തിളച്ച സൂപ്പ് റെസ്റ്ററന്റ് മാനേജരുടെ മുഖത്തൊഴിച്ച് യുവതി; ഉരുകിയ പ്ലാസ്റ്റിക് കലര്‍ന്നിരുന്നതായി ആരോപണം

 തിളച്ച സൂപ്പ് റെസ്റ്ററന്റ് മാനേജരുടെ മുഖത്തൊഴിച്ച് യുവതി; ഉരുകിയ പ്ലാസ്റ്റിക് കലര്‍ന്നിരുന്നതായി ആരോപണം


ടെക്സസ്: പാഴ്സലായി വാങ്ങിയ സൂപ്പില്‍ പ്ലാസ്റ്റിക് കഷണം കണ്ടെന്ന ആരോപണവുമായി റെസ്റ്ററന്റ് മാനേജരുടെ മുഖത്തേക്ക് തിളയ്ക്കുന്ന സൂപ്പ് ഒഴിച്ച് യുവതി. ടെക്സസിലാണ് സംഭവം. പൊള്ളല്‍ അത്ര ഗുരുതരമായില്ലെങ്കിലും സംഭവത്തിന്റെ വീഡിയോ പുറത്ത് വന്നതോടെ യുവതിക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.

റെസ്റ്ററന്റിന്റെ മാനേജരായ ജെന്നേല്‍ ബ്രോലാന്റ് എന്ന യുവതിയാണ് സ്പൈസി മെക്സിക്കന്‍ മെനുഡോ എന്ന സൂപ്പ് കൊണ്ടുള്ള ക്രൂരമായ ആക്രമണത്തിന് ഇരയായത്. ആക്രമിച്ച യുവതിയെ തിരിച്ചറിഞ്ഞിട്ടില്ല. പാഴ്സലായി നല്‍കിയ സൂപ്പില്‍ അത് അടച്ചിരുന്ന പ്ലാസ്റ്റിക് പാത്രം ഉരുകി വീണെന്ന് യുവതി ആക്രോശിക്കുന്നത് വീഡിയോയില്‍ വ്യക്തമാണ്.

ആദ്യം ജെന്നേലിന്റെ സമീപത്തേക്ക് എത്തിയ യുവതി അടപ്പ് തുറന്ന് പരാതി പറയുന്നത് വീഡിയോയില്‍ കാണാം. ഇതിന് പിന്നാലെ സൂപ്പ് മുഴുവനായി ജെന്നേലിന്റെ മുഖത്തേക്ക് ഒഴിച്ച ശേഷം ഓടി മറയുകയായിരുന്നു. ജെന്നേല്‍ ഉടന്‍ തന്നെ മുഖം പൊത്തിക്കൊണ്ട് അകത്തേക്ക് പോകുന്നതും വീഡിയോയില്‍ ദൃശ്യമാണ്. ഇവരുടെ മുഖത്തിന് ഗുരുതരമായ പൊള്ളലേറ്റിട്ടില്ലെന്നാണ് വിവരം.

സംഭവത്തില്‍ യുവതിയെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ആരംഭിച്ചു കഴിഞ്ഞു.റെസ്റ്ററന്റിലുണ്ടായിരുന്നവര്‍ ഈ യുവതി എത്തിയ കാറിന്റെ ചിത്രങ്ങളെടുത്തിട്ടുണ്ട്. കാറിന്റെ നമ്പര്‍ നോക്കി ആളെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ പോലീസ് ആരംഭിച്ചു. ജനങ്ങളുടെ ഭാഗത്ത് നിന്നുളള ഇത്തരം നീക്കങ്ങള്‍ അംഗീകരിക്കാനാകില്ലെന്ന് പോലീസ് ഡെപ്യൂട്ടി ചീഫ് അലന്‍ ടെസ്റ്റോണ്‍ പറഞ്ഞു. ഭക്ഷണത്തെ സംബന്ധിച്ച് പരാതികള്‍ ഉണ്ടെങ്കില്‍ അത് പരിഹരിക്കാന്‍ കൃത്യമായ നിയമ സംവിധാനങ്ങള്‍ ഉണ്ട്. അല്ലാതെയുള്ള ആക്രമണങ്ങള്‍ ഒരു രീതിയിലും അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.