തിരുവനന്തപുരം: റസിഡന്റ്സ് അസോസിയേഷനുകള്‍ക്ക് പൊതുനിയമം വേണമെന്ന് നിയമ പരിഷ്‌കരണ കമ്മിഷന്‍. സംസ്ഥാനത്തെ റസിഡന്റ്‌സ് അസോസിയേഷനുകളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും നിയന്ത്രിക്കാനുമാണ് പൊതു നിയമം എന്ന ആശയം മുന്നോട്ടു വെച്ചിരിക്കുന്നത്. റസിഡന്റ്‌സ് അസോസിയേഷനുകള്‍ക്ക് കോര്‍പ്പറേഷന്‍, ജില്ല, സംസ്ഥാന തലങ്ങളില്‍ ഫെഡറേഷനുകള്‍ വേണമെന്ന് കമ്മിഷന്‍ ശുപാര്‍ശ ചെയ്യുന്നു.
നിയമത്തിന്റെ കരട്, കമ്മിഷന്‍ സര്‍ക്കാരിന് സമര്‍പ്പിച്ചു. പ്രതിമാസ നിക്ഷേപ പദ്ധതികളും ലഘുനിക്ഷേപ പദ്ധതികളും ചെറുകിട വായ്പകളും നല്‍കാന്‍ അസോസിയേഷനുകളെ അനുവദിക്കണം. അംഗങ്ങളുടെ കെട്ടിട നികുതി, വെള്ളക്കരം, വൈദ്യുതിച്ചാര്‍ജ് എന്നിവ പിരിച്ച് അടയ്ക്കാനും അനുവദിക്കണം. ഇതിന് സര്‍വീസ് ചാര്‍ജ് ഈടാക്കാം. സര്‍ക്കാര്‍പദ്ധതികളില്‍ അസോസിയേഷനുകള്‍ പങ്കാളിത്തം ഉറപ്പാക്കണമെന്നും ജസ്റ്റിസ് കെ.ടി. തോമസ് അധ്യക്ഷനായ കമ്മിഷന്‍ വ്യക്തമാക്കുന്നു.
സംസ്ഥാനത്ത് റസിഡന്റ്‌സ് അസോസിയേഷനുകള്‍ക്ക് ഇപ്പോള്‍ ഏകീകൃത നിയമമില്ല. തിരുവിതാംകൂര്‍-കൊച്ചി പ്രദേശത്ത് 1955-ലെ ചാരിറ്റബിള്‍ സൊസൈറ്റീസ് നിയമപ്രകാരവും മലബാറില്‍ 1860-ലെ സൊസൈറ്റീസ് നിയമപ്രകാരവുമാണ് പ്രവര്‍ത്തിക്കുന്നത്. ഏകീകൃത നിയമത്തിന്റെ അഭാവത്തില്‍ ഒട്ടേറെ ചൂഷണങ്ങള്‍ നടക്കുന്ന സാഹചര്യത്തിലാണ് നിയമനിര്‍മാണത്തിന് ശുപാര്‍ശ ചെയ്യുന്നതെന്ന് കമ്മിഷന്‍ വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.