അന്തര്‍ സംസ്ഥാന നദീജല വിഷയം: ത്രിതല സമിതി രൂപീകരിക്കാന്‍ തീരുമാനം

അന്തര്‍ സംസ്ഥാന നദീജല വിഷയം: ത്രിതല സമിതി രൂപീകരിക്കാന്‍ തീരുമാനം

തിരുവനന്തപുരം: അന്തര്‍ സംസ്ഥാന നദീജല തര്‍ക്കങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാനം മുന്നു സമിതികള്‍ രൂപീകരിക്കും. അന്തര്‍ സംസ്ഥാന നദീജല സ്ട്രാറ്റജിക് കൗണ്‍സില്‍, മോണിറ്ററിങ് കമ്മിറ്റി, നിയമ സാങ്കേതിക സെല്‍ എന്നിവയാണ് രൂപീകരിക്കുക. നിലവിലുള്ള അന്തര്‍ സംസ്ഥാന ജല ഉപദേശക സമിതിക്കു പകരമാണ് ഇവ.

നദീജല തര്‍ക്കങ്ങളുമായി ബന്ധപ്പെട്ട് വേഗത്തിലും കൃത്യമായും തീരുമാനങ്ങള്‍ എടുക്കാന്‍ സര്‍ക്കാരിന് ആവശ്യമായ അഭിപ്രായങ്ങളും ഉപദേശങ്ങളും ലഭ്യമാക്കാനാണ് മന്ത്രിസഭാ യോഗം പുതിയ സംവിധാനത്തിന് രൂപം നല്‍കിയത്.
മുഖ്യമന്ത്രി ചെയര്‍മാനും ജലവിഭവമന്ത്രി വൈസ് ചെയര്‍മാനുമായാകും അന്തര്‍ സംസ്ഥാന നദീജല സ്ട്രാറ്റജിക് കൗണ്‍സില്‍. വനം, ഊര്‍ജ മന്ത്രിമാര്‍, നിര്‍ദിഷ്ട പദ്ധതി പ്രദേശവുമായി ബന്ധപ്പെട്ട നാല് എംഎല്‍എമാരും രണ്ട് എംപിമാരും, ചീഫ് സെക്രട്ടറി, ജലവിഭവ സെക്രട്ടറി എന്നിവര്‍ അംഗങ്ങളാകും.

സംസ്ഥാനത്തിന്റെ പൊതുതാല്‍പ്പര്യം സംരക്ഷിക്കാന്‍ നയപരമായ തീരുമാനങ്ങള്‍ കൗണ്‍സില്‍ എടുക്കും. സുപ്രീം കോടതിയിലും അന്തര്‍ സംസ്ഥാന നദീജല ട്രിബ്യൂണലിലും വരുന്ന കേസുകള്‍ ഫലപ്രദമായി മുന്നോട്ടുകൊണ്ടുപോകാനുള്ള നടപടിയെടുക്കും. അന്തര്‍ സംസ്ഥാന നദീജല തര്‍ക്കങ്ങള്‍ ഉള്‍പ്പെടുന്ന പുതിയ പദ്ധതികളുടെ നിര്‍മാണവും പ്രവര്‍ത്തനവും സൂക്ഷ്മമായി നിരീക്ഷിച്ച്‌ നിര്‍ദേശങ്ങള്‍ നല്‍കലും സമിതിയുടെ ചുമതലയാണ്.

ചീഫ് സെക്രട്ടറി ചെയര്‍മാനായ അന്തര്‍ സംസ്ഥാന നദീജല മോണിറ്ററിങ് കമ്മിറ്റിയില്‍ ജലവിഭവ, ഊര്‍ജ, റവന്യൂ, വനം, കൃഷി, നിയമ സെക്രട്ടറിമാരും കെഎസ്‌ഇബി ചെയര്‍മാനും അന്തര്‍ സംസ്ഥാന നദീജല ചീഫ് എന്‍ജിനിയറും അംഗങ്ങളാകും. വിഷയങ്ങളില്‍ നയപരമായ തീരുമാനങ്ങള്‍ രൂപീകരിക്കാന്‍ സംസ്ഥാന സമിതിയെ സഹായിക്കലാണ് ചുമതല.

നദീജല കരാറുകള്‍ സമയബന്ധിതമായി പുതുക്കാനുള്ള നടപടി സ്വീകരിക്കലും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി ഇടപെടലുകള്‍ ഉറപ്പാക്കലും ചുമതലയാണ്. സ്ട്രാറ്റജിക് കമ്മിറ്റിക്കും മോണിറ്ററിങ് കമ്മിറ്റിക്കും ആവശ്യമായ നിയമോപദേശം നല്‍കുകയാണ് അന്തര്‍ സംസ്ഥാന നദീജല നിയമ സാങ്കേതിക സെല്ലിന്റെ ചുമതല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.