'കീപ്പ് ഇന്‍ അബെയ്ന്‍സ്'... മരം മുറിക്കല്‍ ഉത്തരവ് മരവിപ്പിച്ചിട്ടില്ല; മാറ്റി വയ്ക്കുകയായിരുന്നു, ചതിയും വഞ്ചനയും തുടര്‍ക്കഥയാവുന്ന മുല്ലപ്പെരിയാര്‍

'കീപ്പ് ഇന്‍ അബെയ്ന്‍സ്'... മരം മുറിക്കല്‍ ഉത്തരവ് മരവിപ്പിച്ചിട്ടില്ല; മാറ്റി വയ്ക്കുകയായിരുന്നു, ചതിയും വഞ്ചനയും തുടര്‍ക്കഥയാവുന്ന മുല്ലപ്പെരിയാര്‍


തിരുവനന്തപുരം: മുല്ലപ്പെരിയാറില്‍ മരങ്ങള്‍ മുറിക്കാന്‍ തമിഴ്‌നാടിന് കേരളം നല്‍കിയ ഉത്തരവ് മുഖ്യമന്ത്രി ഇടപെട്ട് മരവിപ്പിച്ചെന്ന വാര്‍ത്തയിലും വ്യക്തത കുറവെന്ന് കണ്ടെത്തല്‍. ഉത്തരവ് മരവിപ്പിക്കുക ആയിരുന്നില്ല, യഥാര്‍ത്ഥത്തില്‍ മാറ്റിവയ്ക്കുക മാത്രമാണ് ചെയ്തത്. 'കീപ്പ് ഇന്‍ അബെയ്ന്‍സ്' എന്നാണ് ഉത്തരവില്‍ പറഞ്ഞിരിക്കുന്നത്.

കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെയും നാഷണല്‍ വൈല്‍ഡ് ലൈഫ് ബോര്‍ഡിന്റെയും അനുമതി ലഭ്യമല്ലാത്തതിനാല്‍ തത്കാലം ഉത്തരവ് മാറ്റി വയ്ക്കുന്നു എന്നാണ് അര്‍ത്ഥം. തമിഴ്‌നാടിന്റെ നിലപാടിനെ രഹസ്യമായി പിന്തുണയ്ക്കുന്നതിന് തുല്യമാണിതെന്നാണ് വ്യക്തമാവുന്നത്.

അനുമതി നല്‍കിയത് താനോ മുഖ്യമന്ത്രിയോ അറിഞ്ഞിട്ടില്ലെന്ന് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയ വനം മന്ത്രി എ.കെ.ശശീന്ദ്രന്‍, സര്‍ക്കാര്‍ നിലപാടിന് വിരുദ്ധമായ ഉത്തരവ് നിലനില്‍ക്കില്ലെന്നാണ് ഇന്നലെ നിയമ സഭയില്‍ പ്രഖ്യാപിച്ചത്. അതിനിടെയാണ് വനം വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജേഷ് കുമാര്‍ സിന്‍ഹ രണ്ടാമത് ഇറക്കിയ ഉത്തരവിന്റെ വിവരങ്ങള്‍ പുറത്തു വന്നത്.

കടുവ സംരക്ഷണ കേന്ദ്രത്തിലെ മരങ്ങള്‍ മുറിക്കുന്നതിന് സംസ്ഥാന ഉത്തരവിനു പുറമെ കേന്ദ്രം വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതിയും നാഷണല്‍ വൈല്‍ഡ് ലൈഫ് ബോര്‍ഡിന്റെ അനുമതിയും ആവശ്യമാണ്. ബേബി ഡാമിന് മുന്നിലെ മരം മുറിക്കുന്നതിന് ഈ അനുമതികള്‍ വാങ്ങിയിട്ടുണ്ടോയെന്ന് വ്യക്തമല്ലെന്നാണ് മാറ്റിവയ്ക്കാന്‍ കാരണമായി പറയുന്നത്.

ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച പറ്റിയില്ലെന്ന് സ്ഥാപിക്കാനുള്ള ശ്രമം കൂടിയാണ് ഇവിടെ നിഴലിക്കുന്നത്. കേന്ദ്രാനുമതികള്‍ ലഭ്യമാക്കിയാല്‍, ബേബി ഡാമിന് മുന്നിലെ മരങ്ങള്‍ തമിഴ്‌നാടിന് മുറിക്കാമെന്ന അവസ്ഥയാണ് ഇവിടെ വന്നു ചേരുന്നത്.

തമിഴ്‌നാടിന് അനുകൂലമായി ഉന്നത തലത്തില്‍ നടത്തിയ രഹസ്യ നീക്കങ്ങള്‍ ഒന്നൊന്നായി ഇപ്പോള്‍ പുറത്തു വന്നുകൊണ്ടിരിക്കുകയാണ്. സുപ്രീം കോടതി നിയോഗിച്ച മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതിയില്‍ കേരളത്തിന്റെ ഏക പ്രതിനിധിയായ ജലവിഭവ അഡിഷണല്‍ ചീഫ് സെക്രട്ടറി ടി.കെ.ജോസിന്റെ ചേംബറില്‍ യോഗം ചേര്‍ന്ന് മരങ്ങള്‍ മുറിക്കാനുള്ള അനുമതി നല്‍കാന്‍ തീരുമാനിച്ചത് നവംബര്‍ ഒന്നിനാണ്.

തമിഴ്‌നാട് ജലവിഭവ വകുപ്പ് മന്ത്രി ദുരൈ മുരുഗന്റെ നേതൃത്വത്തിലുള്ള നാലംഗ മന്ത്രി സംഘം നവംബര്‍ അഞ്ചിന് മുല്ലപ്പെരിയാര്‍ സന്ദര്‍ശിച്ചപ്പോഴാണ് മരങ്ങള്‍ മുറിക്കാന്‍ അനുമതി വേണമെന്ന് പരസ്യമായി ആവശ്യപ്പെട്ടത്. അന്നു തന്നെ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ബെന്നിച്ചന്‍ തോമസ് ഉത്തരവും ഇറക്കി. ഉത്തരവ് ഇറക്കിയ കാര്യം ടി.കെ ജോസിനെയും വനം, വന്യജീവി പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജേഷ് കുമാര്‍ സിന്‍ഹയെയും അറിയിക്കുകയും ചെയ്തു.

തമിഴ്‌നാട് മന്ത്രി ആവശ്യം പരസ്യമായി ഉന്നയിക്കുന്നതിനു മുന്‍പു തന്നെ മരം മുറിയ്ക്ക് അനുമതി നല്‍കാന്‍ സര്‍ക്കാര്‍ തലത്തില്‍ തീരുമാനിച്ചിരുന്നു എന്നാണ് വ്യക്തമാകുന്നത്. ഇതിനു പിന്നില്‍ നടന്ന അന്തര്‍ നാടകങ്ങളാണ് ഇനി പുറത്തു വരാനുള്ളത്.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.