ന്യുഡല്‍ഹി: പത്മ പുരസ്‌കാരം ഏറ്റു വാങ്ങാനെത്തിയ ദിവസം ഭാര്യയുടെ വിയോഗ വാര്‍ത്ത അറിഞ്ഞ ഞെട്ടലിലാണ് എഴുത്തുകാരന്‍ ബാലന്‍ പൂതേരി. ഏറെക്കാലമായി അര്‍ബുദത്തോട് പൊരുതുകയായിരുന്ന ഭാര്യ ശാന്ത അന്തരിച്ചെന്ന ദുഖവാര്‍ത്ത ഇന്ന് രാവിലെയാണ് ബാലന്‍ പൂതേരിയെത്തേടി എത്തിയത്. പുരസ്‌കാരം വാങ്ങാന്‍ ഡല്‍ഹിയില്‍ എത്തിയതായിരുന്നു ബാലന്‍. 
ഇരുപത് വര്‍ഷം മുന്‍പ് കാഴ്ച ശക്തി നഷ്ടപ്പെട്ടിട്ടും അകക്കണ്ണിന്റെ വെളിച്ചത്തില്‍ സാഹിത്യ രചന നടത്തിയിരുന്ന ബാലന്‍ പൂതേരിയുടെ ശക്തിയായിരുന്നു ശാന്ത. പുരസ്‌കാരം ഏറ്റു വാങ്ങുന്ന സന്തോഷം കാണാന്‍ പ്രിയതമ ഇനിയില്ലെന്ന ദുഖം അദ്ദേഹത്തെ വല്ലാതെ വേദനിപ്പിക്കുന്നു. 
ഭാര്യയുടെ വിയോഗ വേദനയിലും ശാന്ത ആഗ്രഹിച്ചതു പോലെ പുരസ്‌കാരം ഏറ്റുവാങ്ങാനാണ് ബാലന്റെ തീരുമാനം. താന്‍ ഈ പുരസ്‌കാരം ഏറ്റുവാങ്ങണമെന്നത് ശാന്തയുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നെന്ന് ബാലന്‍ പറഞ്ഞു. ഇത്രയും വലിയ പുരസ്‌കാരം ജീവിതത്തില്‍ കിട്ടുമെന്ന് സ്വപ്‌നത്തില്‍ പോലും കണ്ടിരുന്നില്ല. അത് വാങ്ങാനുള്ള സൗഭാഗ്യം കിട്ടി. എന്നാല്‍ എല്ലായിപ്പോഴും സന്തോഷം ഉണ്ടാകുന്ന സമയത്ത് ദുഖവും കൂടി തേടിയെത്താറുണ്ടെന്ന് ബാലന്‍ വേദനയോടെ പറയുന്നു. 
ശാന്തയുടെ സംസ്‌കാരം വൈകിട്ട് മൂന്നിന് മലപ്പുറം കരിപ്പൂരിലെ വീട്ടുവളപ്പില്‍ നടന്നു. ഉച്ചതിരിഞ്ഞാണ് പദ്മ പുരസ്‌കാരങ്ങളുടെ സമര്‍പ്പണം ഡല്‍ഹിയില്‍ നടക്കുക. കഴിഞ്ഞ ജനുവരയിലാണ് ബാലന്‍ പൂതേരിക്ക് രാജ്യം പദ്മശ്രീ പുരസ്‌കാരം പ്രഖ്യാപിച്ചത്. 
ജീവിത പ്രയാസങ്ങള്‍ക്കിടയിലും സാമൂഹ്യ സേവനത്തിലൂന്നിയുള്ള ജീവിതമായിരുന്നു ബാലന്റേത്. ഇതിനകം അദ്ദേഹം 214 പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. നൂറുകണക്കിന് പുരസ്‌ക്കാരങ്ങളും അദ്ദേഹത്തെ തേടിയെത്തി. 
1983ലാണ് ബാലന്‍ പൂതേരിയുടെ ആദ്യ പുസ്തകം പുറത്തിറങ്ങുന്നത്. 'ക്ഷേത്ര ആരാധന'എന്നായിരുന്നു പുസ്തകത്തിന്റെ പേര്. പുരസ്‌ക്കാരങ്ങളായി കിട്ടിയ തുക കൂട്ടിവച്ച് വീടിനു സമീപത്ത് പത്ത് സെന്റ് സ്ഥലം അദ്ദേഹം വാങ്ങിയിരുന്നു. ഭിന്നശേഷിക്കാര്‍ക്കും വയോജനങ്ങള്‍ക്കും ആശ്വാസമാകാന്‍ അവിടെ ഒരു സാന്ത്വന കേന്ദ്രം പണിയണമെന്നതാണ് ബാലന്‍ പുതേരിയുടെ സ്വപ്‌നം.
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.