മുല്ലപ്പെരിയാറില്‍ മരങ്ങള്‍ മുറിക്കാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചിട്ടില്ല; നീക്കം തമിഴ്‌നാടിന്റെ തന്ത്രം

മുല്ലപ്പെരിയാറില്‍ മരങ്ങള്‍ മുറിക്കാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചിട്ടില്ല; നീക്കം തമിഴ്‌നാടിന്റെ തന്ത്രം

ന്യൂഡല്‍ഹി: മുല്ലപ്പെരിയാറിലെ ബേബി ഡാം ശക്തിപ്പെടുത്തുന്നതിന് മരങ്ങള്‍ മുറിക്കാന്‍ 2017 ല്‍ തമിഴ്നാട് നല്‍കിയ അപേക്ഷയില്‍ സുപ്രീം കോടതി ഇത് വരെയും കേരളത്തിന് ഒരു നിര്‍ദേശവും നല്‍കിയിട്ടില്ല.

മരങ്ങള്‍ മുറിക്കണമെന്ന തമിഴ്‌നാടിന്റെ ആവശ്യം 2017 ജൂലൈയ്ക്ക് ശേഷം സുപ്രീം കോടതിയില്‍ ലിസ്റ്റ് ചെയ്തിട്ടില്ല. മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട് കോതമംഗലം സ്വദേശി ഡോ. ജോ ജോസഫ് നല്‍കിയ കേസില്‍ 2020 ഒക്ടോബറില്‍ ഫയല്‍ ചെയ്ത മറുപടി സത്യവാങ്മൂലത്തില്‍ തമിഴ്നാട് സര്‍ക്കാര്‍ തന്നെ മരംമുറി സംബന്ധിച്ച തങ്ങളുടെ ആവശ്യം സുപ്രീം കോടതിയുടെ പരിഗണനയിലാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

കേരളത്തിന്റെ ജല വിഭവ വകുപ്പ് സെക്രട്ടറി ടിങ്കു ബിസ്വാള്‍ സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് സുപ്രീം കോടതിയെ അറിയിച്ചിരുന്നു. അണക്കെട്ട് ശക്തിപ്പെടുത്തുന്നതിനുള്ള നടപടികളില്‍ ഇടപെടുന്നു എന്ന തമിഴ്നാടിന്റെ വാദം തെറ്റാണ്. മരം മുറിക്കുന്നതിനുള്ള അനുമതി നിഷേധിക്കുന്നത് അണക്കെട്ട് ശക്തിപ്പെടുത്തുന്നത് തടസപ്പെടുത്തുന്നതിന്റെ ഭാഗമല്ല.

പാട്ടത്തിന് നല്‍കിയ സ്ഥലത്ത് മരം മുറിക്കുന്നതിനുള്ള അനുമതി 1980 ലെ വന സംരക്ഷണ നിയമം, 1972 ലെ വന്യജീവി സംരക്ഷണ നിയമം, 1986 ലെ പരിസ്ഥിതി സംരക്ഷണ നിയമം എന്നിവയുമായി ബന്ധപ്പെട്ടതാണെന്നും ടിങ്കു ബിസ്വാള്‍ നല്‍കിയ മറുപടിയില്‍ വ്യക്തമാക്കിയിരുന്നു.

കേരളത്തിന്റെ ഈ മറുപടിക്ക് തമിഴ്നാട് സര്‍ക്കാര്‍ 2017 ഒക്ടോബര്‍ 30 ന് സുപ്രീം കോടതിയില്‍ മറുപടി സത്യവാങ്മൂലം ഫയല്‍ ചെയ്തു. എന്നാല്‍ തമിഴ്നാടിന്റെ ആവശ്യം സുപ്രീം കോടതിയില്‍ പിന്നീട് ലിസ്റ്റ് ചെയ്യപ്പെട്ടില്ല. കേരളം പുതിയ അണക്കെട്ട് നിര്‍മ്മിക്കാനുള്ള നടപടികള്‍ സ്വീകരിച്ചതിന് എതിരെ തമിഴിനാട് 2019 ല്‍ സുപ്രീം കോടതിയില്‍ കോടതിയലക്ഷ്യ ഹര്‍ജി ഫയല്‍ ചെയ്തിരുന്നു.

ഈ കോടതി അലക്ഷ്യ ഹര്‍ജിക്ക് ഒപ്പം 2017 മാര്‍ച്ച് ഒന്നിന് ഫയല്‍ ചെയ്ത അപേക്ഷയും സുപ്രീം കോടതി രജിസ്ട്രി ജസ്റ്റിസ് എ.കെ. സിക്രി അധ്യക്ഷനായ ബെഞ്ചിന് മുമ്പാകെ ലിസ്റ്റ് ചെയ്തു. 2019 ഫെബ്രുവരി 11 ന് കോടതിയലക്ഷ്യ ഹര്‍ജി തീര്‍പ്പാക്കിയെങ്കിലും മരംമുറി ഉള്‍പ്പടെ തമിഴ്നാടിന്റെ മറ്റ് ആവശ്യങ്ങളില്‍ കോടതി ഇടപെട്ടില്ല. 2017 ല്‍ തങ്ങള്‍ നല്‍കിയ അപേക്ഷ ഇപ്പോഴും കോടതിയുടെ പരിഗണനയില്‍ ആണെന്ന് കഴിഞ്ഞ വര്‍ഷം മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ടു ഫയല്‍ ചെയ്ത മറ്റൊരു ഹര്‍ജിയില്‍ തമിഴ്നാട് വ്യക്തമാക്കിയിരുന്നു.

സുപ്രീം കോടതിയില്‍ കേസിന്റെ സാഹചര്യങ്ങള്‍ ഇപ്രകാരം നിലനില്‍ക്കുമ്പോഴാണ് തമിഴ്‌നാട് മരങ്ങള്‍ മുറിക്കാന്‍ അനുമതി ആവശ്യപ്പെട്ടതും കേരളം നല്‍കിയതും. പിന്നീട് സംഭവം വിവാദമായതോടെയാണ് മരങ്ങള്‍ മുറിക്കാനുള്ള ഉത്തരവ് സംസ്ഥാന സര്‍ക്കാര്‍ മരവിപ്പിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.