വിശ്വാസത്തില്‍ കാപട്യമരുത്; ദൈവത്തോടും സഹജരോടും ആത്മാര്‍ത്ഥത വേണം : ഫ്രാന്‍സിസ് മാര്‍പാപ്പ

വിശ്വാസത്തില്‍ കാപട്യമരുത്; ദൈവത്തോടും സഹജരോടും ആത്മാര്‍ത്ഥത വേണം : ഫ്രാന്‍സിസ് മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: സ്വന്തം താല്‍പ്പര്യങ്ങള്‍ സാധിച്ചെടുക്കാന്‍ വിശ്വാസത്തില്‍ കൃത്രിമം കാണിക്കുന്ന പ്രവണത തിരിച്ചറിയണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ദൈവനാമത്തില്‍ മതത്തെ സ്വാര്‍ത്ഥമായി ഉപയോഗിച്ച് അധികാര ദുരുപയോഗത്തിലൂടെ ദരിദ്രരെ ചൂഷണം ചെയ്ത നിയമജ്ഞരെ യേശു നിശിതമായി വിമര്‍ശിക്കുന്ന സുവിശേഷ ഭാഗം വിശദീകരിച്ചുകൊണ്ടാണ് വിശ്വാസത്തില്‍ ഇരട്ടത്താപ്പു പുലര്‍ത്തുന്നവര്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് മാര്‍പാപ്പ ഉദ്‌ബോധിപ്പിച്ചത്.

'ഇത് എല്ലാ കാലത്തേയും എല്ലാവര്‍ക്കുമായുള്ള ഒരു മുന്നറിയിപ്പാണ്, സഭയ്ക്കും സമൂഹത്തിനും വേണ്ടിയുള്ള മുന്നറിയിപ്പ്.' പാവപ്പെട്ടവരില്‍ നിന്ന് പണം സമ്പാദിക്കാന്‍ മറ്റുള്ളവരെ തകര്‍ത്ത് അധികാരസ്ഥാനം ഒരിക്കലും ദുരുപയോഗം ചെയ്യരുതെന്ന് മാര്‍പ്പാപ്പ ഊന്നിപ്പറഞ്ഞു. ദൈവത്തെയും അയല്‍ക്കാരെയും, പ്രത്യേകിച്ച് തുണ ഏറ്റവും ആവശ്യമുള്ളവരെയും എങ്ങനെ സേവിക്കാന്‍ കഴിയും എന്നതു പ്രധാനമാണ്. അതിലുപരിയായി നാം നമ്മില്‍ത്തന്നെ എത്രമാത്രം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നുവെന്ന് സ്വയം ചോദിക്കുകയും വേണം.

ദൈവത്തോടും സഹജരോടുമുള്ള ആത്മാര്‍ത്ഥതയ്ക്കായി പരിശ്രമിക്കാന്‍ നാം വിളിക്കപ്പെട്ടിരിക്കുന്നു. ഇതേ സുവിശേഷ ഭാഗത്ത് വിവരിച്ചിരിക്കുന്ന വിധവയുടെ ആത്മാര്‍ത്ഥത നാം കാണണം; ദൈവത്തോടുള്ള അവരുടെ എളിയ സ്‌നേഹം എല്ലാവര്‍ക്കും ഒരു മാതൃകയാണ്. മാര്‍പാപ്പ വിവരിച്ചു: വിധവകളുടെ ഭവനങ്ങള്‍ വിഴുങ്ങുകയും ദീര്‍ഘമായ പ്രാര്‍ത്ഥനകള്‍ ചൊല്ലുകയും ബഹുമാനിക്കപ്പെടാന്‍ കൊതിക്കുകയും ചെയ്യുന്ന നിയമജ്ഞരുടെ പൊള്ളത്തരം യേശു അനാവരണം ചെയ്യുന്നു. അതേസമയം തന്നെ, ഇതേ ശക്തികളാല്‍ ചൂഷണം ചെയ്യപ്പെട്ടവരില്‍ ഒരാളായ ദരിദ്രയായ വിധവയെയും ജറുസലേം ദേവാലയത്തില്‍ നമുക്കു കാണിച്ചു തരുന്നു.

