കംഗാരുക്കളെ അതിക്രൂരമായി കൊന്നൊടുക്കുന്നു; ഓസ്‌ട്രേലിയന്‍ സര്‍ക്കാരിനുമേല്‍ സമ്മര്‍ദം മുറുകുന്നു

കംഗാരുക്കളെ അതിക്രൂരമായി കൊന്നൊടുക്കുന്നു; ഓസ്‌ട്രേലിയന്‍ സര്‍ക്കാരിനുമേല്‍ സമ്മര്‍ദം മുറുകുന്നു

സിഡ്നി: ഓസ്‌ട്രേലിയ എന്നു കേള്‍ക്കുമ്പോള്‍ ആദ്യം മനസിലേക്കു വരുന്ന ബിംബങ്ങളില്‍ ഒന്നാണ് കംഗാരുക്കള്‍. ഓസ്‌ട്രേലിയയുടെ ബ്രാന്‍ഡ് അംബാസിഡര്‍മാരായി ഈ ജീവികളെ ലോകത്തിനു മുന്നില്‍ അവതരിപ്പിക്കാറുണ്ട്. എന്നാല്‍ ദേശീയ മൃഗമൊക്കെയാണെങ്കിലും അധികമായാല്‍ അമൃതും വിഷം എന്നതാണ് ഓസ്‌ട്രേലിയയുടെ നിലപാട്.

കംഗാരുക്കളുടെ അനിയന്ത്രിതമായ വര്‍ധന നിയന്ത്രിക്കാന്‍ നിയമത്തിന്റെയും ഭരണകൂടത്തിന്റെയും പിന്തുണയോടെ വന്‍ തോതില്‍ ഇവയുടെ വേട്ട നടക്കാറുണ്ട്. ഈ വന്യജീവി വേട്ടയുടെ ഇരുണ്ട വശമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.

ഓസ്‌ട്രേലിയയിലെ ന്യൂ സൗത്ത് വെയില്‍സ് സംസ്ഥാനത്താണ് ചട്ടങ്ങള്‍ ലംഘിച്ച് കംഗാരുക്കളെ അതിക്രൂരമായി കൊലപ്പെടുത്തുന്നതില്‍ പ്രതിഷേധം ശക്തമാകുന്നത്. കംഗാരുക്കളുടെ എണ്ണം നിയന്ത്രിക്കുന്നതിനായി കൊലപ്പെടുത്താന്‍ നിരവധി ചട്ടങ്ങള്‍ നിലവിലുണ്ട്. എന്നാല്‍, ചട്ടങ്ങള്‍ പാലിച്ചല്ല ഇത് നടപ്പാക്കുന്നതെന്ന കണ്ടെത്തലാണ് പ്രതിഷേധത്തിനു കാരണം.

ന്യൂ സൗത്ത് വെയില്‍സ് പാര്‍ലമെന്റിന്റെ പ്ലാനിംഗ് ആന്‍ഡ് എന്‍വയോണ്‍മെന്റ് കമ്മിറ്റി നടത്തിയ പഠനമാണ് കംഗാരുക്കളെ കൊല്ലുന്നതിലെ അനഭിലഷണീയ പ്രവണതകളിലേക്കു വെളിച്ചംവീശിയത്. പഠനത്തിന്റെ ഭാഗമായി മാസങ്ങളോളം കംഗാരുക്കളെ കൊന്നൊടുക്കുന്നത് നിരീക്ഷിക്കുകയും മൂന്നുതവണ പൊതുജനാഭിപ്രായം തേടുകയും ചെയ്തു.

നിയമപ്രകാരം കൊന്നൊടുക്കിയ കംഗാരുക്കളുടെ പട്ടിക പൂര്‍ണമല്ലെന്ന ഗുരുതരമായ കണ്ടെത്തലാണ് പഠനത്തിനൊടുവില്‍ പുറത്തുവന്നത്. ജൈവ വൈവിധ്യ നിയമം അനുസരിച്ചുള്ള നടപടികള്‍ ന്യൂ സൗത്ത് വെയില്‍സ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ടോയെന്ന് ഓഡിറ്റ് നടത്തണമെന്നാണ് പാര്‍ലമെന്ററി കമ്മിറ്റിയുടെ നിര്‍ദേശം. അന്വേഷണസമിതിയുടെ കണ്ടെത്തലുകള്‍ പരിഗണിച്ചശേഷമേ അടുത്ത അഞ്ചു വര്‍ഷത്തേക്കുള്ള കംഗാരു നിയന്ത്രണ പദ്ധതിയില്‍ ഒപ്പിടാവൂ എന്നാണ് പരിസ്ഥിതി മന്ത്രി മാറ്റ് കീനോട് പാര്‍ലമെന്റി കമ്മിറ്റി ആവശ്യമുന്നയിച്ചിരിക്കുന്നത്. 2022 ഏപ്രിലിലാണ് പുതിയ പദ്ധതിക്ക് തുടക്കമാകുന്നത്.

