മൃദു ഹിന്ദുത്വ ആരോപണങ്ങളില്‍ മറുപടിയുമായി അരവിന്ദ് കേജ്രിവാള്‍

മൃദു ഹിന്ദുത്വ ആരോപണങ്ങളില്‍ മറുപടിയുമായി അരവിന്ദ് കേജ്രിവാള്‍

പനാജി: തനിക്കെതിരെയുള്ള മൃദു ഹിന്ദുത്വ ആരോപണങ്ങളില്‍ മറുപടിയുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍. ഹിന്ദു ആയതിനാലാണ് താന്‍ ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കുന്നതെന്നും അതില്‍ ആരും എതിര്‍പ്പുയര്‍ത്തേണ്ട ആവശ്യമില്ലെന്നും കേജ്രിവാള്‍ പറഞ്ഞു ക്ഷേത്രസന്ദര്‍ശനങ്ങളിലൂടെ മൃദുഹിന്ദുത്വത്തെ പ്രോത്സാഹിപ്പിക്കുകയാണെന്ന ആരോപണത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. ഗോവയില്‍ രണ്ടുദിവസത്തെ സന്ദര്‍ശനത്തിന് എത്തിയതായിരുന്നു ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനര്‍ കൂടിയായ കേജ്രിവാള്‍.

നിങ്ങള്‍ ക്ഷേത്രത്തില്‍ പോകാറുണ്ടോ? ഞാനും ക്ഷേത്രത്തില്‍ പോകാറുണ്ട്. ഞാന്‍ രാമ ക്ഷേത്രത്തിലും ഹനുമാന്‍ ക്ഷേത്രത്തിലും പോകും. ക്ഷേത്രത്തില്‍ പോകുന്നതില്‍ യാതൊരു തെറ്റുമില്ല. എന്തിനാണ് അവരുടെ (മൃദുഹിന്ദുത്വ ആരോപണം ഉന്നയിക്കുന്നവരുടെ) എതിര്‍പ്പ്? ഞാന്‍ ക്ഷേത്രത്തില്‍ പോകുന്നത് ഞാനൊരു ഹിന്ദു ആയതിനാലാണ്. എന്റെ ഭാര്യ ഗൗരിശങ്കര്‍ ക്ഷേത്രത്തില്‍ പോകാറുണ്ട്-കേജ്രിവാള്‍ പറഞ്ഞു.

ഗോവന്‍ സര്‍ക്കാരിന്റെ പദ്ധതികള്‍ കേജ്രിവാള്‍ സര്‍ക്കാര്‍ കോപ്പിയടിക്കുകയാണെന്ന ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തിന്റെ ആരോപണത്തിനും അദ്ദേഹം മറുപടി നല്‍കി. തന്റെ പാര്‍ട്ടിയെ പ്രമോദ് സാവന്താണ് കോപ്പിയടിക്കുന്നതെന്ന് കേജ്രിവാള്‍ പറഞ്ഞു. ഞങ്ങള്‍ സൗജന്യമായി വൈദ്യുതി നല്‍കുമെന്ന് പറഞ്ഞപ്പോള്‍, അദ്ദേഹം ജലം സൗജന്യമായി നല്‍കി. എംപ്ലോയ്‌മെന്റ് അലവന്‍സ് നല്‍കുമെന്ന് ഞങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍, അദ്ദേഹം 10,000 തൊഴിലവസരം പ്രഖ്യാപിച്ചു-കേജ്രിവാള്‍ പറഞ്ഞു.

ദ്വിദിന സന്ദര്‍ശനത്തിനായി ഗോവയിലെത്തിയ കേജ്രിവാള്‍, ഭണ്ഡാരി സമുദായാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. മാത്രമല്ല, തൊഴിലാളി സംഘടനാ നേതാവും ഖനന സമര നേതാവുമായ പുതി ഗാവ്കറിന് ആം ആദ്മി പാര്‍ട്ടിയില്‍ അംഗത്വം നല്‍കുകയും ചെയ്തിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.