പ്രകോപനവുമായി വീണ്ടും തമിഴ്‌നാട്: മുല്ലപ്പെരിയാര്‍ ജലനിരപ്പ് 152 അടിയായി ഉയര്‍ത്തും; പുതിയ ഡാമെന്ന കേരളത്തിന്റെ ആവശ്യവും തള്ളി

പ്രകോപനവുമായി വീണ്ടും തമിഴ്‌നാട്:  മുല്ലപ്പെരിയാര്‍ ജലനിരപ്പ് 152 അടിയായി ഉയര്‍ത്തും; പുതിയ ഡാമെന്ന കേരളത്തിന്റെ ആവശ്യവും  തള്ളി

ഇടുക്കി: മുല്ലപ്പെരിയാറില്‍ പ്രകോപനപരമായ തീരുമാനവുമായി തമിഴ്‌നാട്. ഡാമിന്റെ ജലനിരപ്പ് 152 അടിയായി ഉയര്‍ത്തുമെന്ന് അണക്കെട്ട് സന്ദര്‍ശിക്കാനെത്തിയ തമിഴ്‌നാട് ജലവിഭവ വകുപ്പ് മന്ത്രി ദുരൈ മുരുകന്‍ മാധ്യമങ്ങളോട് പറഞ്ഞു.

പുതിയ ഡാമെന്ന കേരളത്തിന്റെ ആവശ്യവും തമിഴ്‌നാട് തള്ളി. മുല്ലപ്പെരിയാറിലെ ജലനിരപ്പ് 139.5 അടിയില്‍ നിലനിര്‍ത്തണമെന്ന സുപ്രീം കോടതി ഉത്തരവ് നിലനില്‍ക്കുമ്പോഴാണ് തമിഴ്‌നാട് ജലവിഭവ വകുപ്പ് മന്ത്രിയുടെ വിവാദ പ്രസ്താവന.

ബേബി ഡാം ബലപ്പെടുത്തിയതിനുശേഷം മുല്ലപ്പെരിയാറിന്റെ ജലനിരപ്പ് 152 അടിയായി ഉയര്‍ത്തും. ബേബി ഡാം ബലപ്പെടുത്താന്‍ കേരളത്തിന്റെ അനുമതി ആവശ്യമുണ്ട്. എന്നാല്‍ ബേബി ഡാമിന് കീഴിലുള്ള മൂന്ന് മരങ്ങള്‍ നീക്കം ചെയ്താല്‍ മാത്രമേ ഡാം ബലപ്പെടുത്താന്‍ സാധിക്കുകയുള്ളൂ.

ഇതിനുവേണ്ടി കേരള സര്‍ക്കാരുമായി ബന്ധപ്പെട്ടപ്പോള്‍ വനം വകുപ്പുമായി സംസാരിക്കണമെന്നാണ് അറിയിച്ചത്. വനം വകുപ്പ് റിസര്‍വ് ഫോറസ്റ്റിനോട് ചോദിക്കണമെന്ന് പറയുന്നു. ഇത് വിശദമായി പരിശോധിച്ച് തടസങ്ങള്‍ മാറിക്കഴിഞ്ഞാല്‍ ബേബി ഡാം ഉടന്‍ പുതുക്കും. ഇത്തരത്തില്‍ പുതുക്കി പണിതതിനുശേഷം മുല്ലപ്പെരിയാറിന്റെ ജലനിരപ്പ് 152 അടി ഉയര്‍ത്തുമെന്നും ദുരൈ മുരുകന്‍ വ്യക്തമാക്കി.

അണക്കെട്ടിലെ പരമാവധി ജലനിരപ്പ് 142 അടിയായി ഉയര്‍ത്താം എന്നാണ് മേല്‍നോട്ട സമിതി സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ ഈ വാദം കേരളം അംഗീകരിക്കുന്നില്ല എന്ന് സംസ്ഥാനം വ്യക്തമാക്കിയിട്ടുണ്ട്. മുല്ലപ്പെരിയാര്‍ അണക്കെട്ടിന് എന്തെങ്കിലും സംഭവിച്ചാല്‍ അത് ഉണ്ടാക്കുന്ന മഹാദുരന്തം ചിന്തിക്കാവുന്നതിലും അപ്പുറമാണെന്ന് കേരളം സുപ്രീം കോടതിയില്‍ വാദിച്ചിരുന്നു.

അതേസമയം മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഒ. പനീര്‍ശെല്‍വവും എടപ്പാടി പളനി സാമിയും സംസാരിക്കുന്നതില്‍ ഒരു ധാര്‍മ്മികതയും ഇല്ലെന്നും 10 വര്‍ഷത്തിനിടെ ഒരു മന്ത്രി പോലും മുല്ലപ്പെരിയാര്‍ നേരിട്ട് സന്ദര്‍ശിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ എഐഎഡിഎംകെ ഈ മാസം ഒന്‍പതിന് തമിഴ്‌നാടില്‍ വ്യാപക സമരത്തിന് ഒരുങ്ങവെയാണ് മന്ത്രിയുടെ പരാമര്‍ശം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.