തിരുവനന്തപുരം: സർക്കാർ ഉടമസ്ഥതതയിലുള്ള പൊതുവാഹനങ്ങളും ടാക്‌സികളും ഉൾപ്പെടെയുള്ളവയ്ക്ക് ‘ട്രാക്കിങ് ഡിവൈസ്’ നിർബന്ധമാക്കും. രാജ്യത്തെ പൊതുഗതാഗത വാഹനങ്ങളെ ഒറ്റകേന്ദ്രത്തിൽനിന്ന് നിരീക്ഷിക്കാനുള്ള ജി.പി.എസ്. വലയമാണ് കേന്ദ്രം നിർദേശിക്കുന്നത്.
സംസ്ഥാനങ്ങൾക്കുള്ള വ്യവസായ സൗഹൃദ റാങ്കിങ് നിശ്ചയിക്കുന്നതിനുള്ള മാനദണ്ഡത്തിൽ ഗതാഗതവകുപ്പിനെയും പൊതുമരാമത്ത് വകുപ്പിനെയും കേന്ദ്രം ഉൾപ്പെടുത്തിയതിന്റെ ഭാഗമായിട്ടാണ് ഈ തീരുമാനങ്ങൾ. ഇതോടെ ഈ വകുപ്പകളിൽ വരുത്തേണ്ട പരിഷ്കാരങ്ങളുടെ കരടുനിർദേശം പുറത്തിറക്കി.
അതേസമയം എല്ലാ സംസ്ഥാനങ്ങളും ‘ചരക്കുനീക്ക നയം’ തയ്യാറാക്കണമെന്നാണ് മറ്റൊരുനിർദേശം. നഗരകേന്ദ്രീകൃത ചരക്കുനീക്കത്തിന് പ്രത്യേക വ്യവസ്ഥകളുണ്ടാക്കണം. ചരക്കുനീക്കവും ഇത്തരത്തിൽ നിരീക്ഷിക്കപ്പെടും. ഇതിനായി സംസ്ഥാനങ്ങൾ പ്രത്യേകം നോഡൽ ഓഫീസറെ നിയമിക്കണം. ചരക്കുനീക്കത്തിനുള്ള എല്ലാ കേന്ദ്രമാർഗരേഖകളും ഈ നോഡൽ ഓഫീസർ വഴിയാകും നടപ്പാക്കുക.
ചരക്കുനീക്കങ്ങൾക്കുള്ള അടിസ്ഥാനസൗകര്യം വിലയിരുത്തി സംസ്ഥാനങ്ങൾ റാങ്കിങ് നൽകും. കര, ജല, വ്യോമ മാർഗങ്ങളിലൂടെ ചരക്കെത്തിക്കാനുള്ള സൗകര്യം, സംഭരണ സംവിധാനം, പ്രധാന നഗരങ്ങളിലേക്ക് റെയിൽവേ, വിമാനത്താവളം, തുറമുഖം എന്നിവയുമായുള്ള ഗതാഗതബന്ധം എന്നിവയെല്ലാം അടിസ്ഥാനമാക്കിയായിരിക്കും റാങ്കിങ്. സംസ്ഥാനങ്ങളുടെ കയറ്റുമതി തോതും റാങ്കിങ്ങിന്റെ ഭാഗമാകും.
ടൂറിസ്റ്റ് സേവനങ്ങൾ, ട്രാവൽ ഏജൻസികൾ എന്നിവയ്ക്ക് നൽകുന്ന അനുമതികൾ സംബന്ധിച്ചുള്ള നടപടിക്രമങ്ങളെല്ലാം ഓൺലൈൻ വഴിയാക്കും. ഏകീകൃത ഡ്രൈവിങ് ലൈസൻസ് നമ്പറുള്ളതുപോലെ ട്രാവൽ ഏജൻസികൾ, അന്തസ്സംസ്ഥാന ടൂറിസ്റ്റ് സർവീസുകൾ എന്നിവയ്ക്കും ഏകീകൃത രജിസ്‌ട്രേഷൻ രീതി കൊണ്ടുവരാനാണ് ആലോചിക്കുന്നത്.
പൊതുമരാമത്ത് ടെൻഡർ, സാധനങ്ങൾ വാങ്ങുന്നത് എന്നിവയ്ക്കെല്ലാം ഓൺലൈൻ സംവിധാനം കൊണ്ടുവരണം. സംസ്ഥാന റാങ്കിങ്ങിനായി 19 വകുപ്പുകളിൽ നടപ്പാക്കേണ്ട 296 പരിഷ്കരണനിർദേശങ്ങളാണ് കരട് വ്യവസ്ഥയിൽ ഉൾപ്പെട്ടിട്ടുള്ളത്. ഇതിൽ ഓരോ സംസ്ഥാനത്തിന്റെയും അഭിപ്രായം കേട്ടശേഷമായിരിക്കും കേന്ദ്ര ഇൻഡസ്ട്രി ആൻഡ് ഇന്റേണൽ ട്രേഡ് വകുപ്പ് അന്തിമരൂപം നൽകുക. ഇത് നടപ്പാക്കുന്നത് അനുസരിച്ചാണ് സംസ്ഥാനങ്ങൾക്ക് റാങ്ക് നൽകുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.