ബസ് ചാര്‍ജ് കൂട്ടുന്നു: എല്‍ഡിഎഫില്‍ ധാരണയായി; മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തി, മിനിമം ചാര്‍ജ് പത്തു രൂപ ആയേക്കും

ബസ് ചാര്‍ജ് കൂട്ടുന്നു: എല്‍ഡിഎഫില്‍ ധാരണയായി; മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തി, മിനിമം ചാര്‍ജ് പത്തു രൂപ ആയേക്കും

തിരുവനന്തപുരം: ഇന്ധന,പാചക വാതക വില വര്‍ധനയില്‍ നട്ടം തിരിയുന്ന സാധാരണക്കാരന് ഇരുട്ടടിയായി സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധനവും വരുന്നു. ഇന്ന് ചേര്‍ന്ന ഇടതുമുന്നണി യോഗത്തില്‍ ഇതു സംബന്ധിച്ച് ധാരണയായി.

നിരക്ക് കൂട്ടുന്നതില്‍ തീരുമാനമെടുക്കാന്‍ മുഖ്യമന്ത്രിയെയും ഗതാഗത മന്ത്രിയെയും എല്‍ഡിഎഫ് യോഗം ചുമതലപ്പെടുത്തി. നിരക്കു കൂട്ടാമെന്ന ധാരണയുടെ അടിസ്ഥാനത്തില്‍ ഇന്നു മുതല്‍ പ്രഖ്യാപിച്ചിരുന്ന പണിമുടക്ക് സ്വകാര്യ ബസുടമകള്‍ പിന്‍വലിച്ചിരുന്നു.

മിനിമം ചാര്‍ജ് 12 രൂപയായി ഉയര്‍ത്തുക, വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ മിനിമം ആറ് രൂപയാക്കുക തുടങ്ങിയവയായിരുന്നു ബസ് ഉടമകള്‍ മുന്നോട്ടുവച്ച പ്രധാന ആവശ്യങ്ങള്‍. നിരക്ക് വര്‍ധനയുമായി ബന്ധപ്പെട്ട കുറിപ്പ് ഗതാഗത മന്ത്രി എല്‍ഡിഎഫ് നേതാക്കള്‍ക്ക് കൈമാറിയിരുന്നു.

മിനിമം ചാര്‍ജ് പത്തുരൂപയായി വര്‍ധിപ്പിച്ചേക്കുമെന്നാണ് സൂചന. സ്വകാര്യ ബസ് ഉടമകള്‍ സമരത്തില്‍ ഉറച്ച് നില്‍ക്കുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ ചാര്‍ജ് വര്‍ധനയെന്ന തീരുമാനത്തിലേക്ക് എത്തുന്നത്.

ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിഷന്റെ ശുപാര്‍ശ അനുസരിച്ചാണ് നിരക്ക് വര്‍ധിപ്പിക്കുന്നത്. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ മിനിമം ചാര്‍ജ് എട്ടില്‍ നിലനിര്‍ത്തി ഒരു കിലോമീറ്ററിന് 70 പൈസയില്‍നിന്ന് 90 പൈസ ആക്കിയിരുന്നു.

എട്ടു രൂപയ്ക്ക് സഞ്ചരിക്കാവുന്ന ദൂരം അഞ്ചു കിലോമീറ്ററില്‍ നിന്നും രണ്ടര ആക്കി കുറയ്ക്കുകയും ചെയ്തിരുന്നു. അന്ന് ഡീസല്‍ വില 72 രൂപ ആയിരുന്നു. ഇന്ന് ഡീസല്‍ വില 94 കടന്നെന്നു ബസ് ഉടമകള്‍ പറയുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.