അബുദാബി: ട്വന്റി20 ലോകകപ്പ് ഫൈനലില്‍ കടന്ന് ന്യൂസിലാന്‍ഡ്. സെമി ഫൈനലില്‍ ഇംഗ്ലണ്ടിനെ അഞ്ച് വിക്കറ്റിന് ന്യൂസിലാന്‍ഡ് തോല്‍പ്പിച്ചു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ട് മുന്‍പില്‍ വെച്ച 167 റണ്‍സ് ഒരോവര്‍ ശേഷിക്കെ കിവീസ് മറികടന്നു.
ചെയ്‌സ് ചെയ്യവെ ഒരു ഘട്ടത്തില്‍ 13-2 എന്ന നിലയിലേക്ക് തകര്‍ന്നെങ്കിലും ഡാരില്‍ മിച്ചല്‍ അവസാനം വരെ ക്രീസില്‍ നിന്നതോടെ ന്യൂസിലാന്‍ഡ് ഫൈനലിലേക്ക് കുതിച്ചു. 47 പന്തില്‍ നിന്ന് നാല് ഫോറും നാല് സിക്‌സും നേടി 72 റണ്‍സോടെയാണ് ഡാരില്‍ മിച്ചല്‍ ക്രീസില്‍ നിന്നത്.
ഡെവോണ്‍ കോണ്‍വേ 38 പന്തില്‍ നിന്ന് അഞ്ച് ഫോറും ഒരു സിക്‌സും പറത്തി 46 റണ്‍സ് നേടി. നീഷാം 27 റണ്‍സ് നേടി പുറത്തായി. ന്യൂസിലാന്‍ഡ് ഇന്നിങ്‌സിലെ ആദ്യ പന്ത് തന്നെ ക്രിസ് വോക്‌സിനെതിരെ ബൗണ്ടറി നേടിയാണ് ഗപ്റ്റില്‍ തുടങ്ങിയത്. എന്നാല്‍ ആദ്യ ഓവറിലെ മൂന്നാമത്തെ ഡെലിവറിയില്‍ ഗപ്റ്റിലിനെ വോക്‌സ് കൂടാരം കയറ്റി. അഞ്ച് റണ്‍സ് എടുത്താണ് വില്യംസണും മടങ്ങിയത്.
ഡെത്ത് ഓവറില്‍ ന്യൂസിലാന്‍ഡിനെ പിടിച്ചു കെട്ടാന്‍ കഴിയാതിരുന്നതാണ് ഇംഗ്ലണ്ടിന് വിനയായത്. 17ാം ഓവറില്‍ ക്രിസ് ജോര്‍ദാനെ ലക്ഷ്യം വെച്ച് ബാറ്റ് വീശി നീഷാം കളിച്ചതോടെ 23 റണ്‍സ് ആണ് ആ ഓവറില്‍ ന്യൂസിലാന്‍ഡ് നേടിയത്. ഇതോടെ സമ്മര്‍ദം ഇംഗ്ലണ്ടിന്റെ മേലേക്ക് വീണു.
ടോസ് നേടി ന്യൂസിസലന്റ് ഇംഗ്ലണ്ടിനെ ബാറ്റിങിന് അയക്കുകയായിരുന്നു. നിശ്ചിത ഓവറില്‍ ഇംഗ്ലണ്ട് നാല് വിക്കറ്റ് നഷ്ടത്തില്‍ 166 റണ്‍സ് നേടി.മൂന്നാം വിക്കറ്റില്‍ ഒന്നിച്ച ഡേവിഡ് മലാന്‍ മോയിന്‍ അലി കൂട്ടുകെട്ടാണ് ഇംഗ്ലണ്ടിന് പൊരുതാവുന്ന സ്‌കോര്‍ സമ്മാനിച്ചത്. രണ്ട് സിക്‌സും മൂന്ന് ഫോറുമടക്കം 51 റണ്‍സോടെ പുറത്താകാതെ നിന്ന മോയിന്‍ അലിയാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍.
മൂന്നാം വിക്കറ്റില്‍ 63 റണ്‍സ് ചേര്‍ത്ത ഈ കൂട്ടുകെട്ടാണ് ഇംഗ്ലണ്ടിനെ 100 കടത്തിയത്. 30 പന്തില്‍ നിന്ന് ഒരു സിക്‌സും നാലു ഫോറുമടക്കം 42 റണ്‍സെടുത്ത മലാനെ മടക്കി 16ാം ഓവറില്‍ ടിം സൗത്തിയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.
മാറ്റങ്ങളൊന്നും ഇല്ലാതെയാണ് ന്യൂസീലന്‍ഡ് കളത്തിലിറങ്ങിയത്. സൂപ്പര്‍ 12ല്‍ മരണ ഗ്രൂപ്പില്‍ നിന്ന് ഗ്രൂപ്പ് ജേതാക്കളായാണ് ഇംഗ്ലണ്ട് സെമിയില്‍ പ്രവേശിച്ചത്. കിവീസാകട്ടെ ഗ്രൂപ്പ് രണ്ടില്‍ നിന്ന് രണ്ടാം സ്ഥാനക്കാരായാണ് സെമിയില്‍ കടന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.