രാജിവച്ചൊഴിഞ്ഞ രാജ്യസഭാ സീറ്റിലേക്ക് വീണ്ടും ജോസ് കെ. മാണി; തീരുമാനം ഇടതുമുന്നണി യോഗത്തില്‍

രാജിവച്ചൊഴിഞ്ഞ രാജ്യസഭാ സീറ്റിലേക്ക് വീണ്ടും ജോസ് കെ. മാണി; തീരുമാനം ഇടതുമുന്നണി യോഗത്തില്‍

തിരുവനന്തപുരം: യുഡിഎഫ് മുന്നണി വിട്ട് എല്‍ഡിഎഫിലേക്ക് മാറിയപ്പോള്‍ രാജിവെച്ചൊഴിഞ്ഞ രാജ്യസഭാ സീറ്റിലേക്കുള്ള ഉപതിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് എം നേതാവ് ജോസ് കെ. മാണി തന്നെ വീണ്ടും മത്സരിക്കും. ഇന്ന് വൈകുന്നേരം ചേര്‍ന്ന ഇടതുമുന്നണി യോഗത്തിന്റേതാണ് തീരുമാനം.

ഒഴിവ് വന്ന സീറ്റ് കേരള കോണ്‍ഗ്രസിന് തന്നെ നല്‍കാന്‍ എല്‍.ഡി.എഫില്‍ തത്വത്തില്‍ തീരുമാനമായിരുന്നു. കേരള കോണ്‍ഗ്രസ് ഒഴിഞ്ഞ സീറ്റായതിനാല്‍ അവര്‍ക്ക് തന്നെ നല്‍കാന്‍ എല്‍ഡിഎഫില്‍ ധാരണയാകുകയായിരുന്നു. വിഷയം മുന്നണിയോഗത്തില്‍ കാര്യമായ ചര്‍ച്ചയായില്ല. ഈ മാസം 29 നാണ് രാജ്യ സഭയിലേക്കുള്ള തിരഞ്ഞെടുപ്പ്.

നാളെ കേരള കോണ്‍ഗ്രസ് യോഗം കോട്ടയത്ത് ചേരുന്നുണ്ട്. ഈ യോഗത്തില്‍ അന്തിമ തീരുമാനമുണ്ടാകുമെന്ന് എല്‍ഡിഎഫ് യോഗത്തില്‍ പാര്‍ട്ടിയെ പ്രതിനിധീകരിച്ച് പങ്കെടുത്ത സ്റ്റീഫന്‍ ജോര്‍ജ് പറഞ്ഞു. ജോസ് കെ മാണി തന്നെ മത്സരിക്കാനാണ് സാധ്യതയെന്നും കാര്യമായ മാറ്റമുണ്ടാകില്ലെന്നും സ്റ്റീഫന്‍ ജോര്‍ജ് പറഞ്ഞു. നേരത്തെ യുഡിഎഫിലേക്ക് മടങ്ങിയപ്പോള്‍ കോണ്‍ഗ്രസ് നല്‍കിയ സീറ്റിലാണ് ജോസ് കെ. മാണി രാജ്യസഭയിലേക്ക് വിജയിച്ചത്.

മുന്നണി മാറിയതിന് പിന്നാലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ പാലാ മണ്ഡലത്തില്‍ മത്സരിക്കാനായിരുന്നു ജോസ് എംപി സ്ഥാനം ഒഴിഞ്ഞത്. എന്നാല്‍ പാലായില്‍ മാണി സി. കാപ്പനോട് മത്സരിച്ച ജോസ് കെ. മാണി പരാജയപ്പെട്ടിരുന്നു. ഇതോടെയാണ് ഉപതിരഞ്ഞെടുപ്പില്‍ മത്സരിച്ച് ഒരിക്കല്‍ രാജിവെച്ചൊഴിഞ്ഞ പദവിയിലേക്ക് മടങ്ങാന്‍ ജോസ് കെ. മാണി വീണ്ടും തയ്യാറെടുക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.