മുല്ലപ്പെരിയാറിലെ മരംമുറി മുഖ്യമന്ത്രിയുടെ അറിവോടെയെന്ന് കെ.സുധാകരന്‍; തെളിവുകള്‍ തക്ക സമയത്ത് പുറത്തുവിടുമെന്നും മുന്നറിയിപ്പ്

മുല്ലപ്പെരിയാറിലെ മരംമുറി മുഖ്യമന്ത്രിയുടെ അറിവോടെയെന്ന് കെ.സുധാകരന്‍; തെളിവുകള്‍ തക്ക സമയത്ത് പുറത്തുവിടുമെന്നും മുന്നറിയിപ്പ്

തിരുവനന്തപുരം: മുല്ലപ്പെരിയാറില്‍ മരങ്ങള്‍ മുറിയ്ക്കാന്‍ ഉത്തരവ് ഇറങ്ങിയത് മുഖ്യമന്ത്രി പിണറായി വിജയന്റെ അറിവോടെയാണെന്ന് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍. മരങ്ങള്‍ മുറിയ്ക്കാനുള്ള തീരുമാനം ആഭ്യന്തരവകുപ്പ് കൂടി അറിഞ്ഞതാണെന്നതിന് തെളിവുകളുണ്ട്. ഇത് സമയമാവുമ്പോള്‍ പുറത്തുവിടുമെന്നും സുധാകരന്‍ വ്യക്തമാക്കി.

സര്‍ക്കാര്‍ അറിയാതെയാണ് മരങ്ങള്‍ മുറിയ്ക്കാനുള്ള അനുമതി കൊടുത്തതെന്ന് പറഞ്ഞാല്‍ അത് മുഖവിലയ്‌ക്കെടുക്കാനുള്ള ബുദ്ധിശൂന്യതയൊന്നും കേരളത്തിലെ ജനങ്ങള്‍ക്കില്ല. തമിഴ്‌നാടിന്റെ താല്‍പര്യത്തെ സംരക്ഷിച്ച് കേരളത്തിലെ ജനങ്ങളെ ഒറ്റു കൊടുക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നതെന്നും സുധാകരന്‍ കുറ്റപ്പെടുത്തി.

മുല്ലപ്പെരിയാറിലെ ബേബി ഡാമിന് സമീപത്തെ മരങ്ങള്‍ മുറിക്കാന്‍ അനുമതി നല്‍കിയത് സര്‍ക്കാരിന്റെ അറിവോടെയല്ലെന്ന് നേരത്തെ വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ പ്രതികരിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസോ താനോ ഇക്കാര്യം അറിഞ്ഞിട്ടില്ല.

ഉദ്യോഗസ്ഥ തലത്തിലെടുത്ത ഒരു തീരുമാനമാണെന്നും ഇക്കാര്യത്തില്‍ ഫോറസ്റ്റ് ഓഫീസറില്‍ നിന്ന് റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്നുമായിരുന്നു മന്ത്രിയുടെ പ്രതികരണം. ബേബി ഡാം ശക്തിപ്പെടുത്തുന്നതിന് 15 മരങ്ങള്‍ മുറിക്കാന്‍ കേരളം അനുമതി നല്‍കിയതായി കഴിഞ്ഞ ദിവസം തമിഴ്നാട് വ്യക്തമാക്കിയിരുന്നു.

അതിനിടെ മുല്ലപ്പെരിയാര്‍ ഡാം പരിസരത്ത് തമിഴ്നാടിന് മരങ്ങള്‍ മുറിയ്ക്കാന്‍ അനുവാദം നല്‍കിയതിനെതിരെ എന്‍സിപി സംസ്ഥാന പ്രസിഡന്റ് പി.സി ചാക്കോ രംഗത്തെത്തി. മരങ്ങള്‍ മുറിയ്ക്കാനുള്ള അനുമതി നല്‍കിയത് മുഖ്യമന്ത്രിയുടെ അറിവോടെയാണോയെന്ന് അദ്ദേഹം തന്നെ വ്യക്തമാക്കട്ടേയെന്നാണ് പി.സി ചാക്കോ പ്രതികരിച്ചത്.

വനം വകുപ്പ് മന്ത്രി അറിയാതെയാണ് ഇത്തരമൊരു ഉത്തരവിറക്കിയതെങ്കില്‍ അത് ഗുരുതരമായ അച്ചടക്കലംഘനമാണെന്നും കൂടിയാലോചിച്ച് എടുക്കേണ്ട തീരുമാനമായിരുന്നുവെന്നുമാണ് ചാക്കോയുടെ വിമര്‍ശനം. മന്ത്രി പോലും അറിയാതെ ഉദ്യോഗസ്ഥര്‍ തീരുമാനമെടുക്കുന്നത് അംഗീകരിക്കാനാകില്ലെന്നും ചാക്കോ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.