മോന്‍സണ്‍ മാവുങ്കലുമായി വഴിവിട്ട ബന്ധം; ഐജി ജി ലക്ഷ്മണയ്ക്ക് സസ്പന്‍ഷന്‍

മോന്‍സണ്‍ മാവുങ്കലുമായി വഴിവിട്ട ബന്ധം; ഐജി ജി ലക്ഷ്മണയ്ക്ക്  സസ്പന്‍ഷന്‍

കൊച്ചി: മോന്‍സണ്‍ മാവുങ്കലുമായി ബന്ധപ്പെട്ട വിവാദത്തില്‍ ട്രാഫിക്ക് ഐജി ജി ലക്ഷ്മണയ്ക്ക് സസ്പന്‍ഷന്‍. ഇതു സംബന്ധിച്ച ഫയലില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് രാവിലെ ഒപ്പിട്ടു. ലക്ഷ്മണയ്‌ക്കെതിരെ ക്രൈം ബ്രാഞ്ച് ശക്തമായ തെളിവുകള്‍ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ലക്ഷ്മണയെ സര്‍വീസില്‍ നിന്ന് സസ്പന്‍ഡ് ചെയ്തത്.

ജനുവരിയില്‍ എഡിജിപിയായി സ്ഥാനക്കയറ്റം ലഭിക്കാനിരിക്കെയാണ് സസ്പന്‍ഷന്‍. 2010 ബാച്ച് കേരള കേഡര്‍ ഉദ്യോഗസ്ഥനാണ് തെലങ്കാന സ്വദേശിയായ ഐജി ജി ലക്ഷ്മണ്‍. ഇടനിലക്കാരിയായ ആന്ധ്രാ സ്വദേശിനി സുജാതക്കൊപ്പം ഐജി മോന്‍സണിന്റെ വീട്ടില്‍ താമസിച്ചു എന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. അറസ്റ്റിന് തൊട്ടു മുന്‍പ് വരെ മോന്‍സണും ഐജിയും ഒരുമിച്ച് ഉണ്ടായിരുന്നതായും ക്രൈം ബ്രാഞ്ച് കണ്ടെത്തി. ആന്ധ്രാ സ്വദേശിനിയെ മോന്‍സണ് പരിചയപ്പെടുത്തിക്കൊടുത്തത് ഐജിയാണെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കി.

തട്ടിപ്പിനിരയായവര്‍ക്കെതിരെ പരാതി നല്‍കാന്‍ പ്രേരിപ്പിച്ചത് ഐജി ലക്ഷ്മണ്‍ ആണ്. പുരാവസ്തുക്കളില്‍ ചിലത് തിരുവനന്തപുരത്ത് എത്തിക്കാന്‍ ആന്ധ്രാ സ്വദേശിനി ആവശ്യപ്പെട്ടു. പിടിയിലാകുന്നതിനു മുന്‍പ് മോന്‍സണ് എട്ട് പൊലീസുകാരുടെ സംരക്ഷണം നല്‍കി. കൂടാതെ ലോക്ക്ഡൗണ്‍ കാലത്ത് മോന്‍സണ്‍ പറയുന്നവര്‍ക്കെല്ലാം ഐജി യാത്രാ പാസ് നല്‍കി എന്നും ക്രൈം ബ്രാഞ്ച് പറയുന്നു.
പരാതി അന്വേഷിച്ച സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥരുടെ പേരും നമ്പരും ഐജി മോന്‍സണു നല്‍കി. ഇത് പരാതിക്കാര്‍ക്ക് അയച്ച് മോന്‍സണ്‍ തന്റെ സ്വാധീനം വ്യക്തമാക്കിയിരുന്നു. നേരത്തെ മോന്‍സണെതിരെ ആലപ്പുഴ എസ് പി കേസ് അന്വേഷിച്ചുകൊണ്ടിരിക്കെ അന്വേഷണ ചുമതല ചേര്‍ത്തല എസ്എച്ച്ഒയ്ക്ക് കൈമാറാന്‍ ഐജി ലക്ഷ്മണ്‍ കത്ത് നല്‍കിയിരുന്നു.

മോന്‍സണെ അറസ്റ്റ് ചെയ്യുന്ന ദിവസം രാവിലെ മുതല്‍ തന്നെ ഐജി ഇയാളുടെ വീട്ടില്‍ ഉണ്ടായതായും കണ്ടെത്തിയിരുന്നു. രാത്രി ഐജി മടങ്ങിയതിനു ശേഷമാണ് 16 പേരടങ്ങുന്ന ക്രൈംബ്രാഞ്ച് സംഘം ഇയാളെ അറസ്റ്റ് ചെയ്തത്. കൂടാതെ ഓഗസ്റ്റ് അഞ്ചാം തീയതി മോന്‍സണ്‍ മാവുങ്കലും ഐജിയും ആന്ധ്രാ സ്വദേശിനിയും തിരുവനന്തപുരം പൊലീസ് ക്ലബില്‍ താമസിച്ചിരുന്നു. ഇവിടെ നിന്നാണ് ഡിജിപി അനില്‍ കാന്തിനു മൊമെന്റോ നല്‍കാനായി മോന്‍സണ്‍ മാവുങ്കല്‍ പോയത്. ഇതിനു പിന്നിലും ഐജി ലക്ഷ്മണ്‍ ആയിരുന്നുവെന്നാണ് കണ്ടെത്തല്‍.

2017 മുതല്‍ ഐജിക്ക് മോന്‍സണുമായി ബന്ധമുണ്ടായിരുന്നു. മാത്രമല്ല മോന്‍സണ്‍ മാവുങ്കലിന്റെ മകളുടെ വിവാഹ നിശ്ചയത്തിന്റെ അന്ന് എട്ട് പൊലീസുകാരെ ഇയാളുടെ സുരക്ഷക്കായി ഐജി നിയമിക്കുകയും ചെയ്തതായാണ് കണ്ടെത്തല്‍. ലക്ഷമണയ്‌ക്കെതിരെ തെളിവുകള്‍ ശക്തമായതോടെയാണ് സര്‍ക്കാര്‍ നടപടി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.