മുല്ലപ്പെരിയാർ: മരങ്ങൾ മുറിക്കാൻ ഉത്തരവിട്ട വനംവകുപ്പ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

മുല്ലപ്പെരിയാർ: മരങ്ങൾ മുറിക്കാൻ ഉത്തരവിട്ട വനംവകുപ്പ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: മുല്ലപ്പെരിയാർ ഡാം പരിസരത്തെ മരങ്ങൾ മുറിക്കാൻ ഉത്തരവിറക്കിയ ചിഫ് വൈൽഡ് ലൈഫ് വാർഡൻ ബെന്നിച്ചൻ തോമസിനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. മുഖ്യമന്ത്രിയും വനംമന്ത്രിയും അറിയാതെ ഉത്തരവിറക്കിയതിനാണ് നടപടി.

വിഷയത്തിൽ ഉദ്യോഗസ്ഥ തലത്തിൽ വീഴ്ചയുണ്ടെന്ന സർക്കാർ വിലയിരുത്തലിന് പിന്നാലെയാണ് നടപടി. പിസിസിഎഫ് റാങ്കിലുള്ള ബെന്നിച്ചൻ തോമസ് വനംവകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥരിൽ ഒരാളാണ്. മറ്റ് ഉദ്യോഗസ്ഥർക്ക് വിഷയത്തിൽ പങ്കുണ്ടോയെന്ന് പരിശോധിക്കാൻ മുഖ്യമന്ത്രി ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി.

അതേസമയം മുല്ലപ്പെരിയാർ അണക്കെട്ടിന് പരിസരത്തെ മരങ്ങൾ മുറിക്കാൻ തമിഴ്നാടിന് അനുമതി നൽകിക്കൊണ്ടുള്ള ഉത്തരവ് സർക്കാർ റദ്ദാക്കി. ഇന്ന് വൈകുന്നേരം ചേർന്ന മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. വിവാദത്തിന്റെ പശ്ചാത്തലത്തിൽ നേരത്തെ മരവിപ്പിച്ച ഉത്തരവാണ് ഇപ്പോൾ സർക്കാർ റദ്ദാക്കിയത്.

മുല്ലപ്പെരിയാർ ബേബി ഡാമിലെ 15 മരങ്ങൾ മുറിക്കാനാണ് വൈൽഡ് ലൈഫ് വാർഡൻ തമിഴ്നാടിന് അനുമതി നൽകിയത്. ഇതുവിവാദമായതോടെ ഉത്തരവ് റദ്ദാക്കുന്ന കാര്യത്തിൽ സർക്കാർ നിയമോപദേശം തേടിയിരുന്നു. ഉത്തരവ് റദ്ദാക്കുന്നതിൽ നിയമപരമായി തടസമില്ലെന്നാണ് അഡ്വക്കേറ്റ് ജനറൽ സർക്കാരിന് നൽകിയ നിയമോപദേശം. ഇതിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ തീരുമാനം. എന്നാൽ ഉത്തരവ് മരവിപ്പിച്ചാൽ പോര റദ്ദാക്കണമെന്ന് പ്രതിപക്ഷവും ആവശ്യപ്പെട്ടിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.