കംഗാരുക്കളെ കൊന്നൊടുക്കാമോ?

കംഗാരുക്കള്‍ സംരക്ഷിത ജീവിവര്‍ഗമാണെങ്കിലും ചില സാഹചര്യങ്ങളില്‍ അവയെ കൊലചെയ്യാമെന്നാണ് ഓസ്ട്രേലിയന്‍ നിയമം അനുശാസിക്കുന്നത്. കംഗാരുക്കളുടെ ശല്യം രൂക്ഷമായാല്‍ അവയെ കൊല്ലാം. ഭൂവുടമകളുടെ അനുമതിയോടെ വ്യാവസായിക ആവശ്യങ്ങള്‍ക്കായി പ്രൊഫഷണല്‍ ഷൂട്ടര്‍മാര്‍ക്കും കംഗാരുക്കളെ കൊല്ലാം.


കംഗാരുക്കളെ വെടിവച്ചുകൊല്ലാന്‍ ലൈസന്‍സുള്ള പ്രൊഫഷണല്‍ ഷൂട്ടറായ ആഷ്ലി നീല്‍

ഈ രംഗത്ത് 40 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന ആഷ്ലി നീല്‍ പറയുന്നതിങ്ങനെ: കംഗാരുക്കളെ ആശ്രയിച്ചാണ് എന്റെ ഉപജീവനം. കംഗാരുക്കളെ കൊല്ലുന്നതില്‍ എതിരഭിപ്രായമില്ല. പക്ഷേ, അനുകമ്പയോടെയുള്ള സമീപനമുണ്ടാകണം. മൃഗീയമായ രീതികളാണ് ഇപ്പോഴത്തെ പ്രശ്നങ്ങള്‍ക്ക് കാരണം.

'തലയിലേല്‍ക്കുന്ന ഒരു വെടിയില്‍ തല്‍ക്ഷണം മരിക്കുന്നതിന് പകരം കഴുത്തിലും വയറിലും താടിയെല്ലിനും വെടിയേറ്റുള്ള, വേദന നിറഞ്ഞ ദാരുണാന്ത്യമാണു സംഭവിക്കുന്നത്. പെണ്‍കംഗാരുക്കളെ വയറില്‍ വെടിവച്ച് വീഴ്ത്തുന്നു. വാഹനമിടിച്ച് പരുക്കേല്‍പിച്ച് പീഡിപ്പിക്കുന്നു. കൊല്ലപ്പെടുന്നവയില്‍ കുട്ടികളെ സഞ്ചികളില്‍ വഹിക്കുന്ന അമ്മ കങ്കാരുക്കളും ഉണ്ട്. അമ്മ മരിക്കുന്നതോടെ ഭക്ഷണം കിട്ടാതെയോ പൂര്‍ണവളര്‍ച്ചയെത്താതെയോ നരകിച്ചുള്ള മരണത്തിന് വിധേയരാവുന്നു ഓരോ കങ്കാരുക്കുഞ്ഞും. അതിനൊക്കെ തടയിടാനാകണം'

കംഗാരുക്കളെ തലയില്‍ വെടിവച്ച് കൊല്ലണമെന്ന ചട്ടം പാലിച്ചില്ലെങ്കില്‍ കേസെടുക്കണമെന്നാണ് നിയമം. എന്നാല്‍ 70 ശതമാനം സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇത്തരം സംഭവങ്ങളിലൊന്നും 2015-നും 2019-നുമിടയില്‍ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യുകയോ കേസെടുക്കുകയോ ചെയ്തിട്ടില്ല എന്ന ഞെട്ടിക്കുന്ന വസ്തുതയാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

