ചക്രസ്തംഭന സമരം; പാലക്കാട് കോണ്‍ഗ്രസ് പ്രവര്‍ത്തകരും പോലീസും തമ്മില്‍ സംഘര്‍ഷം

ചക്രസ്തംഭന സമരം; പാലക്കാട് കോണ്‍ഗ്രസ് പ്രവര്‍ത്തകരും പോലീസും തമ്മില്‍ സംഘര്‍ഷം

പാലക്കാട്: ഇന്ധനവിലക്കയറ്റത്തിനെതിരേ കോണ്‍ഗ്രസ് നടത്തിയ ചക്രസ്തംഭന സമരത്തിനിടെ പാലക്കാട് പോലീസും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം. പാലക്കാട് സുല്‍ത്താന്‍പേട്ട് ജങ്ഷനില്‍വെച്ച് വി.കെ. ശ്രീകണ്ഠന്‍ ഉള്‍പ്പടെയുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസ് തടഞ്ഞതാണ് സംഘര്‍ഷത്തിലേക്കു നയിച്ചത്.

നാലു റോഡുകള്‍ ചേരുന്ന സുല്‍ത്താന്‍പേട്ട് ജങ്ഷനില്‍ ഗതാഗതം തടസപ്പെടുത്തി സമരം ചെയ്യാനാവില്ലെന്ന് പോലീസ് കോണ്‍ഗ്രസ് നേതാക്കളെ അറിയിച്ചു. എന്നാല്‍ തങ്ങള്‍ നിശ്ചയിച്ച സ്ഥലം ഇതാണെന്നും സമരം നടത്തുമെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറിയിക്കുകയായിരുന്നു. ഇതാണ് പോലീസും പ്രവര്‍ത്തകരും തമ്മില്‍ ചെറിയ രീതിയില്‍ ഉന്തും തള്ളിലേക്കും നയിച്ചത്. വി.കെ. ശ്രീകണ്ഠന്‍ എംപി, രമ്യ ഹരിദാസ് എംപി തുടങ്ങിയ പ്രമുഖ നേതാക്കള്‍ സമരത്തില്‍ പങ്കെടുക്കാനായി സ്ഥലത്തെത്തിയിരുന്നു. തിരുവനന്തപുരത്ത് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ സമരം ഉദ്ഘാടനം ചെയ്തു. കൊച്ചിയില്‍ ചക്രസ്തംഭന സമരം മേനകാ ജംഗ്ഷനില്‍ ഹൈബി ഈഡന്‍ എംപി ഉദ്ഘാടനം ചെയ്തു.

കോഴിക്കോട് ചക്രസ്തംഭന സമരം ഉദ്ഘാടനം വൈകി. സമരം ഉദ്ഘാടനം ചെയ്യേണ്ട കെ മുരളീധരന്‍ എംപി ട്രാഫിക് ബ്ലോക്കില്‍ പെട്ടതോടെയാണ് സമരം ഉദ്ഘാടനം ചെയ്യുന്നത് വൈകിയത്.

പതിനഞ്ചു മിനിറ്റാണ് സംസ്ഥാന വ്യാപകമായി പൊതുനിരത്തുകളില്‍ വാഹനം നിര്‍ത്തിയിട്ടുകൊണ്ടുള്ള കോണ്‍ഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചത്. കണ്ണൂരിലും പാലക്കാടിന് സമാനമായി കോണ്‍ഗ്രസ് പ്രവര്‍ത്തകരും പോലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. രാവിലെ 11 മണി മുതല്‍ 11.15 വരെയാണ് സമരം നടത്തിയത്. സമരം ഗതാഗതക്കുരുക്കിന് ഇടയാക്കരുതെന്നും ജനങ്ങളെ ബുദ്ധിമുട്ടിക്കരുതെന്നും കെപിസിസി നേതൃത്വം ഡിസിസികള്‍ക്കു നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.