എത്ര വെള്ളിക്കാശിനാണ് ഈ ഒറ്റിക്കൊടുക്കല്‍?... ഭരണ നേതൃത്വം മറുപടി പറയണം

എത്ര വെള്ളിക്കാശിനാണ് ഈ ഒറ്റിക്കൊടുക്കല്‍?... ഭരണ നേതൃത്വം മറുപടി പറയണം

മുല്ലപ്പെരിയാറില്‍ വീണ്ടും തോല്‍ക്കാന്‍ കേരളത്തെ ഒറ്റികൊടുക്കുന്ന യൂദാസുമാര്‍ ആരെല്ലാം?... ഭരണ നിര്‍വ്വഹണ ഫയലുകളില്‍ ഒപ്പിടുന്ന ഉദ്യോഗസ്ഥ രക്ഷസുകളോ?... അതോ, ഭരണചക്രം തിരിയ്ക്കുന്ന രാഷ്ട്രീയ വേതാളങ്ങളോ?... 'ഈ നീതിമാന്റെ രക്തത്തില്‍ പങ്കില്ല' എന്നു പറഞ്ഞ് കൈ കഴുകി മാറാന്‍ നിങ്ങളില്‍ ആര്‍ക്ക് സാധിക്കും?... എത്ര വെള്ളിക്കാശാണ് തമിഴ്‌നാട് സര്‍ക്കാര്‍ നിങ്ങളുടെ മുന്‍പില്‍ കാണിയ്ക്കയായി വച്ചത്?... അതറിയാന്‍ കേരളത്തിലെ ജനങ്ങള്‍ക്ക് അവകാശമുണ്ട്.

ഒരു പുഷ്പം ചോദിച്ചപ്പോള്‍ പൂന്തോട്ടം തന്നെ നല്‍കുന്ന നിങ്ങളുടെ കടപ്പാട് ആരോട്?... മുല്ലപ്പെരിയാര്‍ എന്ന തലയ്ക്കു മുകളില്‍ നില്‍ക്കുന്ന ജല ബോംബിനെ ഭയന്ന് ജീവിക്കുന്ന കേരളത്തിലെ അമ്പതു ലക്ഷത്തിലധികം വരുന്ന ജനങ്ങളോടോ അതോ, മുല്ലപ്പെരിയാറില്‍ എന്നും നേട്ടമുണ്ടാക്കുന്ന തമിഴ്‌നാടിനോടോ?... ഉത്തരം പറയേണ്ടത് രാഷ്ട്രീയ ഭരണ നേതൃത്വവും ഉദ്യോഗസ്ഥരുമാണ്.

മുല്ലപ്പെരിയാറിലെ ബേബി ഡാം ബലപ്പെടുത്തണമെന്നും അതിനായി മൂന്നു മരങ്ങള്‍ മുറിച്ചു മാറ്റുന്നതിന് കേരളം അനുമതി നല്‍കണമെന്നും കഴിഞ്ഞ ദിവസം മുല്ലപ്പെരിയാര്‍ ഡാം സന്ദര്‍ശിച്ച തമിഴ്‌നാട് മന്ത്രിതല സമിതി ആവശ്യപ്പെട്ടിരുന്നു. തമിഴ്‌നാട് ജലവിഭവ വകുപ്പു മന്ത്രി ദുരൈ മുരുകനാണ് ഇക്കാര്യം മാധ്യമങ്ങളോട് പറഞ്ഞത്. മരങ്ങള്‍ മുറിച്ചു മാറ്റി ബേബി ഡാം ബലപ്പെടുത്തിയാല്‍ മുല്ലപ്പെരിയാറിലെ ജലനിരപ്പ് 152 അടിയായി ഉയര്‍ത്തുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയത്തില്‍ കേരളത്തിന്റെ താല്‍പര്യത്തിനെതിരായി ഇത്തരത്തില്‍ തമിഴ്‌നാട് മന്ത്രി നടത്തിയ അഭിപ്രായ പ്രകടനത്തിനെതിരെ പ്രതിഷേധിക്കേണ്ടതിനു പകരം അത് ചെയ്തില്ലെന്നു മാത്രമല്ല, മൂന്നു മരങ്ങള്‍ വെട്ടാന്‍ ആവശ്യപ്പെട്ടപ്പോള്‍ പതിനഞ്ച് മരങ്ങള്‍ വെട്ടാനുള്ള അനുമതിയാണ് നല്‍കിയത്. അതും വളരെ തിടുക്കത്തില്‍. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ നല്‍കിയ ഈ അനുമതിയ്ക്കു പിന്നില്‍ സംശയിക്കേണ്ട പല കാര്യങ്ങളുമുണ്ട്.

