എട്ടു കിലോയുള്ള ഭീമന്‍ ഉരുളക്കിഴങ്ങ്; വിളഞ്ഞത് ന്യൂസിലന്‍ഡില്‍

എട്ടു കിലോയുള്ള ഭീമന്‍ ഉരുളക്കിഴങ്ങ്; വിളഞ്ഞത് ന്യൂസിലന്‍ഡില്‍

വെല്ലിങ്ടണ്‍: അസാമാന്യ വലിപ്പമുള്ള ഒരു ഉരുളക്കിഴങ്ങ് തങ്ങളുടെ ഫാമില്‍ വിളവെടുത്തതിന്റെ അമ്പരപ്പിലാണ് ന്യൂസിലന്‍ഡിലെ കോളിന്‍-ഡോണ ക്രെയ്ഗ് ബ്രൗണ്‍ ദമ്പതികള്‍. ഹാമില്‍ട്ടണിലെ കൃഷിയിടത്തില്‍ പതിവു പോലെ കളകള്‍ നീക്കുമ്പോഴാണ് കോളിന്റെ തൂമ്പ മണ്ണിനടിയിലുള്ള എന്തോ വലിപ്പമേറിയ ഒന്നില്‍ തടഞ്ഞത്.

തുടര്‍ന്ന് അത് എന്താണെന്ന് അറിയാന്‍ ഇരുവരും ചേര്‍ന്ന് കുഴിച്ചുനോക്കി. കിട്ടിയത് എന്താണെന്ന് ആദ്യം മനസിലായില്ലെങ്കിലും കോളിന്‍ അതിന്റെ ഒരു ഭാഗം മുറിച്ചെടുത്ത് രുചിച്ചു നോക്കി. അപ്പോഴാണ് അത് ഉരുളക്കിഴങ്ങാണെന്ന് മനസിലാകുന്നത്. ഞങ്ങള്‍ക്ക് വിശ്വസിക്കാനേ സാധിച്ചില്ല-കുഴിച്ചെടുത്തത് ഭീമന്‍ ഉരുളക്കിഴങ്ങ് ആണെന്ന് തിരിച്ചറിഞ്ഞപ്പോഴുള്ള ഡോണയുടെ പ്രതികരണം ഇങ്ങനെ ആയിരുന്നു.

എട്ടു കിലോയുള്ള ഉരുളക്കിഴങ്ങാണ് ന്യൂസിലന്‍ഡിലെ ഇവരുടെ കൃഷിത്തോട്ടത്തില്‍ വിളഞ്ഞത്. ഏറ്റവും ഭാരം കൂടിയ ഉരുളക്കിഴങ്ങ് എന്ന ലോകറെക്കാഡും അധികം വൈകാതെ തന്നെ ഈ കിഴങ്ങിന്റെ പേരില്‍ കുറിക്കപ്പെടുമെന്നാണ് സൂചന.



വീട്ടില്‍ വച്ചുതന്നെയാണ് ആദ്യം ഉരുളക്കിഴങ്ങിന്റെ ഭാരം നോക്കിയത്. അപ്പോള്‍ 7.9 കിലോഗ്രാമായിരുന്നു. ഉറപ്പുവരുത്താനായി അടുത്തുള്ള കടയില്‍ കൊണ്ടുപോയും തൂക്കംനോക്കി. ഇതിനോടകം തന്നെ പ്രശസ്തമായ ഈ ഉരുളക്കിഴങ്ങിന് ഡൗഗ് എന്നാണ് കോളിനും ഡോണയും പേരു നല്‍കിയിരിക്കുന്നത്. ഈ ഭീമന്‍ ഉരുളക്കിഴങ്ങ് ലഭിച്ചതിനു പിന്നാലെ അതിനെ നീക്കാനായി ഒരു ചെറിയ വണ്ടിയും കോളിന്‍ നിര്‍മിച്ചിട്ടുണ്ട്.

നിലവില്‍ ഏറ്റവും ഭാരമുള്ള ഉരുളക്കിഴങ്ങെന്ന റെക്കോര്‍ഡ് കരസ്ഥമാക്കിയിരിക്കുന്നത് ബ്രിട്ടനില്‍ നിന്നുള്ള ഉരുളക്കിഴങ്ങിനാണ്. അതിന്റെ ഭാരം അഞ്ചു കിലോയില്‍ താഴെയാണ്. ഗിന്നസ് ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിനായി അപേക്ഷ നല്‍കിയിട്ടുണ്ടെന്നും അധികൃതരുടെ ഭാഗത്തുനിന്നും മറുപടിയൊന്നും ലഭിച്ചിട്ടില്ലെന്നും കോളിനും ഡോണയും പറയുന്നു.


കോളിന്‍ ക്രെയ്ഗ്-ബ്രൗണ്‍ തോട്ടത്തില്‍നിന്ന് കുഴിച്ചെടുത്ത വലിയ ഉരുളക്കിഴങ്ങിന് സമീപം

പുറത്തെടുത്തിട്ട് അധികം ദിവസമായതിനാല്‍ ഉരുളക്കിഴങ്ങിന്റെ ജലാംശം നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. ചെറിയ രീതിയിവുള്ള ഗന്ധവും പുറത്തേക്കു വരുന്നുണ്ട്. അതിനാല്‍ പരമാവധി വൃത്തിയാക്കിയ ശേഷം ഫ്രീസറില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഡൗഗിനെ ഉരുളക്കിഴങ്ങ് വോഡ്ഗയാക്കാനുള്ള നീക്കത്തിലാണ് കോളിനും ഡോണയും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.