'അവള്‍ക്കുള്ളതെല്ലാം, അവളുടെ മുഴുവന്‍ ജീവിതവും' ആണ് ഒരു നാണയമായി ഭണ്ഡാരത്തില്‍ അര്‍പ്പിതമായത്. കാപട്യം അന്യമായ ഈ വൈരുദ്ധ്യം തിരിച്ചറിഞ്ഞ്് നമ്മള്‍ ജാഗ്രത പാലിക്കണം. നിയമജ്ഞരെപ്പോലെ വിശ്വാസ നാട്യവുമായി ജീവിക്കുന്നവരെ സൂക്ഷിക്കണം; അതേസമയം, ആത്മാര്‍ത്ഥതയും വിനയവും ദൈവത്തോടുള്ള സ്‌നേഹവും പിന്തുടരാനുള്ള മാതൃകയായി വിധവയെ കാണുകയും വേണം.ഈ സുവിശേഷ സന്ദേശം ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കിക്കൊണ്ട്, നാമും ജീവിതത്തില്‍ കാപട്യങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ മനസ്സിരുത്തണം.'ആത്മാവിന്റെ അപകടകരമായ അസുഖം' ആണ് കാപട്യം.വിശ്വാസത്തില്‍ കൃത്രിമം കാണിക്കുന്നത് ഏറ്റവും മോശം കാര്യമാണ്.

ഇന്നത്തെ സുവിശേഷ ഭാഗത്തിലൂടെ, പാവപ്പെട്ടവരുടെ ജാലകത്തിലേക്ക് നോക്കാന്‍ യേശു നമ്മെ ക്ഷണിക്കുന്നുണ്ട്. വിധവ തന്റെ വഴിപാടില്‍ തനിക്കുള്ളതെല്ലാം  ഭണ്ഡാരത്തിലേക്ക് നല്‍കി,  വേണ്ടതെല്ലാം ദൈവത്തില്‍ നിന്നു കൈവരുമെന്ന ഉറപ്പോടെ. ഈ വിധവ എല്ലാവര്‍ക്കും ഒരു മാതൃകയാണ്. കാരണം അവള്‍ ദൈവത്തിന്റെ സമൃദ്ധിയില്‍ ആശ്രയിക്കുന്നു.

അര്‍പ്പിത മാനസരുടെ സന്തോഷം ദൈവം വര്‍ദ്ധിപ്പിക്കുന്നു. അതുകൊണ്ടാണ് പാവപ്പെട്ട വിധവയെ വിശ്വാസത്തിന്റെ അദ്ധ്യാപികയായി യേശു ചൂണ്ടിക്കാണിക്കുന്നത്. ഹൃദയത്തില്‍ നിന്നു തന്നെ അവള്‍ ഉദാരമായും സ്വതന്ത്രമായും നല്‍കി. അവള്‍ ഭണ്ഡാരത്തില്‍ ഇട്ട നാണയത്തിന്റെ സ്വരം സമ്പന്നരുടെ വലിയ വഴിപാടുകളുടേതിനേക്കാള്‍ മനോഹരമായത് ജീവിതത്തോടൊപ്പം പൂര്‍ണ്ണഹൃദയത്തോടെ ദൈവത്തിന് ആത്മാര്‍ത്ഥമായി സമര്‍പ്പിച്ചതിനാലാണ്. ബാഹ്യ പ്രകടനങ്ങളില്ലാതെ ആന്തരിക ആത്മാര്‍ത്ഥതയും ദൈവത്തോടും സഹജരോടുമുള്ള എളിയ സ്‌നേഹവും കൊണ്ട് അടയാളപ്പെടുത്തുന്ന വിശ്വാസം വളര്‍ത്തിയെടുക്കാനാകണം. ഇക്കാര്യം പാവപ്പെട്ട വിധവയില്‍ നിന്ന് പഠിക്കാം - മാര്‍പ്പാപ്പ ആഹ്വാനം ചെയ്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.