മെല്‍ബണ്‍: ഓസ്ട്രേലിയയിലെ വിക്ടോറിയയില്‍ ക്രൈസ്തവ വിശ്വാസികള്‍ക്കു നേരേയുള്ള മറ്റൊരു പ്രഹരമായ 'തുല്യ അവസര ഭേദഗതി ബില്‍' നടപ്പാക്കാനുള്ള നീക്കത്തിനെതിരേ പോരാടാനുറച്ച് ക്രൈസ്തവ സമൂഹം. ക്രൈസ്തവ സ്ഥാപനങ്ങളായ സ്‌കൂളുകളിലും മറ്റും വിശ്വാസികളായ ജീവനക്കാരെ നിയമിക്കാന്‍ നിലവിലുണ്ടായിരുന്ന പ്രത്യേക അധികാരം നീക്കുന്ന പുതിയ ഭേദഗതി ബില്ലിനെതിരേയാണ് പ്രതിഷേധമുയരുന്നത്.  
പാര്‍ലമെന്റില്‍ അവതരിപ്പിച്ച തുല്യ അവസര ഭേദഗതി ബില്ലിനെക്കുറിച്ച് കടുത്ത ആശങ്കകള്‍ പങ്കുവച്ച് മെല്‍ബണ്‍ ആര്‍ച്ച് ബിഷപ്പ് പീറ്റര്‍ എ കോമെന്‍സോലി അതിരൂപതയിലെ എല്ലാ കത്തോലിക്കാ വിശ്വാസികള്‍ക്കും കത്തെഴുതി.
നിര്‍ദിഷ്ട ബില്ലിലെ ശിപാര്‍ശകള്‍ വിക്ടോറിയയിലെ എല്ലാ വിശ്വാസാധിഷ്ഠിത സ്ഥാപനങ്ങളെയും സംഘടനകളെയും സാരമായി ബാധിക്കുമെന്ന് കത്തില്‍ ആര്‍ച്ച് ബിഷപ്പ് മുന്നറിയിപ്പു നല്‍കുന്നു. ക്രൈസ്തവ വിശ്വാസങ്ങളും മൂല്യങ്ങളും പിന്തുടരുന്ന ജീവനക്കാരെ ഇനി നിയമിക്കാനാവില്ല. അല്ലെങ്കില്‍ ആ വ്യക്തി ജോലിക്ക് അനിവാര്യ ഘടകമാണെന്നു തെളിയിക്കേണ്ടി വരും.
വിക്ടോറിയന്‍ സര്‍ക്കാര്‍ ഈ ബില്ലിനെ മത സ്ഥാപനങ്ങളിലെ വിവേചനത്തിനെതിരേയുള്ള സംരക്ഷണം എന്ന രീതിയില്‍ തെറ്റിദ്ധരിപ്പിക്കുകയാണ്-ആര്‍ച്ച് ബിഷപ്പ് കത്തില്‍ പറയുന്നു.
 
വിക്‌ടോറിയ പാര്‍ലമെന്റ്
ഇത് വളരെ ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കുന്ന നിയമമാണ്. ക്രൈസ്തവ വിശ്വാസ്ത്തില്‍ അധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് അവയുടെ മൂല്യങ്ങള്‍ക്കനുസരിച്ച് തൊഴില്‍ ചെയ്യുന്നതിനെ ഈ നിയമം പരിമിതപ്പെടുത്തുമെന്നുറപ്പാണ്.
ക്രൈസ്തവ സ്ഥാപനങ്ങളുടെയും വിശ്വാസികളുടെയും സ്വാതന്ത്ര്യത്തിലേക്കുള്ള വിക്ടോറിയന്‍ സര്‍ക്കാരിന്റെ കടന്നുകയറ്റത്തിന്റെ മറ്റൊരു സങ്കടകരമായ ഉദാഹരണമാണ് ഈ നിയമനിര്‍മ്മാണം.
നിലവില്‍, സ്‌കൂളുകള്‍ ഉള്‍പ്പെടെയുള്ള കത്തോലിക്കാ സ്ഥാപനങ്ങള്‍ക്ക് മതപരമായ വിശ്വാസങ്ങളും ധാര്‍മ്മികതയും പിന്തുടരുന്നവരെ സ്വതന്ത്രമായി നിയമിക്കാന്‍ കഴിയും. ഇതിനു മാറ്റം കൊണ്ടുവരാനാണ് വിക്ടോറിയന്‍ സര്‍ക്കാര്‍ നിയമനിര്‍മ്മാണം കൊണ്ട് ഉദ്ദേശിക്കുന്നത്. 