മുല്ലപ്പെരിയാര്‍ ഡാമിന്റെ സുരക്ഷയ്ക്കായി 2014 ല്‍ സുപ്രീം കോടതി മേല്‍നോട്ട സമിതിയെ നിയോഗിച്ചപ്പോള്‍ തന്നെ ഡാം സുരക്ഷിതമായി സംരക്ഷിക്കുന്നതിന്റെ പരമാധികാരം മേല്‍നോട്ട സമിതിയ്ക്കാണെന്നും ഇരു സംസ്ഥാനങ്ങള്‍ക്കും അതിന്‍മേല്‍ ഇടപെടാനാവില്ലെന്നും പരമോന്നത നീതിപീഠം കൃത്യമായി വ്യക്തമാക്കിയിരുന്നു. കാര്യങ്ങള്‍ സുപ്രീം കോടതിയില്‍ നേരിട്ട് റിപ്പോര്‍ട്ട് ചെയ്യണമെന്നും മേല്‍നോട്ട സമിതിക്ക് നിര്‍ദേശം നല്‍കിയിരുന്നു.

ഈ സാഹചര്യത്തിലാണ് സുപ്രീം കോടതിയുടെയോ, മേല്‍നോട്ട സമിതിയുടെയോ അനുവാദം തേടാതെ മരം മുറിയ്ക്കാന്‍ കേരളം തമിഴ്‌നാടിന് അനുവാദം നല്‍കിയത്. മുറിയ്ക്കുന്ന മരങ്ങള്‍ പാട്ടഭൂമിയില്‍ അല്ലെങ്കില്‍ മേല്‍പ്പറഞ്ഞ നിയമ തടസം വരുന്നില്ല. അപ്രകാരം മരങ്ങള്‍ കേരളത്തിന്റെ റവന്യൂ ഭൂമിയിലാണെങ്കില്‍ പോലും വൈകാരികമായ ഈ വിഷയത്തില്‍ തമിഴ്‌നാടിന്റെ താല്‍പര്യം സംരക്ഷിക്കാന്‍ എങ്ങനെ കേരളത്തിന് കഴിയും എന്ന ചോദ്യം അവശേഷിക്കുകയാണ്.

മരങ്ങള്‍ മുറിച്ചുമാറ്റി ബേബി ഡാം ബലപ്പെടുത്തിയാല്‍ മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് 152 അടിയായി ഉയര്‍ത്തുമെന്ന് തമിഴ്‌നാട് മന്ത്രി മുന്‍കൂട്ടി വ്യക്താക്കിയിട്ടും മരങ്ങള്‍ മുറിയ്ക്കാന്‍ അനുമതി നല്‍കിയത് സുപ്രീം കോടതിയില്‍ കേരളം വാദിക്കുന്ന പുതിയ ഡാം എന്ന ആവശ്യത്തിന് കനത്ത തിരിച്ചടിയാകുമെന്നാണ് നിയമ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്.

മരങ്ങള്‍ മുറിയ്ക്കാന്‍ തമിഴ്‌നാടിന് അനുമതി നല്‍കിയ സംഭവം വിവാദമായപ്പോള്‍ സര്‍ക്കാര്‍ അറിയാതെയാണ് ഇത്തരമൊരു അനുമതി നല്‍കിയതെന്ന വാദമുയര്‍ത്തി ഇതിന്റെ ഉത്തരവാദിത്വം ഒന്നോ രണ്ടോ ഉദ്യോഗസ്ഥരുടെ തലയില്‍ വച്ചുകെട്ടി രക്ഷപെടാനുള്ള ശ്രമമാണ് രാഷ്ട്രീയ ഭരണ നേതൃത്വം നടത്തുന്നത് എന്ന ആക്ഷേപം ശക്തമാവുകയാണ്.

രണ്ട് സംസ്ഥാനങ്ങള്‍ തമ്മില്‍ കാലങ്ങളായി തര്‍ക്കം നിലനില്‍ക്കുന്നതും സുപ്രീം കോടതിയുടെ മുന്‍പാകെയുള്ളതുമായ ഗൗരവമേറിയ വിഷയത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് തനിച്ച് എങ്ങനെ തീരുമാനമെടുക്കാനാവും?.. മറുപടി പറയാന്‍ മുഖ്യമന്ത്രിക്കും വകുപ്പു മന്ത്രിമാര്‍ക്കും ഉത്തരവാദിത്വമുണ്ട്.










വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.