ആസൂത്രണ, വ്യവസായ, പരിസ്ഥിതി വകുപ്പില്‍നിന്ന് ഓസ്‌ട്രേലിയന്‍ മാധ്യമമായ എ.ബി.സി. ചോര്‍ത്തിയ രഹസ്യ രേഖകളനുസരിച്ച് 785 അനധികൃത കൊന്നൊടുക്കലുകള്‍ 2020-ല്‍ മാത്രം നടന്നിട്ടുണ്ട്. ഇതില്‍ ഒരാള്‍ക്ക് മാത്രമാണ് പിഴ ചുമത്തിയത്. എന്നാല്‍ പരിസ്ഥിതി വകുപ്പ് ഈ ആരോപണങ്ങള്‍ നിഷേധിക്കുകയാണ്. കംഗാരുക്കളുടെ എണ്ണം നിയന്ത്രിച്ച് നിര്‍ത്താന്‍ ഏറ്റവും ശാസ്ത്രീയരീതിയാണ് അവലംബിക്കുന്നതെന്നാണ് അവര്‍ പറയുന്നത്.

കഴിഞ്ഞ 10 വര്‍ഷത്തെ കണക്ക് പരിശോധിച്ചാല്‍, മൃഗങ്ങളോടുള്ള ക്രൂരതയില്‍ ഒരു കേസ് മാത്രമാണ് കോടതിയിലെത്തിയത്. അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇനി ന്യൂ സൗത്ത് വെയില്‍സ് സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികള്‍ എന്താകുമെന്നാണ് പ്രദേശവാസികള്‍ ഉറ്റുനോക്കുന്നത്.

കംഗാരുക്കളുടെ വര്‍ധന തടയാന്‍ ഏതാണ്ട് ഒട്ടുമിക്ക വര്‍ഷങ്ങളിലും ഇവയെ സര്‍ക്കാര്‍ അനുമതിയോടെ കൊലപ്പെടുത്താറുണ്ട്. പ്രതിവര്‍ഷം ചുരുങ്ങിയത് പത്ത് ലക്ഷത്തിലധികം കങ്കാരുകളെങ്കിലും ഓസ്‌ട്രേലിയയില്‍ കൊല്ലപ്പെടുന്നുവെന്നാണ് പരിസ്ഥിതി സ്‌നേഹികള്‍ പറയുന്നത്.



വികസനത്തിന്റെ ഭാഗമായുള്ള മരംമുറിയും പുല്‍മേടുകള്‍ വര്‍ധിച്ചതും കാംഗാരുവിന്റെ അനിയന്ത്രിതമായ വംശവര്‍ധനയ്ക്കിടയാക്കി. പ്രകൃത്യാല്‍ കംഗാരുക്കള്‍ക്ക് ശത്രുക്കളില്ലെന്നതും ഇവയുടെ ജനസംഖ്യ വര്‍ദ്ധിക്കാന്‍ കാരണമായി. കര്‍ഷകരെ സംബന്ധിച്ച് കൃഷി നശിപ്പിക്കുന്ന ഏറ്റവും ഉപദ്രവകാരിയായ ജീവിയായി കങ്കാരു മാറി. കംഗാരുക്കളെ കൊല്ലുന്നത് നിയമവിധേയമാക്കാനും കൊല്ലുന്നവര്‍ക്ക് പ്രത്യേക ലൈസന്‍സ് നല്‍കാനും ഓസ്‌ട്രേലിയയെ പ്രേരിപ്പിച്ച വലിയൊരു ഘടകമാണ് ഈ വംശവര്‍ധന.

വാണിജ്യാവശ്യത്തിന് വേണ്ടിയാണ് ഭൂരിഭാഗം കങ്കാരുക്കളും വേട്ടയാടപ്പെടുന്നത്. യു.എസ്.എ, റഷ്യ, യൂറോപ്പ് തുടങ്ങിയ രാഷ്ട്രങ്ങളിലേക്ക് ഇവയുടെ മാംസവും തോലും കയറ്റുമതി ചെയ്യപ്പെടുന്നുണ്ട്. ഫുട്‌ബോള്‍ കളിക്കുപയോഗിക്കുന്ന ബൂട്ടുകളും കയ്യുറകളും മറ്റ് കായിക വിനോദങ്ങളിലേര്‍പ്പെടുന്നവര്‍ക്കുള്ള വസ്തുക്കളുടെ നിര്‍മ്മാണത്തിനും കങ്കാരു തോല്‍ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.