്തു. എലിസബത്തിന്റെ അഭിസംബോധന ഇപ്രകാരമായിരുന്നു: ''നീ സ്ത്രീകളില്‍ അനുഗ്രഹീതയാണ്. നിന്റെ ഉദരഫലവും അനുഗ്രഹീതം. എന്റെ കര്‍ത്താവിന്റെ അമ്മ എന്റെ അടുത്തു വരാനുള്ള ഈ ഭാഗ്യം എനിക്ക് എവിടെ നിന്ന്? ഇതാ, നിന്റെ അഭിവാദന സ്വരം എന്റെ ചെവികളില്‍ പതിച്ചപ്പോള്‍ ശിശു എന്റെ ഉദരത്തില്‍ സന്തോഷത്താല്‍ കുതിച്ചു ചാടി. കര്‍ത്താവ് അരുള്‍ ചെയ്ത കാര്യങ്ങള്‍ നിറവേറുമെന്ന് വിശ്വസിച്ചവള്‍ ഭാഗ്യവതി''.
എലിസബത്ത് കുഞ്ഞിന് ജന്മം നല്‍കിയപ്പോള്‍ അവളുടെ കൂട്ടുകാരികളും അയല്‍ക്കാരും അവളുടെ ഒപ്പം ആഹ്ലാദിച്ചിരുന്നതായി സുവിശേഷത്തില്‍ പറയുന്നുണ്ട്. കൂടാതെ, കുഞ്ഞിനെ പരിഛേദനത്തിനായി കൊണ്ടു വന്നപ്പോള്‍ എല്ലാവരും കുഞ്ഞിന് പിതാവിന്റെ പേര് നല്‍കണം എന്ന് തീരുമാനിച്ചപ്പോള്‍ എലിസബത്താണ് ''അവന്റെ പേര് യോഹന്നാന്‍ എന്നായിരിക്കണം'' എന്ന് പറഞ്ഞത്.
അക്കാലങ്ങളിലെ കീഴ് വഴക്കം അനുസരിച്ച് ദേവാലയ ശുശ്രൂഷകള്‍ നിറവേറ്റുന്നതിന് ഓരോ ആഴ്ചയിലും ഓരോ പുരോഹിതരെ നറുക്കിട്ടെടുക്കുക പതിവായിരുന്നു. അതനുസരിച്ച് ആ ആഴ്ചത്തെ ദേവാലയ ശുശ്രൂഷകള്‍ സക്കറിയായുടെ കടമയായിരുന്നു. ഇങ്ങനെ ഏകനായി അള്‍ത്താരയില്‍ സുഗന്ധദ്രവ്യങ്ങള്‍ പുകയ്ക്കുകയും മറ്റ് ശുശ്രൂഷകളില്‍ ഏര്‍പ്പെട്ടിരിക്കുകയും ചെയ്യുമ്പോഴാണ് അള്‍ത്താരയുടെ വലതു വശത്തായി വിശുദ്ധ ഗബ്രിയേല്‍ മാലാഖ പ്രത്യക്ഷപ്പെട്ടത്. ദര്‍ശനം കിട്ടിയ മാത്രയില്‍ സക്കറിയ ഭയപ്പെട്ടു.
അപ്പോള്‍ ഗബ്രിയേല്‍ മാലാഖ സക്കറിയയോട്, തന്റെയും ഭാര്യയുടെയും പ്രാര്‍ത്ഥനകള്‍ നിറവേറപ്പെടാന്‍ പോവുകയാണെന്നും അവര്‍ക്ക് ഉടന്‍ തന്നെ ഒരു മകന്‍ ജനിക്കുമെന്നും അവനെ യോഹന്നാന്‍ എന്ന് വിളിക്കണമെന്നും അറിയിച്ചു. സക്കറിയാക്ക് ഇത് വിശ്വസിക്കുവാന്‍ കഴിഞ്ഞില്ല. കാരണം തനിക്കും തന്റെ ഭാര്യയ്ക്കും പ്രായമേറി എന്നതായിരുന്നു അദ്ദേഹത്തിന്റെ ദുഃഖം.
പെട്ടന്നുണ്ടായ ഭയത്തില്‍ നിന്നും മോചിതനായ സക്കറിയാ വിശുദ്ധ ഗബ്രിയേല്‍ മാലാഖയോട് ഒരു അടയാളത്തിനായി ആവശ്യപ്പെട്ടു. അദ്ദേഹം ഇപ്രകാരം സംശയിച്ചതിനാല്‍ ഈ അരുളപ്പാട് നിറവേറ്റപ്പെടുന്നത് വരെ സക്കറിയാ ഊമയായിരിക്കുമെന്നറിയിച്ചതിന് ശേഷം മാലാഖ അപ്രത്യക്ഷനായി.
ഉടന്‍ തന്നെ ദേവാലയത്തില്‍ നിന്നും പുറത്ത് വന്ന സക്കറിയ ഊമയായിരിക്കുന്നത് കണ്ട ജനങ്ങള്‍ അദ്ദേഹത്തിന് ദൈവത്തിന്റെ ദര്‍ശനം ഉണ്ടായെന്ന് വിശ്വസിച്ചു. എലിസബത്ത് ഗര്‍ഭവതിയാവുകയും ക്രിസ്തുവിന് വഴിയൊരുക്കാനായി പിറന്ന വിശുദ്ധ യോഹന്നാന് ജന്മം നല്‍കുകയും ചെയ്തു. എട്ട് ദിവസത്തിന് ശേഷം കുഞ്ഞിന്റെ പരിഛേദന സമയത്താണ് എലിസബത്ത് കുഞ്ഞിന് യോഹന്നാന്‍ എന്ന പേരിടണം എന്നാവശ്യപ്പെട്ടത്.
ആ സമയത്തും സംസാരിക്കുവാന്‍ കഴിയാതിരുന്ന സക്കറിയ ഒരു ഫലകം ആവശ്യപ്പെടുകയും അതില്‍ ''യോഹന്നാന്‍ എന്നാണ് അവന്റെ പേര്'' എന്നെഴുതുകയും ചെയ്തു. ഈ സമയത്ത് അദ്ദേഹത്തിന്റെ സംസാര ശേഷി തിരികെ ലഭിച്ചു. ഉടന്‍ തന്നെ അദ്ദേഹം ദൈവത്തെ വാഴ്ത്തി സ്തുതിക്കുവാന്‍ തുടങ്ങി. പുതിയ നിയമത്തില്‍ ഇതില്‍ കൂടുതലായൊന്നും സക്കറിയായെ കുറിച്ച് പറയുന്നില്ല.
ഇന്നത്തെ ഇതര വിശുദ്ധര്‍
1. ബെര്‍ട്ടില്ല
2. ഇറ്റലിയിലെ അഗുസ്റ്റിനും പൗളിനയും
3. ബ്രേഷിയാ ബിഷപ്പായിരുന്ന ദോമിനാത്തോര്‍.
'അനുദിന വിശുദ്ധര്‍' എന്ന ഈ പരമ്പരയുടെ മുഴുവന്‍ ഭാഗങ്ങളും വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26