വിവാദ മരംമുറി ഉത്തരവ്: ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭയില്‍; കുറ്റക്കാര്‍ക്കെതിരെ നടപടിയെന്ന് വനം മന്ത്രി

വിവാദ മരംമുറി ഉത്തരവ്: ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭയില്‍; കുറ്റക്കാര്‍ക്കെതിരെ നടപടിയെന്ന് വനം മന്ത്രി

തിരുവനന്തപുരം: മുല്ലപ്പെരിയാറില്‍ ബേബി ഡാമിന് താഴെയുള്ള 15 മരങ്ങള്‍ വെട്ടി മാറ്റാനുള്ള വിവാദ ഉത്തരവ് നിയമസഭയില്‍ ഉന്നയിച്ച് പ്രതിപക്ഷം. ഉത്തരവ് റദ്ദാക്കാന്‍ എന്തു കൊണ്ട് കേരളത്തിന് കൈവിറക്കുന്നതെന്ന് പ്രതിപക്ഷം ചോദിച്ചു. മരം മുറി വിവാദത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടിയ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആവശ്യപ്പെട്ടു.

സംസ്ഥാന വൈല്‍ഡ് ലൈഫ് ബോര്‍ഡിന്റെ ചെയര്‍മാന്‍ മുഖ്യമന്ത്രിയും വൈസ് ചെയര്‍മാന്‍ വനം മന്ത്രിയുമാണ്. ഇവര്‍ അറിയാതെ ഉദ്യോഗസ്ഥന്‍ മരംമുറിക്ക് അനുമതി നല്‍കാന്‍ തീരുമാനിച്ചെന്ന് പറഞ്ഞാല്‍ വിശ്വസിക്കുന്ന മണ്ടന്മാരല്ല കേരളത്തിലെ ജനങ്ങള്‍. ജനങ്ങളുടെ ജീവനെയും സ്വത്തിനെയും ബാധിക്കുന്ന വിഷയത്തില്‍ അന്വേഷണം വേണമെന്ന് തിരുവഞ്ചൂര്‍ ചൂണ്ടിക്കാട്ടി.

മരം മുറി ഉത്തരവ് മരവിപ്പിക്കുകയാണ് വനം വകുപ്പ് ചെയ്തത്. എന്തു കൊണ്ട് റദ്ദാക്കിയില്ല. ഈ വിഷയത്തില്‍ മുഖ്യമന്ത്രിയും വനം മന്ത്രിയും നിയമസഭയില്‍ വിശദീകരിക്കണം. ഉത്തരവ് റദ്ദാക്കാന്‍ എന്തു കൊണ്ട് കേരളത്തിന് കൈവിറക്കുന്നതെന്ന് തിരുവഞ്ചൂര്‍ ചോദിച്ചു. മുല്ലപ്പെരിയാറിലെ മരം മുറിക്ക് കേന്ദ്ര വൈല്‍ഡ് ലൈഫ് ബോര്‍ഡിന്റെ അനുമതിയില്ലാതെയാണ് ഉത്തരവിറക്കിയതെന്ന് വനം മന്ത്രി എ.കെ ശശീന്ദ്രന്‍ സഭയില്‍ മറുപടി നല്‍കി. ഇത്തരത്തില്‍ ഒരു ഉത്തരവ് ഇറക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് സാധിക്കില്ല. 23 മരങ്ങള്‍ മുറിക്കണമെന്നാണ് തമിഴ്‌നാട് ആവശ്യപ്പെട്ടത്.

അനുമതി നല്‍കിയ വിവരം സര്‍ക്കാര്‍ അറിയുന്നത് രണ്ട് ദിവസം മുമ്പാണ്. ശ്രദ്ധയില്‍പ്പെട്ട ഉടന്‍ തന്നെ ഉത്തരവ് മരവിപ്പിച്ചു. 'കേരളത്തിന് സുരക്ഷ, തമിഴ്‌നാടിന് വെള്ളം' ഇതാണ് സര്‍ക്കാര്‍ നയം. സര്‍ക്കാര്‍ നിലപാടിനെതിരായ ഉദ്യോഗസ്ഥ നടപടി അംഗീകരിക്കില്ലെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി ശശീന്ദ്രന്‍ വ്യക്തമാക്കി. മരം മുറിക്കാന്‍ അനുമതി നല്‍കിയ നടപടി ഗുരുതര വിഷയമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ചൂണ്ടിക്കാട്ടി. സുപ്രീംകോടതിയില്‍ സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലത്തിന് വിരുദ്ധമാണിത്. വകുപ്പിലെ കാര്യങ്ങള്‍ അറിയാന്‍ സാധിക്കുന്നില്ലെങ്കില്‍ എന്തിനാണ് എ.കെ. ശശീന്ദ്രന്‍ മന്ത്രി കസേരയില്‍ ഇരിക്കുന്നതെന്നും വി.ഡി. സതീശന്‍ ചോദിച്ചു. വനം മന്ത്രിയുടെ വിശദീകരണത്തിന് പിന്നാലെ സ്പീക്കര്‍ അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചു. വിഷയം ചര്‍ച്ച ചെയ്യാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.