ബില്‍ പാസായാല്‍, വിക്ടോറിയയില്‍ ഉടനീളമുള്ള എല്ലാ മതസ്ഥാപനങ്ങളെയും ബാധിക്കുമെന്ന് ആര്‍ച്ച് ബിഷപ്പ് മുന്നറിയിപ്പ് നല്‍കി. സഭകളുടെ കീഴിലുള്ള സ്‌കൂളുകളെയാണ് നിയമ ഭേദഗതി കൂടുതലായി ബാധിക്കുക. സ്‌കൂളുകളുടെ സുഗമമായ നടത്തിപ്പിനും ജീവനക്കാരെ നിയമിക്കാനുമുള്ള അധികാരം ഈ നിയമനിര്‍മ്മാണത്തിലൂടെ സര്‍ക്കാര്‍ പരിമിതപ്പെടുത്തും. സ്‌കൂളിന്റെ വിശ്വാസങ്ങളോട് പരസ്യമായി വിയോജിക്കുന്ന ജീവനക്കാരെ പോലും നിയമിക്കേണ്ടി വന്നേക്കാമെന്ന് ആര്‍ച്ച് ബിഷപ്പ് കോമെന്‍സോലി കത്തില്‍ ആശങ്ക പ്രകടിപ്പിച്ചു.
സംസ്ഥാന, ഫെഡറല്‍ പാര്‍ലമെന്റ് അംഗങ്ങളുമായി ബന്ധപ്പെട്ട് ബില്ലിനെക്കുറിച്ചുള്ള ആശങ്കകള്‍ പ്രകടിപ്പിക്കാന്‍ തന്നോടൊപ്പം അണിചേരാന്‍ ആര്‍ച്ച് ബിഷപ്പ് വിശ്വാസസമൂഹത്തോട് ആഹ്വാനം ചെയ്തു. 
ബില്‍ അടുത്തയാഴ്ച പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യുമെന്നാണ് കരുതപ്പെടുന്നത്. 
ഓസ്ട്രേലിയയിലെ ക്രിസ്ത്യന്‍ സ്‌കൂളുകള്‍ക്കായുള്ള പബ്ലിക് പോളിസി ഡയറക്ടര്‍ മാര്‍ക്ക് സ്‌പെന്‍സറും ബില്ലിനെതിരേ എതിര്‍പ്പുമായി രംഗത്തുവന്നു. ഒരു ക്രിസ്ത്യന്‍ സ്‌കൂള്‍ ആരെ നിയമിക്കണമെന്ന് സര്‍ക്കാര്‍ ഉത്തരവിടാന്‍ ശ്രമിക്കുന്നത് എന്തുകൊണ്ടാണെന്ന് അദ്ദേഹം ചോദിച്ചു. 
രാഷ്ട്രീയ പാര്‍ട്ടികളെ ഒഴിവാക്കി വിശ്വാസാധിഷ്ഠിത വിദ്യാലയങ്ങളിലെ തൊഴില്‍ സാഹചര്യങ്ങളില്‍ സര്‍ക്കാര്‍ കൈ കടത്തുന്നത് കാപട്യമാണ്. പ്രധാന രാഷ്ട്രീയ പാര്‍ട്ടികള്‍ പോലും അവരുടെ വിശ്വാസങ്ങള്‍ക്കും മൂല്യങ്ങള്‍ക്കും അനുസരിച്ചുള്ള ജീവനക്കാരെയാണ് റിക്രൂട്ട് ചെയ്യുന്നത്. 
തങ്ങളുടെ കുട്ടികള്‍ ക്രൈസ്തവ മൂല്യങ്ങള്‍ പഠിച്ചുവളരണമെന്ന് ആഗ്രഹിക്കുന്നത് മാതാപിതാക്കളാണ്. അതിനാണ് കുട്ടികളെ ക്രിസ്ത്യന്‍ സ്‌കൂളുകളിലേക്ക് അയയ്ക്കുന്നത്. മാതാപിതാക്കളുടെ ഈ തെരഞ്ഞെടുപ്പിനുള്ള സ്വാതന്ത്ര്യത്തെയും വിശ്വാസത്തില്‍ അധിഷ്ഠിതമായ ധാര്‍മ്മികതയെയും തകര്‍ക്കാനാണ് പ്രീമിയര്‍ ഡാനിയല്‍ ആന്‍ഡ്രൂസിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ശ്രമിക്കുന്നത്. 
ക്രിസ്ത്യന്‍ സ്‌കൂളുകള്‍ക്ക് നേരെയുള്ള ഈ കടന്നാക്രമണം അവസാനിപ്പിക്കാന്‍ വിക്ടോറിയന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടാന്‍ എല്ലാവരും പ്രാദേശിക എംപിമാര്‍ക്കും പാര്‍ലമെന്ററി നേതാക്കള്‍ക്കും ഇ-മെയില്‍ ചെയ്യണമെന്നും വിക്ടോറിയയിലെ ഇതര വിശ്വാസ സമൂഹങ്ങള്‍ ഈ കാമ്പെയിനില്‍ പങ്കുചേരണമെന്നും മാര്‍ക്ക് സ്‌പെന്‍സര്‍ അഭ്യര്‍ഥിച്ചു.
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.