കാപ്പിറ്റോള്‍ ഹില്‍ കലാപം: ട്രംപിനെയും സഹായികളെയും വലയിലാക്കാന്‍ ഒട്ടേറെ സമന്‍സുകളയച്ച് സെലക്ട് കമ്മിറ്റി

 കാപ്പിറ്റോള്‍ ഹില്‍ കലാപം: ട്രംപിനെയും സഹായികളെയും വലയിലാക്കാന്‍ ഒട്ടേറെ സമന്‍സുകളയച്ച് സെലക്ട് കമ്മിറ്റി


വാഷിംഗ്ടണ്‍: പ്രസിഡന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ട്രംപ് അനുയായികള്‍ ജനുവരി 6 നു കാപ്പിറ്റോള്‍ ഹില്ലില്‍ നടത്തിയ അക്രമ കേസ് അന്വേഷിക്കുന്ന ഹൗസ് സെലക്ട് കമ്മിറ്റി ശക്തമായ നടപടി ക്രമങ്ങളിലേക്ക്. ട്രംപ് ഭരണകൂടത്തിലെ പ്രാധാന ഉദ്യോഗസ്ഥരെയും ട്രംപിന്റെ മുഖ്യ സഹായികളെയും ലക്ഷ്യമിട്ട് 10 സമന്‍സുകള്‍ കൂടി പുറപ്പെടുവിച്ചു.കഴിഞ്ഞ ദിവസം ആറെണ്ണം പുറപ്പെടുവിച്ചിരുന്നു.

കലാപം അരങ്ങേറിയപ്പോള്‍ കാപ്പിറ്റോള്‍ ഹില്ലിലുണ്ടായിരുന്ന ട്രംപിനെയും വെസ്റ്റ് വിംഗിലുണ്ടായിരുന്ന സഹായികളെയും ഓവല്‍ ഓഫീസിലോ പരിസരത്തോ ഉണ്ടായിരുന്ന മുതിര്‍ന്ന ഉദ്യോഗസ്ഥരെയും വിളിച്ചുവരുത്താനാണ് രാഷ്ട്രീയ പ്രതിനിധികള്‍ അടങ്ങുന്ന ഹൗസ് കമ്മിറ്റിയുടെ നീക്കം.അന്വേഷണത്തിന്റെ ഭാഗമായി കമ്മിറ്റി കുറഞ്ഞത് 35 സമന്‍സുകളാണ് പുറപ്പെടുവിച്ചിട്ടുള്ളത്.

നവംബര്‍ 23-നകം രേഖകള്‍ ഹാജരാക്കാനും സ്വീകര്‍ത്താക്കള്‍ നവംബര്‍ അവസാനം മുതല്‍ ഡിസംബര്‍ പകുതി വരെ രഹസ്യ സ്വഭാവമുള്ള ചോദ്യംചെയ്യലിന് ഹാജരാകാനും പാനല്‍ ആവശ്യപ്പെട്ടിട്ടുണ്ട്.ട്രംപിന്റെ മുതിര്‍ന്ന പ്രചാരണ ഉദ്യോഗസ്ഥര്‍ക്കും ഉപദേശകര്‍ക്കും കാമ്പെയ്ന്‍ മാനേജര്‍ ബില്‍ സ്റ്റെപിയനും വക്താവ് ജേസണ്‍ മില്ലറിനും സമന്‍സുകള്‍ നല്‍കിയിരുന്നു. ഭരണകാര്യാലയത്തിലെ താനുമായി ബന്ധമുള്ള രേഖകള്‍ ഹൗസ് സെലക്ട് കമ്മിറ്റിക്ക് ആവശ്യാനുസരണം നല്‍കാനുള്ള നീക്കത്തില്‍ നിന്നു പ്രസിഡന്റ് ബൈഡനെ തടയണമെന്ന ട്രംപിന്റെ ആവശ്യം ഇതിനിടെ കോടതി തള്ളി.

മുതിര്‍ന്ന ഉപദേഷ്ടാവ് സ്റ്റീഫന്‍ മില്ലര്‍, പ്രസ് സെക്രട്ടറി കെയ്‌ലി മകെനാനി, പേഴ്‌സണല്‍ ഡയറക്ടര്‍ ജോണ്‍ മക്കെന്റീ, ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ് ക്രിസ് ലിഡല്‍, മുന്‍ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സിന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ആയിരുന്ന കീത്ത് കെല്ലോഗ് എന്നിവര്‍ ട്രംപിനൊപ്പം ടെലിവിഷനില്‍ കലാപത്തിന്റെ ദൃശ്യങ്ങള്‍ വീക്ഷിച്ചിരുന്നതായി ബോബ് വുഡ് വാര്‍ഡിന്റെയും റോബര്‍ട്ട് കോസ്റ്റയുടെയും 'ആപത്ത്' (Peril) എന്ന പുസ്തകത്തില്‍ പ്രതിപാദിച്ചിരുന്നു.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.