ലഖിംപുര്‍ കര്‍ഷക കൂട്ടക്കൊല: മന്ത്രി പുത്രന് കുരുക്ക് മുറുകുന്നു; ആശിഷ് മിശ്രയുടെ തോക്കില്‍ നിന്ന് വെടിയുതിര്‍ന്നെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്

ലഖിംപുര്‍ കര്‍ഷക കൂട്ടക്കൊല: മന്ത്രി പുത്രന് കുരുക്ക് മുറുകുന്നു; ആശിഷ് മിശ്രയുടെ തോക്കില്‍ നിന്ന് വെടിയുതിര്‍ന്നെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്


ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ വിവാദ കാര്‍ഷിക ബില്ലിനെതിരെ ലഖിംപുരില്‍ സമരം ചെയ്ത കര്‍ഷകരുടെ കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് പ്രതി ആശിഷ് മിശ്രയുടെ തോക്കില്‍ നിന്ന് വെടിയുതിര്‍ന്നുവെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്.

എന്നാല്‍ ഇത് കൂട്ടക്കൊല നടന്ന ഒക്ടോബര്‍ മൂന്നിന് ആണോ എന്ന് ഉറപ്പിക്കാന്‍ കൂടുതല്‍ പരിശോധന നടത്തുമെന്ന് ഉത്തര്‍പ്രദേശ് പൊലീസ് പ്രതികരിച്ചു. കര്‍ഷക പ്രതിഷേധത്തിന് നേരെ ആശിഷിന്റെ വാഹനവ്യൂഹം ഇടിച്ച് കയറ്റിയ സംഭവത്തില്‍ നാല് കര്‍ഷകര്‍ കൊല്ലപ്പെട്ടിരുന്നു.

സംഭവം നടന്ന സ്ഥലത്ത് നിന്ന് രണ്ട് ബുള്ളറ്റുകള്‍ കണ്ടെടുത്തിരുന്നു. തുടര്‍ന്ന് പോലീസ് ആശിഷ് മിശ്രയുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ റൈഫിളും റിവോള്‍വറും പിടിച്ചെടുക്കുകയും ചെയ്തിരുന്നു. ഫോറന്‍സിക് യൂണിറ്റ് നടത്തിയ പരിശോധനയിലാണ് തോക്കില്‍ നിന്ന് വെടിയുതിര്‍ന്നുവെന്ന സ്ഥിരീകരണം ഉണ്ടായിരിക്കുന്നത്.

പ്രദേശത്ത് നിന്ന് കണ്ടെത്തിയ ബുള്ളറ്റുകള്‍ ഈ തോക്കിലുണ്ടായിരുന്നതാണെന്നും തിരിച്ചറിഞ്ഞു. എന്നാല്‍ കൂട്ടക്കൊല നടന്ന ദിവസമാണോ ഇത് ഉപയോഗിച്ചതെന്ന് സ്ഥിരീകരിക്കാന്‍ കൂടുതല്‍ പരിശോധനകള്‍ വേണമെന്നാണ് പൊലീസ് പറയുന്നത്.

ലഖിംപുര്‍ കേസില്‍ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകനായ ആശിഷ് ഇപ്പോഴും റിമാന്‍ഡില്‍ കഴിയുകയാണ്. എന്തായാലും ഇപ്പോള്‍ ബുള്ളറ്റ് കണ്ടെടുത്ത കേസില്‍ ഉള്‍പ്പെടെ കൂടുതല്‍ അന്വേഷണവും പരിശോധനകളും വേണമെന്നാണ് പൊലീസ് നിലപാട്. കോടതിയുള്‍പ്പെടെ വിമര്‍ശനമുന്നയിച്ച ശേഷമാണ് ലഖിംപുര്‍ കൂട്ടക്കൊലയില്‍ ആശിഷിനെ യു.പി പൊലീസ് അറസ്റ്റ് ചെയ്തത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.