ഏഴ് തവണ തോറ്റപ്പോഴും എട്ടാം തവണ തിരിച്ചുവരുമെന്ന ദൃഢനിശ്ചയം: പണമില്ലാതെ പാര്‍ക്കിലെ ബെഞ്ചുകളില്‍ കിടന്നുറങ്ങിയ നിക്ക് ഇന്ന് ശതകോടീശ്വരന്‍

 ഏഴ് തവണ തോറ്റപ്പോഴും എട്ടാം തവണ തിരിച്ചുവരുമെന്ന ദൃഢനിശ്ചയം: പണമില്ലാതെ പാര്‍ക്കിലെ ബെഞ്ചുകളില്‍ കിടന്നുറങ്ങിയ നിക്ക് ഇന്ന് ശതകോടീശ്വരന്‍

വാഷിങ്ടണ്‍: ഫ്‌ളാറ്റ് വാടകക്കെടുക്കാന്‍ പോലും പണമില്ലാതെ പാര്‍ക്കുകളിലെ ബെഞ്ചുകളില്‍ കിടന്നുറങ്ങിയയാള്‍ കോടികള്‍ വരുമാനമുള്ള ബിസിനസ് സാമ്രാജ്യത്തിന്റെ അധിപനായ കഥ ആര്‍ക്കും പ്രചോദനമേകുന്നതാണ്. നിക്ക് മോക്കുറ്റ എന്ന മുപ്പത്തേഴുകാരനാണ് ഇതിലെ കഥാപാത്രം.

റൊമാനിയയില്‍ നിന്ന് 500 ഡോളറുമായി യു.എസിലെത്തിയാണ് മോക്കുറ്റ വലിയ ബിസിനസ് സാമ്രാജ്യത്തിന്റെ അധിപനായത്. ആദ്യം ലോസ് എയ്ഞ്ചല്‍സിലെത്തിയ നിക്കിന് അപ്പാര്‍ട്ട്‌മെന്റുകളൊന്നും വാടകയ്‌ക്കെടുക്കാന്‍ സാധിച്ചില്ല. അതിനാല്‍ പാര്‍ക്കുകളിലെ ബെഞ്ചുകളില്‍ കിടക്കാന്‍ അദ്ദേഹം നിര്‍ബന്ധിതനായി.

'ആദ്യമായി നഗരത്തിലെത്തിയപ്പോള്‍ നിക്ക് ഒരു കാബ് വിളിച്ചു. 100 ഡോളറാണ് ഡ്രൈവര്‍ വാടകയായി വാങ്ങിയത്. ഈ സംഭവം ഞെട്ടിച്ചു. ഇതോടെ ഭക്ഷണം മക്‌ഡോണാള്‍ഡിലെ ഒരു ഡോളറില്‍ ലഭിക്കുന്ന ബര്‍ഗര്‍ മാത്രമാക്കി കുറച്ചു. ചെലവ് ചുരുക്കാന്‍ ബര്‍ഗറില്‍ അധിക ചീസ് വേണ്ടെന്ന് റസ്റ്ററന്റ് ജീവനക്കാരോട് പറഞ്ഞു.

പിന്നീട് കാര്‍ പാര്‍ക്ക് ചെയ്യുന്നത് പോലുളള ചെറിയ ജോലികള്‍ നിക്കിന് ലഭിച്ചു. അതില്‍ നിന്നും മിച്ചംപിടിച്ച പണമുപയോഗിച്ച് ഒരു ഫ്‌ളാറ്റ് വാടകക്കെടുക്കാന്‍ നിക്കിന് സാധിച്ചു. അങ്ങനെ പാര്‍ക്കുകളിലെ ബഞ്ചുകളില്‍ നിന്നും മോചനമായി. മാസങ്ങള്‍ക്കകം നിക്ക് തന്റെ ഇംഗ്ലീഷ് ഭാഷ മെച്ചപ്പെടുത്തുകയും അദ്ദേഹത്തിന് റിയല്‍ എസ്‌റ്റേറ്റ് ബ്രോക്കര്‍ ലൈസന്‍സ് ലഭിക്കുകയും ചെയ്തു.

എന്നാല്‍, ഇറക്കുമതി ചെയ്യുന്ന ഇലക്‌ട്രോണിക് ഉല്‍പന്നങ്ങള്‍ ഇബേയില്‍ വിറ്റതോടെയാണ് നിക്കിന്റെ തലവര തെളിഞ്ഞത്. ഇതോടെ നിക്കിന്റെ പ്രതിമാസ വരുമാനം 3000 മുതല്‍ 4000 ഡോളര്‍ വരെയായി ഉയര്‍ന്നു.

പിന്നീട് റിയല്‍ എസ്‌റ്റേറ്റ് മേഖലയിലെ ബ്രോക്കര്‍ ജോലി ഉപേക്ഷിച്ച് ആമസോണ്‍, വാള്‍മാര്‍ട്ട് പോലുള്ള ഓണ്‍ലൈന്‍ സൈറ്റുകളിലും നിക്ക് സെല്ലറായി. ഇതോടെ വരുമാനം വന്‍തോതില്‍ ഉയര്‍ന്നു. ഇന്ന് യു.എസില്‍ നിക്കിന്റെ ഉടമസ്ഥതയില്‍ നിരവധി ഫ്‌ളാറ്റുകളും ആഡംബര കാറുകളും ഉണ്ട്.

പരാജയപ്പെടുമെന്ന ഭയമില്ലാത്തതാണ് തന്റെ വിജയ രഹസ്യമെന്ന് നിക്ക് പറയുന്നു. ഒരിക്കലും വിട്ടുകൊടുക്കില്ലെന്ന ആത്മവിശ്വാസമുണ്ടായിരുന്നു. ഏഴ് തവണ തോറ്റപ്പോഴും എട്ടാം തവണ തിരിച്ചുവരുമെന്ന ദൃഢനിശ്ചയമാണ് തനിക്കുണ്ടായിരുന്നത്. വീട്ടില്‍ നിന്നും ജോലി ചെയ്യാമെന്നുള്ളത് തന്നെ ഏറെ സന്തോഷിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.






വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.