ആ ഗ്രാമം ചൈനീസ് നിയന്ത്രണത്തിലുള്ള പ്രദേശത്ത്; യു.എസ് റിപ്പോര്‍ട്ടിനോട് പ്രതികരിച്ച് ഇന്ത്യ

ആ ഗ്രാമം ചൈനീസ് നിയന്ത്രണത്തിലുള്ള പ്രദേശത്ത്; യു.എസ് റിപ്പോര്‍ട്ടിനോട് പ്രതികരിച്ച് ഇന്ത്യ

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഭൂമിയില്‍ അവകാശവാദം ഉന്നയിക്കാന്‍ ചൈന തന്ത്രപരമായി നീങ്ങുകയാണെന്ന യു.എസ് റിപ്പോര്‍ട്ടിനോട് പ്രതികരിച്ച് ഇന്ത്യ. ഇന്ത്യന്‍ അതിര്‍ത്തിക്കുള്ളില്‍ അരുണാചല്‍ പ്രദേശില്‍ ചൈന നിര്‍മിച്ചതായി പറയുന്ന 100 വീടുകള്‍ അടങ്ങുന്ന ഗ്രാമം ചൈനീസ് നിയന്ത്രണത്തിലള്ള പ്രദേശത്താണെന്ന് ഇന്ത്യന്‍ സുരക്ഷാ ഏജന്‍സികള്‍ വ്യക്തമാക്കി. പ്രതിരോധ ആസ്ഥാനമായ പെന്റഗണ്‍ യുഎസ് കോണ്‍ഗ്രസിനു സമര്‍പ്പിച്ച റിപ്പോര്‍ട്ടിനോടുള്ള പ്രതികരണമായാണ് ഇന്ത്യ ഇക്കാര്യം അറിയിച്ചത്.

അപ്പര്‍ സുബന്‍സിരി ജില്ലയിലെ തര്‍ക്ക പ്രദേശത്തുള്ള ഗ്രാമം ചൈനയുടെ നിയന്ത്രണത്തിലുള്ള പ്രദേശത്താണ്. നാല് വര്‍ഷങ്ങളായി ചൈന മേഖലയില്‍ ഒരു സൈനിക പോസ്റ്റ് നിലനിര്‍ത്തുന്നുണ്ട്. അടുത്ത സമയത്ത് നിര്‍മാണങ്ങള്‍ ഒന്നും നടന്നിട്ടില്ല. ആറ് പതിറ്റാണ്ട് മുമ്പ് ചൈന കൈയടക്കിയ പ്രദേശത്താണ് ഗ്രാമം നിര്‍മിച്ചിരിക്കുന്നതെന്നും സുരക്ഷാ വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.

2020ല്‍ ഇന്ത്യയിലെ അരുണാചല്‍ പ്രദേശിനും ടിബറ്റ് സ്വയംഭരണമേഖലയ്ക്കുമിടയിലുള്ള തര്‍ക്കപ്രദേശത്ത് ചൈന നൂറോളം വീടുകളുണ്ടാക്കിയെന്നാണ് പെന്റഗണിന്റെ റിപ്പോര്‍ട്ട്. കഴിഞ്ഞ ജൂണിലുണ്ടായ ഇന്ത്യ-ചൈന സംഘര്‍ഷത്തിനിടെ യഥാര്‍ഥ നിയന്ത്രണ രേഖയ്ക്കടുത്ത് ചൈന ഒപ്റ്റിക്കല്‍ ഫൈബര്‍ ശൃംഖല സ്ഥാപിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.

യു.എസും ഇന്ത്യയും തമ്മിലുള്ള ബന്ധം ശക്തിപ്പെടുന്നതു തടയാന്‍ ചൈന നിരന്തരം ശ്രമിച്ച് പരാജയപ്പെട്ടു. ആണവായുധ ശേഷിയില്‍ മുമ്പിലുള്ള യു.എസിനും റഷ്യയ്ക്കും ഒപ്പം എത്തുകയാണ് അവരുടെ ലക്ഷ്യമെന്നും റിപ്പോര്‍ട്ട് പറയുന്നു. എന്നാല്‍, പെന്റഗണിന്റെ റിപ്പോര്‍ട്ട് മുന്‍ വിധികളാണെന്നാരോപിച്ച് ചൈന തള്ളിക്കളയുകയായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.