ആരാധനക്രമം സഭയുടെ അമൂല്യ സമ്പത്ത്: കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി

ആരാധനക്രമം സഭയുടെ അമൂല്യ സമ്പത്ത്: കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി

കൊച്ചി: ആരാധനക്രമം സഭയുടെ അമൂല്യസമ്പത്തും തനിമയുടെ അടയാളവുമാണെന്ന് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ചുബിഷപ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. സീറോ മലബാര്‍ സഭയുടെ ലിറ്റര്‍ജി കമ്മീഷന്റെ നേതൃത്വത്തില്‍ നവീകരിച്ച കുര്‍ബാന ക്രമത്തെക്കുറിച്ച് 'ലിത്തൂര്‍ജിയ 2021' എന്ന പേരില്‍ നടന്ന വെബിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കര്‍ദ്ദിനാള്‍.

നവംബര്‍ ഏഴു മുതല്‍ 10 വരെയായിരുന്നു വെബിനാര്‍ നടന്നത്. സീറോ മലബാര്‍ സഭ ആരാധനക്രമ നവീകരണത്തിന്റെ പാതയിലൂടെ കടന്നു പോവുകയാണ്. ഒരേ രീതിയില്‍ ബലിയര്‍പ്പിക്കുന്ന സുദിനത്തിനായി സഭ കാത്തിരിക്കുകയാണെന്നും ഏകീകൃത രീതിയിലുള്ള ബലിയര്‍പ്പണത്തിലൂടെ സഭയുടെ ഐക്യമാണ് വെളിവാകുന്നതെന്നും മാര്‍ ആലഞ്ചേരി പറഞ്ഞു.

സീറോ മലബാര്‍ ലിറ്റര്‍ജി കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ തോമസ് ഇലവനാല്‍ വെബിനാറില്‍ സന്ദേശം നല്‍കി. പരിശുദ്ധ കുര്‍ബാന ദൈവ ജനത്തിന്റെ വിശ്വാസത്തിന്റെ വെളിപ്പെടുത്തലാണെന്നും കുര്‍ബാനയിലെ പ്രാര്‍ഥനകളും അടയാളങ്ങളും പ്രതീകങ്ങളും വിശ്വാസം പ്രഘോഷിക്കുന്നതിന് സഹായകരമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഓക്‌സ്‌ഫോഡ് യൂണിവേഴ്‌സിറ്റി പ്രഫസറും പ്രസിദ്ധ സുറിയാനി പണ്ഡിതനുമായ ഡോ. സെബാസ്റ്റ്യന്‍ ബ്രോക്ക് വെബിനാറില്‍ പ്രധാന പ്രമേയം അവതരിപ്പിച്ചു. പൗരസ്ത്യ സുറിയാനി അനാഫൊറകളിലുള്ള മിശിഹാ വിജ്ഞാനീയത്തെ പറ്റിയായിരുന്നു അദ്ദേഹത്തിന്റെ പ്രഭാഷണം.

ലിറ്റര്‍ജി കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ തോമസ് ഇലവനാല്‍, കമ്മീഷന്‍ സെക്രട്ടറി റവ. ഡോ. ഫ്രാന്‍സിസ് പിട്ടാപ്പിള്ളില്‍, അസിസ്റ്റന്റ് സെക്രട്ടറി റവ. ഡോ. ജേക്കബ് കിഴക്കേവീട്, റവ. ഡോ. പോളി മണിയാട്ട് തുടങ്ങിയവര്‍ വിഷയങ്ങള്‍ അവതരിപ്പിച്ചു.

ഇരിങ്ങാലക്കുട രൂപതാധ്യക്ഷന്‍ മാര്‍ പോളി കണ്ണൂക്കാടന്‍, കോതമംഗലം രൂപതാധ്യക്ഷന്‍ മാര്‍ ജോര്‍ജ് മഠത്തികണ്ടത്തില്‍, ഷംഷാബാദ് രൂപതാധ്യക്ഷന്‍ മാര്‍ റാഫേല്‍ തട്ടില്‍ തുടങ്ങിയവര്‍ വിവിധ സെഷനുകളില്‍ അദ്ധ്യക്ഷത വഹിച്ചു. സിസ്റ്റര്‍ നിര്‍മല്‍ എം.എസ്.ജെ, ഡോ. മനോജ് എബ്രാഹം, സെന്റട്രല്‍ ലിറ്റര്‍ജി കമ്മിറ്റിയിലെ അംഗങ്ങള്‍ തുടങ്ങിയവര്‍ വെബിനാറിന് നേതൃത്വം നല്‍കി.





വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.