പണിമുടക്ക് തുടരുന്നു; ഇന്ന് പരമാവധി സര്‍വീസ് നടത്തുമെന്ന് കെഎസ്ആര്‍ടിസി

 പണിമുടക്ക് തുടരുന്നു; ഇന്ന് പരമാവധി സര്‍വീസ് നടത്തുമെന്ന് കെഎസ്ആര്‍ടിസി

തിരുവനന്തപുരം: ശമ്പള പരിഷ്‌കരണം ആവശ്യപ്പെട്ട് കെഎസ്ആര്‍ടിസിയിലെ ഒരു വിഭാഗം ജീവനക്കാര്‍ നടത്തുന്ന പണിമുടക്ക് ഇന്നും തുടരുന്നു. കോണ്‍ഗ്രസ് അനുകൂല സംഘടനയായ ടിഡിഎഫും, എഐടിയുസിയുമാണ് സമരം തുടരുന്നത്. സര്‍ക്കാര്‍ അവഗണന തുടര്‍ന്നാല്‍ അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് പ്രതിപക്ഷ സംഘടനകള്‍ മുന്നറിയിപ്പ് നല്‍കി.

പണിമുടക്കില്‍ പങ്കെടുക്കാത്ത ജീവനക്കാരെ ഉപയോഗിച്ച് ഇന്ന് പരമാവധി സര്‍വീസ് നടത്താന്‍ കെഎസ്ആര്‍ടിസി സിഎംഡി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇതിന് വേണ്ടി പരമാവധി സൗകര്യം ചെയ്യാന്‍ യൂണിറ്റ് ഓഫീസര്‍മാരോട് സിഎംഡി നിര്‍ദേശിച്ചു. സമരത്തില്‍ പങ്കെടുക്കാതെ ഹാജരാകുന്ന ജീവനക്കാരെ ഉപയോഗിച്ച് സര്‍വീസുകള്‍ അയയ്ക്കണമെന്നും അതിനായി ജീവനക്കാരെ മുന്‍കൂട്ടി നിയോഗിക്കണമെന്നുമാണ് നിര്‍ദ്ദേശം. അതേസമയം ഇത്തരം പ്രവണത തുടര്‍ന്നാല്‍ കെഎസ്ആര്‍ടിസിയെ അവശ്യസര്‍വീസായി പ്രഖ്യാപിക്കുമെന്ന നിലപാടിലാണ് സര്‍ക്കാര്‍.

വാരാന്ത്യ ദിനത്തില്‍ വിവിധ സ്ഥലങ്ങളില്‍ നിന്നും യാത്രക്കാര്‍ തിരികെ വീട്ടില്‍ എത്തേണ്ടതിനാല്‍ യാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാതെ സര്‍വീസുകള്‍ നടത്തും. ഹാജരാകുന്ന ജീവനക്കാരെ ഉപയോഗിച്ച് ഡബിള്‍ ഡ്യൂട്ടി ഉള്‍പ്പടെ നല്‍കി പരമാവധി ട്രിപ്പുകള്‍ ഓടിക്കും. ആവശ്യ റൂട്ടുകള്‍ക്ക് പ്രാധാന്യം നല്‍കി ദീര്‍ഘദൂര സര്‍വീസുകള്‍, ഒറ്റപ്പെട്ട സര്‍വീസുകള്‍, പ്രധാന റൂട്ടുകളിലെ സര്‍വീസുകള്‍ എന്നിങ്ങനെ അയക്കുന്നതിനും റിസര്‍വേഷന്‍ നല്‍കിയിട്ടുള്ള സര്‍വീസുകള്‍ എന്നിവ നടത്തുകയും ചെയ്യുമെന്ന് കെഎസ്ആര്‍ടിസി വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.